Advertisment

മണക്കാട്‌ കുന്നത്തുപാറയില്‍ കുടിവെള്ള വിതരണം മുടങ്ങി

author-image
സാബു മാത്യു
New Update

മണക്കാട്‌:   വേനല്‍ രൂക്ഷമായതിനിടയില്‍ കുടിവെള്ളവിതരണം തടസ്സപ്പെട്ടത്‌ ജനങ്ങളെ ദുരിതത്തിലാക്കി. മണക്കാട്‌ ഗ്രാമപഞ്ചായത്തിലെ കുന്നത്തുപാറയിലുള്ള 15-ഓളംവീട്ടുകാരാണ്‌ ആറുമാസത്തോളമായി കൃത്യമായി കുടിവെള്ളം ലഭിക്കാതെ കഷ്‌ടപ്പെടുന്നത്‌.

Advertisment

ഗ്രാമപഞ്ചായത്ത്‌ അധികൃതരും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും പ്രശ്‌നപരിഹാരം കണ്ടെത്തുമെന്ന്‌ പറയുന്നുണ്ടെങ്കിലും നടപടിയായില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. പഴയ ടാങ്കില്‍ നിന്നായിരുന്നു ഇവിടേയ്‌ക്ക്‌ വെള്ളം എത്തിച്ചിരുന്നത്‌.

പ്രളയകാലത്ത്‌ പമ്പുഹൗസില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കണക്ഷന്‍ എടുത്താല്‍ ഇഷ്‌ടംപോലെ ജലം ലഭിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്‌.

പുതിയ കണക്ഷന്‍ നല്‍കുന്നതിന്‌ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു കരാറുകാരന്‍ ഓരോ കണക്ഷനും മൂവായിരം രൂപ വീതം ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്ന്‌ പരാതിയുമായി വാട്ടര്‍ അതോറിറ്റി അധികൃതരെ സമീപിച്ചു. ഇവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ ഒരു കരാരുകാരന്‍ ആയിരം രൂപ നിരക്കില്‍ കണക്ഷനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി.

ഇതേത്തുടര്‍ന്നുണ്ടായ വിരോധം മൂലം ചില കരാറുകാര്‍ ബോധപൂര്‍വ്വം വാല്‍വുകള്‍ അടച്ചുവയ്‌ക്കുന്നതാണ്‌ പൈപ്പ്‌ ലൈനില്‍ വെള്ളം എത്താത്തതെന്നും ആക്ഷേപമുണ്ട്‌.

പമ്പു ഹൗസിലെ ജീവനക്കാരെ സമീപിച്ചപ്പോള്‍ പമ്പു ചെയ്യുന്ന ഉത്തരവാദിത്വമേ ഉള്ളൂവെന്നും എവിടെയൊക്കെ വാല്‍വുകള്‍ ഉണ്ടെന്നത്‌ അറിയില്ലെന്നുമുള്ള മറുപടിയാണ്‌ ലഭിച്ചത്‌.

ഇതേസമയം ഗ്രാമസഭ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്ന സമയത്ത്‌ തലേദിവസം വെള്ളം എത്തുന്നുമുണ്ട്‌. ബോധപൂര്‍വ്വം കുടിവെള്ള വിതരണം മുടക്കുന്നതാണെന്ന സംശയം ഉയരുവാന്‍ കാരണം ഇതാണ്‌.

കൂലിപ്പണിക്കാരായ ഇവര്‍ ഇപ്പോള്‍ പണം നല്‍കി വാഹനത്തില്‍ ആഴ്‌ചയില്‍ രണ്ടു പ്രാവശ്യം വെള്ളം വാങ്ങുന്ന സ്ഥിതിയാണ്‌. ബന്ധപ്പെട്ട അധികൃതരുടെ കുറ്റകരമായ അനാസ്ഥയാണ്‌ കുന്നത്തുപാറയില്‍ കുടിവെള്ള വിതരണം മുടങ്ങുവാന്‍ കാരണമെന്നും പറയേണ്ടിയിരിക്കുന്നു.

Advertisment