Advertisment

ക്രൈസ്തവ സഭയുടെ ആതുരസേവനങ്ങള്‍ മഹത്തരം - മാര്‍ മാത്യു അറയ്ക്കല്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കാഞ്ഞിരപ്പള്ളി:  അഗതികള്‍ക്കും അശരണര്‍ക്കും ആലംബമേകിയുള്ള ക്രൈസ്തവ സഭയുടെ ആതുരസേവനങ്ങള്‍ മഹത്തരങ്ങളാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ജീവിതപ്രതിസന്ധിയില്‍ വലയുന്ന അനേകായിരങ്ങള്‍ക്ക് വെളിച്ചം പകര്‍ന്നേകി കൈപിടിച്ചു മുന്നോട്ടുനയിക്കുന്ന ശുശ്രൂഷ സഭയുടെ മുഖമാണ്. ഈ മുഖം ദര്‍ശിക്കാന്‍ കഴിയാതെയാണ് പലരും സഭയ്‌ക്കെതിരെ നിരന്തരം ആക്ഷേപങ്ങളുന്നയിക്കുന്നത്. വൈദികരും സന്യസ്തരും നേതൃത്വം കൊടുക്കുന്ന വലിയ സേവനശുശ്രൂഷകളുടെ ഗുണഫലം അനുഭവിക്കുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമൊന്നാകെയാണ്.

publive-image

ഈ ശുശ്രൂഷയില്‍ ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവുമില്ല. വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന മനുഷ്യരെന്ന വിശാല കാഴ്ചപ്പാടുമാത്രമേയുള്ളൂ. ഈ നിസ്വാര്‍ത്ഥ സേവനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍പോലും ഫലപ്രദമായി ഇടപെടല്‍ നടത്താതിരിക്കുമ്പോള്‍ സഭയുടെ ശുശ്രൂഷാഭവനങ്ങളില്‍ ആയിരങ്ങള്‍ ആശ്വാസം കണ്ടെത്തുന്നുണ്ടെന്നും എന്തു ത്യാഗം സഹിച്ചും സഭ ഈ ശുശ്രൂഷ തുടരുമെന്നും മാര്‍ അറയ്ക്കല്‍ പറഞ്ഞു.

രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വികാരിജനറാള്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി ആമുഖപ്രഭാഷണവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോയി വെട്ടിക്കുഴി, എം.ജി.യൂണിവേഴ്‌സിറ്റി ബി.എ.ഒന്നാം റാങ്ക് ജേതാവ് സ്‌നേഹമോള്‍ ജോസ് എന്നിവരെ സമ്മേളനത്തില്‍ അനുമോദിച്ചു. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഫൊറോനകളുടെയും, ദേവാലയങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രൂപതാ മാപ്പ് മാര്‍ മാത്യു അറയ്ക്കല്‍ പ്രകാശനം ചെയ്തു.

'സഭയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍: പ്രസക്തിയും വെല്ലുവിളികളും'' എന്ന വിഷയത്തില്‍ സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ.റോയി വടക്കേല്‍ ക്ലാസ്സ് നയിച്ചു. വികാരിജനറാള്‍ റവ. ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ മോഡറേറ്ററായി. ചാരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ പെരുനിലം, സെക്രട്ടറി എം.എം.ജോര്‍ജ് മുത്തോലില്‍, ഡോ.ജൂബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍, സാമ്പത്തിക സംവരണം, മാധ്യമജാഗ്രത, ഭൂപ്രശ്‌നങ്ങള്‍ തുടങ്ങി സഭയും സമൂഹവുമായി ബന്ധപ്പെടുന്ന ആനുകാലിക വിഷയങ്ങളും വിവിധ കമ്മീഷനുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും സമ്മേളനത്തില്‍ ചര്‍ച്ചചെയ്തു.

പുരയിടം-തോട്ടം പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: പാസ്റ്ററല്‍ കൗണ്‍സില്‍

വിവിധ വില്ലേജുകളിലായി 40,000-ത്തോളം കുടുംബങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പുരയിടം-തോട്ടം പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി പരിഹാരം കണ്ടെത്തണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍.

റവന്യൂ മനുവല്‍പ്രകാരം വസ്തു രണ്ടിനമാണുള്ളത്. പുരയിടവും നിലവും. 3 സെന്റ് സ്ഥലമുള്ളവരെപ്പോലും തോട്ടത്തിന്റെ പരിധിയില്‍ വരുത്തിയിരിക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ല. റവന്യു രേഖയിലും സെറ്റില്‍മെന്റ് രജിസ്റ്ററിലും 'പുരയിട'ത്തിനുപകരം 'തോട്ടം' എന്നു തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതുമൂലം ഭൂ ഉടമകള്‍ക്ക് വസ്തു കൈമാറ്റം ചെയ്യുവാനോ, ഭാഗ ഉടമ്പടി നടത്തുവാനോ, മക്കള്‍ക്ക് ഇഷ്ടദാനം നല്‍കുവാനോ, മുറിച്ച് വില്‍ക്കുവാനോ, മറിച്ച് വില്‍ക്കുവാനോ സാധിക്കുന്നില്ല.

2 സെന്റ് സ്ഥലം ഉള്ളവര്‍ക്ക് മുതല്‍ ഇത് ബാധകമാണ്. പുതിയ വീടു നിര്‍മാണത്തിനും വീട് പുനരുദ്ധരിക്കുന്നതിനും ആവശ്യമായ പെര്‍മിറ്റ് പഞ്ചായത്ത് നിഷേധിക്കുന്നു. വസ്തു പേരില്‍ കൂട്ടി എടുക്കുവാന്‍ സാധിക്കുന്നില്ല. രജിസ്ട്രേഷന്‍ തടയപ്പെടുന്നു. ലൈഫ് ഭവന നിര്‍മാണം തടസപ്പെടുന്നു. ബാങ്കുകള്‍ ഭൂമി ഈടു വസ്തുവായി പിടിക്കുന്നില്ല. തന്മൂലം വായ്പ ലഭിക്കുന്നില്ല.

ഭൂമിയുടെ മൂല്യം കുത്തനെ ഇടിയുന്നു. വായ്പ തോത് കുറയുന്നു. ഉത്പാദന കുറവ്, കാലാവസ്ഥ വ്യതിയാനം, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍മൂലം കടക്കെണിയിലായ കര്‍ഷകര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വന്തം ഭൂമി മുറിച്ചു വില്‍ക്കാനാവാത്ത ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാതെ തിരുത്തലുകള്‍ വരുത്തി പരിഹരിക്കപ്പെടണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Advertisment