Advertisment

ലേബര്‍ ഇന്‍ഡ്യയില്‍ യു. എന്‍. അസംബ്ലി പുനരാവിഷ്‌ക്കരിക്കുന്നു - ജനുവരി 13 മുതല്‍ 15 വരെ തീയതികളില്‍

New Update

മരങ്ങാട്ടുപള്ളി:  ലേബര്‍ ഇന്‍ഡ്യാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ എം.ജി. യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കേരളത്തിലെ വിവിധ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് മാതൃക ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്നു.

Advertisment

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലെ അദ്ധ്യാപകവിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഈ സംരംഭത്തില്‍ പങ്കെടുക്കും. മുന്‍ യു. എന്‍. പ്രതിനിധിയും, അമേരിക്കന്‍ അംബാസിഡറും ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന റ്റി. പി. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് യു. എന്‍. അസംബ്ലി പുനരാവിഷ്‌കരിക്കുന്നത്.

ഒരു ലോകം, ഒരു രാജ്യം, ഒരു ജനത എന്ന വിശ്വദര്‍ശനം യുവമനസ്സുകളില്‍ വിളംബരം ചെയുകയെന്നതും ലോകക്ഷേമത്തിനായും, സമാധാനത്തിനായും സ്ഥാപിതമായ ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തന രീതിയും വര്‍ത്തമാനകാല പ്രസക്തിയും നേരിട്ട് ബോധ്യപ്പെടുത്തുകയുമാണ് ഈ നവസംരംഭം കൊണ്ട് ലേബര്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആശയം.

ജനുവരി 13 ന് രാവിലെ 10 മണിക്ക് മരങ്ങാട്ടുപള്ളി ലേബര്‍ ഇന്‍ഡ്യ ഹില്‍സിലുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ മാതൃക യു. എന്‍. ആവിഷ്‌കൃതമാകും. ട്രെയിനിങ് പ്രോഗ്രാം, സെക്യൂരിറ്റി കൗണ്‍സില്‍, ജനറല്‍ അസംബ്ലി തുടങ്ങിയ യു.എന്‍. യോഗങ്ങള്‍ ഇതിനോടനുബന്ധിച്ചു നടക്കും.

ഐക്യരാഷ്ട്ര സംഘടന ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഇന്‍ഡ്യ-പാക് വിഷയം, ആഗോളഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.

193 രാജ്യങ്ങളുടെ പതാകയേന്തി അതാത് രാജ്യങ്ങളിലെ വേഷവിധാനങ്ങളോടെ കുട്ടികള്‍ നയിക്കുന്ന യു. എന്‍. സാംസ്‌കാരിക ഘോഷയാത്രയും മരങ്ങാട്ടുപിള്ളിയില്‍ നടക്കും. തുടര്‍ന്ന് നടക്കുന്ന ഭക്ഷ്യമേളയില്‍ വിവിധ രാജ്യങ്ങളിലെ തനത് ഭക്ഷണ പ്രദര്‍ശനവും ഉണ്ടാകും. 15-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മികച്ച യു. എന്‍. ഡെലിഗേറ്റിന് സമ്മാനദാനവും ഉണ്ടായിരിക്കും.

മോഡല്‍ യു.എന്‍. കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്നുണ്ടെങ്കിലും ഐക്യരാഷ്ട്ര സഭ പുനരാവിഷ്‌കരിക്കുന്നത് കേരളത്തില്‍ ഇതു രണ്ടാം തവണയാണ്, 2016 ല്‍ ലേബര്‍ ഇന്‍ഡ്യയില്‍ നടന്ന യു. എന്‍. റെപ്ലിക്കയില്‍ തിരഞ്ഞെടുത്ത 25 കോളേജുകളില്‍ നിന്നായി 125 പേര്‍ പങ്കെടുത്തു.

ദേശീയതലത്തില്‍ 2017ലും 2018ലും പഞ്ചാബിലെ ലുധിയാനയില്‍ സെയിന്റ്‌പോള്‍ മിറ്റല്‍ സ്‌കൂളില്‍ ലേബര്‍ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. യു. എന്‍. റെപ്ലിക്കയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള വാഹന-ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - 7012454889, 9207719701

Advertisment