Advertisment

ഇടുക്കിയിലെ സിപിഎം അതിക്രമം: തെരെഞ്ഞെടുപ്പ്‌ തോല്‍വിയുടെ പ്രതികാരം - യു ഡി എഫ്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഉടുമ്പഞ്ചോല ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ ബെന്നി തുണ്ടത്തില്‍, ഡി സി സി മെമ്പര്‍ പി ഡി ജോര്‍ജ്ജ്‌ എന്നിവരടക്കമുള്ള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ സി പി ഐ (എം) പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തതില്‍ യു ഡി എഫ്‌ ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും പ്രതിഷേധിച്ചു.

Advertisment

കഴിഞ്ഞ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പിലെ നാണം കെട്ട തോല്‍വിയുടെ പ്രതികാരമാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരേയുണ്ടായ അതിക്രമമെന്നും യു ഡി എഫ്‌ നേതാക്കള്‍ ആരോപിച്ചു.

ഉടുമ്പഞ്ചോല നിയോജക മണ്‌ഡലത്തില്‍ നിന്നും ലഭിക്കുന്ന ഭൂരിപക്ഷം കൊണ്ടു തന്നെ ഇടുക്കി ലോകസഭാ മണ്‌ഡലം വിജയിക്കും എന്നായിരുന്നു സി പി എമ്മിന്റെ അവകാശ വാദം. എന്നാല്‍ ഉടുമ്പന്‍ചോല നിയോജക മണ്‌ഡലത്തില്‍ അപമാനകാരമായ പരാജയമാണ്‌ സി പി എമ്മിന്‌ നേരിടേണ്ടി വന്നത്‌.

നിയോജക മണ്‌ഡലത്തിലെ പത്തില്‍ ഒമ്പതു പഞ്ചായത്തുകളിലും യു ഡി എഫ്‌ ആണ്‌ ഭൂരിപക്ഷം നേടിയത്‌. ഉടുമ്പന്‍ചോല പഞ്ചായത്തില്‍ മാത്രമാണ്‌ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ഭൂരിപക്ഷം നേടിയത്‌. സി പി ഐ എമ്മിന്റെ അക്രമ രാഷ്‌ട്രീയം എല്ലാവര്‍ക്കും മടുത്തിരിക്കുന്നു എന്ന കാര്യം സി പി എം മാത്രം അറിയുന്നില്ല. സി പി ഐ എം അക്രമ രാഷ്‌ട്രീയത്തോട്‌ വിട പറഞ്ഞില്ലെങ്കില്‍ വലിയ വില കൊടുക്കെണ്ടി വരുമെന്ന്‌ യു ഡി എഫ്‌ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ മൂലം ആക്രി കച്ചവടക്കാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ ശെല്‍വരാജ്‌ മരിച്ച സംഭവത്തിന്‌ പിന്നില്‍ രാഷ്‌ട്രീയ വിരോധം ഇല്ലെന്നും എല്ലാവര്‍ക്കും അറിയാം. ശെല്‍വാരാജിന്റെ മരണം രാഷ്‌ട്രീയ കൊലപാതകമാക്കാനുള്ള സി പി എമ്മിന്റെ നീക്കം തീ കൊണ്ട്‌ തല ചൊറിയുന്നതു പോലെയാണ്‌.

യു ഡി എഫ്‌ പ്രവര്‍ത്തകരെ കള്ള കേസ്സില്‍ കുടുക്കിയാല്‍ അതിനെതിരെ ഏതറ്റം വരെയും പടപൊരുതുമെന്നും യു ഡി എഫ്‌ നേതാക്കാള്‍ മുന്നറിയിപ്പ്‌ നല്‍കി. വന്ന്‌ വന്ന്‌ സി പി ഐ എം പ്രവര്‍ത്തകാര്‍ക്കും അനുഭാവികള്‍ക്കുമല്ലാതെ മറ്റാര്‍ക്കും പോലീസില്‍ നിന്നും നീതി ലഭിക്കാത്ത സ്ഥിതി ആയിരിക്കുന്നു.

ഏത്‌ കേസും ഏത്‌ ഘട്ടത്തിലും അട്ടിമറിക്കുന്ന പോലീസില്‍ സാധാരണ ജനങ്ങള്‍ക്ക്‌ വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുന്നു.  ശെല്‍വരാജിന്റെ മരണത്തെ പറ്റി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും യു ഡി എഫ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

Advertisment