Advertisment

സാമ്പത്തിക മാന്ദ്യത്തിനെതിരെ തോമസ് ഐസകിന്റെ ബദല്‍ നയം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിലും ബദല്‍നയങ്ങളുയര്‍ത്തി കേരളത്തെ മുന്നോട്ടുനയിക്കാനുള്ള പദ്ധതികള്‍ വിവരിച്ച് മന്ത്രി ഡോ. ടി എം തോമസ് ഐസക്. കടനാട് കൊല്ലപ്പള്ളിയിലെ സംവാദത്തിലും മുത്തോലിയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച വികസനചര്‍ച്ചയിലും പങ്കെടുത്ത മന്ത്രി വിവിധമേഖലകളില്‍നിന്നുള്ളവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

Advertisment

ഓണത്തിരക്ക് എങ്ങനെയുണ്ടെന്ന ചോദ്യത്തോടെയാണ് കൊല്ലപ്പള്ളിയില്‍ തോമസ് ഐസക് സംവാദത്തിന് തുടക്കമിട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ദിവസേന ശരാശരി 1000 കോടി രൂപവീതം 7000 കോടിയിലേറെ രൂപ ട്രഷറിയില്‍നിന്ന് വിപണിയിലേക്ക് എത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിപണിയില്‍ ചലനമുണ്ടാക്കാന്‍ ഇതുവഴി കഴിഞ്ഞു.

അടിസ്ഥാനസൗകര്യ മേഖലയിലെ വികസനത്തിന് 50,000 കോടി രൂപ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി വിശദമായ മറുപടി നല്‍കി. സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ പരിധിയുള്ള സാഹചര്യത്തിലാണ് ഫണ്ട് കണ്ടെത്താന്‍ കിഫ്ബി രൂപീകരിച്ചത്. കമ്പനിക്ക് സര്‍ക്കാര്‍ ഈടുനല്‍കുകവഴി ആഗോളതലത്തില്‍ വിശ്വാസ്യത ആര്‍ജിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ജിഎസ്ടി സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കുറയ്ക്കും. ചെറുകിടക്കാര്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതിലെ പാളിച്ചകളും മന്ത്രി അക്കമിട്ടു നിരത്തി.

മോട്ടോര്‍ വാഹന നിയമഭേദഗതി സംബന്ധിച്ച സര്‍ക്കാര്‍ നിലപാടും മന്ത്രി വ്യക്തമാക്കി. ഗതാഗതനിയമ ലംഘനത്തിന് പിഴ ആവശ്യമാണ്. പക്ഷേ കുത്തനെ കൂട്ടാന്‍ പാടില്ലായിരുന്നു. കേരളത്തില്‍ ഭേദഗതി വിജ്ഞാപനം ഇറങ്ങിയിട്ടില്ല. ഓണം കഴിഞ്ഞേ തുടര്‍നടപടി ആലോചിക്കൂ.

റബര്‍ മേഖലയില്‍ സിയാല്‍ മോഡല്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാകുകയാണ്. മീനച്ചിലാറുള്‍പ്പെടെ നദികളുടെ പുനരുജ്ജീവനം ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സദസില്‍നിന്നുയര്‍ന്ന ആവശ്യപ്രകാരം മീനച്ചിലാറിന്റെ കൈവഴിയായ കൊല്ലപ്പള്ളി തോട് മന്ത്രി സന്ദര്‍ശിച്ചു.

ബദല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കി നവകേരള നിര്‍മാണുമായി മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപിന്തുണ ഉറപ്പിക്കുന്നതാകണം ഉപതെരഞ്ഞെടുപ്പുഫലമെന്നും മന്ത്രി പറഞ്ഞു.

കൊല്ലപ്പള്ളിയില്‍ കടനാട് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി ആര്‍ സാബു പൂവത്തിങ്കല്‍ അധ്യക്ഷനായി. സി കെ ഹരീന്ദ്രന്‍ എംഎല്‍എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, പ്രൊഫ. അഗസ്റ്റിന്‍ ഇടശേരി എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ പുത്തന്‍കണ്ടം സ്വാഗതം പറഞ്ഞു.

മുത്തോലിയില്‍ ചേര്‍ന്ന വികസനചര്‍ച്ചയില്‍ വ്യാപാരികള്‍ ഉന്നയിച്ച വിവിധ പ്രശ്‌നങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി. ബി അജിത്കുമാര്‍ അധ്യക്ഷ വഹിച്ചു. വി കെ സി മമ്മദ്‌കോയ എംഎല്‍എ, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, ജെയ്ക് സി തോമസ്, കെ എം രാധാകൃഷ്ണന്‍, ടി ആര്‍ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment