Advertisment

അരീക്കരയില്‍ 16 ഭൂരഹിതര്‍ക്ക് സൗജന്യ ഭൂമിദാനം നാലിന്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

ഉഴവൂര്‍:  അരീക്കരയില്‍ 16 ഭൂരഹിതര്‍ക്ക് വീടൊരുക്കാനായുള്ള ഭൂമി ദാനം. പഞ്ചായത്തംഗം ഡോ. സിന്ധുമോള്‍ ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളിലാണ് 16 കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ സ്വന്തം സ്ഥലം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നത്.

Advertisment

വാര്‍ഡിലെ കപ്പടക്കുന്നേല്‍ കുടുംബത്തിന്റെ കാരുണ്യത്തിലാണ് 12 ഭൂരഹിതര്‍ക്ക് ഭൂമി സ്വന്തമാകുന്നത്. പഞ്ചായത്തിലെ ആദ്യകാല അംഗമായിരുന്ന കെ.കെ മാത്യുവിന്റെ സ്മരണാര്‍ത്ഥമാണ് മൂന്ന് മക്കള്‍ ചേര്‍ന്ന് 12 കുടുംബങ്ങള്‍ക്ക് സ്ഥലം സൗജന്യമായി നല്‍കുന്നത്. പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകെ കരുനെച്ചിയിലാണ് വഴിയും വെള്ളവും ഉറപ്പാക്കിയ സ്ഥലം സമ്മാനിക്കുക.

ഭൂരഹിതര്‍ക്ക് സ്ഥലം നല്‍കുന്നതിന് മുന്നോടിയായി ഇവരുടെ പുരയിടത്തിലെ വലിയ കുളം പഞ്ചായത്തിന് കൈമാറി. തുടര്‍ന്ന് എല്ലാവീടുകള്‍ക്കും വഴി സൗകര്യം ഉറപ്പാക്കി 40 സെന്റ് സ്ഥലമാണ് സൗജന്യമായി കൈമാറുന്നത്. ഒരോ കുടുംബങ്ങള്‍ക്കും മൂന്ന് സെന്റ് വീതം സ്ഥലമാണ് നല്‍കുന്നത്. കപ്പടക്കുന്നേല്‍ ജോര്‍ജ് മാത്യു, മാനുവല്‍ മാത്യു, കമാന്‍ഡര്‍ സ്റ്റീഫന്‍ മാത്യു എന്നിവരാണ് ഭൂമി ദാനം ചെയ്തത്.

റിട്ട. അധ്യാപകന്‍ അരീക്കര എറികാട്ട് എ.ഒ ചുമ്മാറിന്റെ കുടുംബം വീടുകള്‍ക്ക് വഴിയൊരുക്കാനായി മാത്രം വിട്ടുനല്‍കിയത് 20 സെന്റ് സ്ഥലമാണ്. ഇതിന് ശേഷം മൂന്ന് വീടുകള്‍ക്കായി 15 സെന്റ് സ്ഥലവും നല്‍കി. അഞ്ചക്കുന്നത്ത് സ്റ്റീഫന്‍ നാല് സെന്റ് സ്ഥലം ഭൂരഹിതനായി സമ്മാനിച്ചു. കുഴിപ്ലാക്കീല്‍-വിലങ്ങുകല്ലുങ്കല്‍ റോഡിനോട് ചേര്‍ന്നാണ് ഈ സ്ഥലം.

16 ഭൂരഹതരില്‍ 11 പേരുടേയും ആധാരവും നടത്തി ഭൂമി കൈമാറ്റത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ലൈഫ്, പിഎംഎവൈ പദ്ധതികളില്‍ വീടുകളുടെ നിര്‍മ്മാണവും ലക്ഷ്യമിടുന്നതായി പഞ്ചായത്തംഗം ഡോ. സിന്ധുമോള്‍ ജേക്കബ് പറഞ്ഞു.

ഭൂമിയുടെ ആധാരകൈമാറ്റം നാലിന് ഉഴവൂര്‍ ടൗണിലെ ഓപ്പണ്‍ സ്റ്റേജില്‍ നടക്കും. അരീക്കര വാര്‍ഡില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതയിലടക്കം ലഭ്യമാക്കിയ ഒരു കോടി രൂപയുടെ റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഭൂമിദാനവും നടക്കുന്നത്.

Advertisment