Advertisment

രാജ്യത്തിനായുള്ള ധീരപോരാട്ടമാണ് പൗരത്വത്തിന് തെളിവ് - ഡിഗ്നിറ്റി കാരവൻ

New Update

പൊന്നാനി:  ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി നടത്തിയ ധീരപോരാട്ടങ്ങളാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നവർക്ക് മറുപടിയായുള്ളതെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഡിഗ്നിറ്റി കാരവൻ.

Advertisment

സോളിഡാരിറ്റിയും എസ്.ഐ.ഒയും സംയുക്തമായി 'തുഹ്ഫയുടെ വീണ്ടെടുപ്പ്, ആത്മാഭിമാനത്തിന്റെ ചുവടുവെപ്പ്' എന്ന തലക്കെട്ടിൽ ഉമർ ഖാളിയുടെ പോരാട്ടമണ്ണിൽ നിന്ന് മഖ്ദൂമുമാരുടെ ഭൂമിയിലേക്കാണ് ഡിഗ്നിറ്റി കാരവൻ സംഘടിപ്പിച്ചത്.

publive-image

കാസർകോട് മുതൽ തിരുവനന്തപുരം വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോരാട്ടഭൂമികളിൽ നിന്ന് 25 ലധികം കാരവനുകളായി വെളിയങ്കോട് ഉമർ ഖാളിയുടെ മണ്ണിലൊന്നിച്ച് പൊന്നാനിയിലേക്ക് റാലിയായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.

ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് സമാപന പൊതുസമ്മേളനം ഉൽഘാടനം ചെയ്തു. ചരിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നാടിനായി പോരാടാൻ നാമൊന്നിക്കണം. ഭരണഘടനാ മൂല്യങ്ങളെ തിരിച്ച് പിടിക്കാൻ മത ജാതി ഭേദമന്യേ എല്ലാവരും ഒന്നിച്ച് മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാടിന്റെ മോചനത്തിനായി പോരാടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ കാമ്പസുകളും തെരുവുകളും ചരിത്രത്തിന്റെ ആവർത്തനമാണെന്നും ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നത് അവരുടെ പിൻഗാമികളാണെന്നും അധ്യക്ഷത വഹിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി പറഞ്ഞു.

രാജ്യത്തെ എല്ലാവരെയും ബാധിക്കുന്നതാണ് പൗരത്വ പ്രശ്നം. അതേ സമയം സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യാ പദ്ധതിയുടെ ഭാഗമായിക്കൂടി അതിനെ മനസ്സിലാക്കുമ്പോഴേ പ്രതിരോധം സാധ്യമാകൂ എന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു.

മുസ്ലിംകൾ അവരുടെ പ്രശ്നം ഒറ്റക്ക് ഉന്നയിക്കരുതെന്ന് പറയുന്നതും ഹിംസയുടെ ഭാഗമാണെന്നും വോട്ടുബാങ്ക് നിലനിർത്താനുള്ള പരിശ്രമങ്ങൾക്കപ്പുറത്ത് പ്രശ്നപരിഹാരത്തിലേക്കുള്ള ആത്മാർഥ ശ്രമമായി സമരങ്ങൾ മാറണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ചേരമാൻ ജുമാമസ്ജിദ് ഇമാം സൈഫുദ്ദീൻ അവാസിമി, എം.പി മുത്തുക്കോയ മഖ്ദൂം തങ്ങൾ, ആർ യൂസുഫ്, സി.വി ജമീല, അഫീദ അഹ്മദ്, സലിം മമ്പാട്, ശിഹാബ് പൂക്കോട്ടൂർ എന്നിവർ പൊതുസമ്മേളനത്തെ അഭിസംബോധനം ചെയ്തു. ഉമർ അലത്തൂർ സ്വാഗതവും ബിനാസ് ടി.എ നന്ദിയും പറഞ്ഞു.

പതിനായിരങ്ങൾ പങ്കെടുത്ത റാലിയിൽ വിവിധ കലാവിഷ്കാരങ്ങളും നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു. പൊതുസമ്മേളനത്തിൽ അബ്ബാസ് കാളത്തോട് സംവിധാനം ചെയ്ത മാപ്പിള പോരാട്ട ചരിത്രം പറയുന്ന 'വീരപൗരന്മാർ' എന്ന നാടകം അവതരിപ്പിച്ചു.

Advertisment