Advertisment

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം പാലായില്‍ ഫുട്‌ബോള്‍ ചൂടും

New Update

പാലാ:  പാലായില്‍ തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഫുട്‌ബോള്‍ ചൂടും. സ്‌കൂളുകള്‍ അടച്ചതോടെ പാലായില്‍ അവധിക്കാല ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിനു തുടക്കമായതാണ് കുട്ടികളെ ഫുട്‌ബോള്‍ ചൂടിലാക്കിയത്.

Advertisment

പാലാ സ്‌പോര്‍ട്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബും സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്ടും ചേര്‍ന്ന് കോട്ടയം ജില്ലയിലെ ആറു വയസിനും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി അവധിക്കാല ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചത്. ലോകകപ്പ് ഫുട്‌ബോള്‍ കഴിഞ്ഞതോടെ കുട്ടികള്‍ ഫുട്‌ബോള്‍ ആരാധകരായി മാറിയിരുന്നു.

publive-image

കുട്ടികള്‍ക്ക് ആവേശം വിതറി പോര്‍ച്ചുഗീസുകാരനായ ജാവോ പെഡ്രോ ഫിലിപ്പ് സാല്‍ഗ്യൂറോ ആണ് പരിശീലകനായി പാലായില്‍ എത്തിയത്. പാലായുടെ ചരിത്രത്തിലാദ്യമായിട്ടാണ് കുട്ടികള്‍ക്കായി ഒരു വിദേശ കോച്ച് പരിശീലനത്തിനെത്തുന്നത്.

യു ഇ എഫ് എ സര്‍ട്ടിഫിക്കേറ്റുള്ള പെഡ്രോ സ്‌കോട്ട്‌ലാന്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ പരിശീലകനായിരിക്കെയാണ് പാലായില്‍ എത്തിയിരിക്കുന്നത്. സ്‌കോട്ട്‌ലാന്റില്‍ അണ്ടര്‍13, 15, 18 ടീമുകളെ പരിശീലിപ്പിച്ചിരുന്ന പെഡ്രോ വരുന്ന രണ്ടു മാസം പാലായില്‍ താമസിച്ചാണ് പരിശീലനം നല്‍കുന്നത്.

പാലായിലെ ചെറിയാന്‍ ജെ. കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ രാവിലെയും വൈകിട്ടുമായി ആഴ്ചയില്‍ മൂന്നു ദിവസമാണ് പരിശീലനം. മികവു പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി തുടര്‍ച്ചയായ പരിശീലനമാണ് പാലാ ഫുട്‌ബോള്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ലക്ഷ്യമിടുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു. 200 ലധികം കുട്ടികള്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യ പരിശീലനത്തിന് ഇന്ന് (02/04/2019) തുടക്കം കുറിക്കും.

ക്യാമ്പിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ നിര്‍വ്വഹിച്ചു. എ.വി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിനു പുളിയ്ക്കക്കണ്ടം, ബിജു പാലൂപടവില്‍, സംസ്ഥാന പെന്‍ഷന്‍ ബോര്‍ഡ് മെമ്പര്‍ ലാലിച്ചന്‍ ജോര്‍ജ്, ഡോ.തങ്കച്ചന്‍ മാത്യു, സജേഷ് ശശി, ബോബന്‍, സതീഷ്‌കുമാര്‍, എം.എ. ലോറന്‍സ്, മില്‍ട്ടണ്‍ ആന്റണി, പ്രദീപ് കുമാര്‍ കെ.എസ്., വിദേശ കോച്ച് പെഡ്രോ എന്നിവര്‍ പ്രസംഗിച്ചു.

Advertisment