Advertisment

വണ്ണപ്പുറം പഞ്ചായത്തിലെ കർഷകരുടെ കുടിയിറക്കം: സർവ്വകക്ഷി യോഗം നടന്നു

author-image
സാബു മാത്യു
Updated On
New Update

വണ്ണപ്പുറം:  വണ്ണപ്പുറം പഞ്ചായത്തിലെ കർഷകരുടെ കുടിയിറക്കുമായി ബന്ധപ്പെട്ട് ഇന്നലെ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ വിവിധ രാഷ്ട്രീയ നേതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ സർവ്വകക്ഷി യോഗം നടന്നു.യോഗത്തിൽ വണ്ണപ്പുറം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.എച്ച് അസ്സീസ്സ് അദ്ധ്യക്ഷത വഹിച്ചു.

Advertisment

ഈ പഞ്ചായത്തിലെ കർഷകരോട് വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുന്ന അനീതിക്കെതിരെ ഒന്നടങ്കം സമര പരിപാടികളുമായി മുന്നോട്ട് പോകുവാൻ യോഗം തീരുമാനിച്ചു.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോട്ടപ്പാറയിൽ വി.കെ കുഞ്ഞൻ വിളക്കുമാടത്തിന്റെ രണ്ടു വർഷം പ്രായമായ റബർ തൈകളും, തെങ്ങും, കപ്പയും മറ്റു കൃഷി ദേഹണ്ഡങ്ങളും വെട്ടി നശിപ്പിച്ച് കളഞ്ഞു.

കൂടാതെ സരിത വി.കെ വിളക്കുമാടത്ത്, രാമൻ അമ്പതേക്കർ ഭവൻ എന്നിവരുടെയും കൃഷികൾ നശിപ്പിച്ചു കളഞ്ഞു. അമ്പതിലേറെ വർഷങ്ങൾക്ക് മുമ്പ് കൈവശത്തിലിരിക്കുന്ന ഭൂമിയാണിത്.കൂടാതെ ജെ.വി നമ്പറും നിലവിലുണ്ട്. മൂന്നാമത്തെ പ്രാവശ്യം റീ പ്ലാൻറ് ചെയ്ത റബർ തൈകളാണ് ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചു കളഞ്ഞത്.

കൂടാതെ ഈ പഞ്ചായത്തിൽ കള്ളിപ്പാറ വാർഡിൽ പടിക്കകം ഭാഗത്തു താമസിക്കുന്ന ജേക്കബ്ബ് ചാക്കോ അമ്പഴത്തിങ്കലിനെയും കുടിയിറക്കുവാൻ വനം വകുപ്പ് അധികൃതരുടെ നീക്കം നാളുകളായി തുടങ്ങിയിട്ട്.കൂടാതെ ഈ മേഖല അതി മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.

ഇവിടെയും കോട്ടപ്പാറയിലും ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് വന്നു കൊണ്ടിരിക്കുന്നത്.ഈ മേഖലയിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അതിനെ നശിപ്പിക്കുകയാണ് വനം വകുപ്പ് അധികൃതർ ചെയ്യുന്നത്.

സർവ്വകക്ഷി യോഗത്തിൽ നൂറ്റിയൊന്ന് പേരടങ്ങുന്ന ഒരു ആക്ഷൻ കൗൺസിലിന് രൂപം നൽകി. ആക്ഷൻ കൗൺസിലിന്റെ ചെയർമാനായി കെ.എം സോമൻ ,കൺവീനറായി സണ്ണി കള്ളപ്പുര, സെക്രട്ടറിയായി സജി കണ്ണംമ്പുഴ, രക്ഷാധികാരിയായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച് അസ്സീസ്സിനെയും തിരഞ്ഞെടുത്തു.

Advertisment