Advertisment

കോഴാ - നാടുകുന്ന്‌ ലൈനില്‍ വൈദ്യുതിയുളള സമയമില്ല

New Update

കുറവിലങ്ങാട്‌:  കോഴാ-ഇലയ്‌ക്കാട്‌ ഗ്രാമവാസികള്‍ക്ക്‌ അപൂര്‍വമായെ വൈദ്യുതി ലഭിക്കാറുളളു. മണിക്കൂറില്‍ നിരവധി തവണ വൈദ്യുതി മുടങ്ങും. തുടര്‍ന്നുണ്ടാകുന്ന വോള്‍ട്ടേജ്‌ വ്യതിയാനം മൂലം ലൈറ്റുകള്‍, ഫാന്‍, മിക്‌സി, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മോട്ടര്‍പമ്പ്‌ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ നഷ്‌ടമാകുന്നത്‌ പതിവാണ്‌.

Advertisment

മിക്ക ദിവസവും പകല്‍ സമയത്ത്‌ വൈദ്യുതിയില്ല. ഓഫീസില്‍ വിളിച്ച്‌ പരാതി പറഞ്ഞാല്‍ നിസഹായാവസ്‌ഥ പറഞ്ഞ്‌ ജീവനക്കാന്‍ ഒഴിവാകുകയാണ്‌ പതിവ്‌. കൂടുതല്‍ പരാതി പറഞ്ഞാല്‍ മരങ്ങാട്ടുപിളളിയില്‍ വിളിക്കാനാവും മറുപടി. ഒന്നിലധികം തവണ വിളിച്ചാല്‍ ഫോണ്‍ ഡിസ്‌കണക്‌ടായ സന്ദേശമാണ്‌ ലഭിക്കുന്നത്‌.

publive-image

രാത്രി സമയത്ത്‌ ഫോണ്‍ എടുക്കാറേയില്ല. ഇതിനെതിരെ കുറവിലങ്ങാട്‌ പഞ്ചായത്തിലെ നാല്‌, അഞ്ച്‌ വാര്‍ഡുകളിലെ വൈദ്യുതി ഉപഭോക്താക്കള്‍ സമരത്തിന്‌ ഒരുങ്ങുകയാണ്‌.

പഞ്ചായത്തംഗം ഷൈജു പാവുത്തിയേലിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സാമൂദായിക-സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ കഴിഞ്ഞ ദിവസം സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. കോഴാ മുതല്‍ മണ്ണയ്‌ക്കനാട്‌ വരെ വൈദ്യുതി വിതരണം നടത്തുന്നതിന്‌ ക്രമീകരിച്ചിരുന്ന സംവിധാനം ദുര്‍വിനിയോഗം ചെയ്‌തതാണ്‌ പ്രതിസന്ധിക്ക്‌ കാരണം.

കുറവിലങ്ങാട്‌ സബ്‌ സ്‌റ്റേഷനുകളില്‍ നിന്ന്‌ നാടുകുന്ന്‌ വരെ സപ്ലൈ നടത്തുകയും ഇടയാലിയില്‍ നിന്ന്‌ ഇലയ്‌ക്കാട്‌-നരിവേലി ഭാഗത്തേക്കും കോഴാ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന്‌ ചെറുമല ഭാഗത്തേക്കും വൈദ്യുതി വിതരണം നടത്തിയിരുന്നത്‌. എന്നാല്‍ സബ്‌ സ്‌റ്റേഷനില്‍ നിന്ന്‌ മരങ്ങാട്ടുപിളളി സെക്ഷന്‍ ഓഫീസിന്‌ കീഴിലേക്ക്‌ കൊണ്ടുപോയിരുന്ന ലൈനില്‍ നിന്ന്‌ കോഴാ നാടുകുന്ന്‌ ലൈന്‍ ചാര്‍ജ്‌ ചെയ്‌തതോടെയാണ്‌ വൈദ്യുതി മുടക്കം ആരംഭിച്ചത്‌.

കെ.എസ്‌.ഇ.ബി മരങ്ങാട്ടുപിള്ളി സെക്ഷന്റെ കീഴിലുള്ള വിവിധ സ്‌ഥലങ്ങളിലേക്ക്‌ വൈദ്യുതി വിതരണത്തിനുപയോഗിച്ചിരിക്കുന്ന ഫീഡറില്‍ നിന്നാണ്‌ കോഴാ-നാടുകുന്ന്‌ മേഖലയില്‍ വൈദ്യുതി വിതരണം നടത്തുന്നത്‌. ഇതുമൂലം മരങ്ങാട്ടുപിള്ളിയുടെ കീഴില്‍ വരുന്നതും കോഴായില്‍ നിന്ന്‌ പതിനാല്‌ കിലോമീറ്ററുകള്‍ ദൂരേയുള്ള പടിഞ്ഞാറ്റിന്‍കര വരെ അനുഭവപ്പെടുന്ന വൈദ്യുതി തകരാര്‍ കോഴാ-നാടുകുന്ന്‌ ഇലയ്‌ക്കാട്‌, മണ്ണയ്‌ക്കനാട്‌ മേഖലയിലെ ഗുണഭോക്താക്കളെയും ബാധിക്കുന്നു.

അശാസ്‌ത്രീയമായ വിതരണ സംവിധാനങ്ങളുടേയും കാര്യക്ഷമമല്ലാത്ത നടപടികളുമാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. അടിക്കടി വൈദ്യുതി മുടങ്ങുകയും വോള്‍ട്ടേജ്‌ വിത്യാസം മൂലം വൈദ്യുത ഉപകരണങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുന്നതിനുമെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മന്ത്രി എം.എം മണി വൈദ്യുതി വകുപ്പ്‌ ചീഫ്‌ എന്‍ജിനീയര്‍ ഉള്‍പ്പെടെയുളള മേധാവികള്‍ക്ക്‌ പരാതി നല്‍കി.

Advertisment