Advertisment

എടപ്പാളില്‍ അപകടത്തില്‍ പൊലിഞ്ഞത് ആനിക്കാട് ഗ്രാമത്തിന്റെ പ്രിയ കൂട്ടുകാരന്‍

New Update

കോട്ടയം: ഞായറാഴ്ച മലപ്പുറത്തെ എടപ്പാളില്‍ ബൈക്കപകടത്തില്‍ പൊലിഞ്ഞത് ആനിക്കാട്ടെ ഒരു ഗ്രാമത്തിന് മുഴുവന്‍ പ്രിയങ്കരനായിരുന്ന ക്ലിന്റോ എന്ന 22 കാരനാണ്. നാട്ടിലെ പ്രാദേശിക ക്ലബ്ബിലും ആനിക്കാട് സെന്റ്‌. മേരീസ് ചര്‍ച്ചിലെ യുവജന പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്ന ക്ലിന്റോയുടെ വിയോഗം ഈ നാടിന് താങ്ങാവുന്നതിലും അപ്പുറമാണ്.

Advertisment

publive-image

നേരത്തെ ചെത്തിപ്പുഴ ഹോസ്പിറ്റലില്‍ ടെക്നീഷ്യന്‍ കോഴ്സ് കഴിഞ്ഞിറങ്ങിയ ക്ലിന്റോ ഏതാനും നാളുകള്‍ക്ക് മുമ്പ് മാത്രമാണ് എടപ്പാളിലെ ശ്രീവല്‍സം ഹോസ്പിറ്റലില്‍ ടെക്നീഷ്യന്‍ ആയി ജോലിയില്‍ പ്രവേശിക്കുന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെ സംസ്ഥാന പാതയില്‍ എടപ്പാളിന് സമീപം പുള്ളുവന്‍ പടിയില്‍ ഉണ്ടായ അപകടത്തിലാണ് ക്ലിന്റോയുടെ മരണം.

ക്ലിന്റോയും ശ്രീവല്‍സം ഹോസ്പിറ്റലിലെ ഡോക്ടറും ഒന്നിച്ച് വാളാഞ്ചേരിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു അപകടം. ഡോ. ജോസഫ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ബൈക്ക് നിയന്ത്രണം വിട്ട് റോഡ്‌ വശത്തെ നടപ്പാതയിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഇതിനിടെ പിന്നിലിരുന്ന ക്ലിന്റോ നടപ്പാതയിലെ സ്ലാബിലേക്ക് തലയിടിച്ച് വീണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡോക്ടര്‍ സാരമായ പരിക്കുകളോടെ രക്ഷപെട്ടു.

ക്ലിന്റോയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നെരത്തോടെ പള്ളിക്കത്തോട് ആനിക്കാട്ടെ വസതിയില്‍ എത്തിക്കും.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ്‌ മേരീസ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും. ആനിക്കാട് കവുങ്ങുംപാലം ചിറയ്ക്കല്‍ വിനോദിന്റെ മകനാണ് ക്ലിന്റോ.  അറമാനൂര്‍ കുഞ്ചറക്കാട്ടില്‍ കുടുംബാംഗമാണ് അമ്മ റെജി. സി വി ക്ലെയര്‍ ആണ് ഏക സഹോദരി.

Advertisment