Advertisment

കാടപ്പെണ്ണിന് രക്ഷയുടെ വാതിൽ തുറന്ന് ടീം വെൽഫയർ, ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

നിലമ്പൂർ:  ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടു പോയ പോത്തൻ കല്ല് പഞ്ചായത്തിലെ വനത്തിനു നടുവിൽ തണ്ടൻ കല്ല് ആദിവാസി ഊരിൽ പക്ഷാഘാതം ബാധിച്ച് തളർന്നു കിടന്നിരുന്ന കാടപ്പെണ്ണെന്ന ആദിവാസി വൃദ്ധയെ അതിസാഹസികമായി സന്നദ്ധ രക്ഷാ സംഘങ്ങളായ ടീം വെൽഫെയറിലെയും ഐ.ആർ.ഡബ്ലിയുവിലെയും അംഗങ്ങൾ ചേർന്നു രക്ഷപ്പെടുത്തി ആരോഗ്യ പ്രവർത്തകർക്ക് കൈമാറി.

Advertisment

കുറേ നാളുകളായി സംസാരശേഷിയും അരക്ക് കീഴ്ഭാഗത്തെ ചലനശേഷിയും നഷ്ടപ്പെട്ട് കാടപ്പെണ്ണ് ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി മൂത്രത്തിൽ പഴപ്പും രക്തവും ബാധിച്ച് വേദന കൊണ്ട് നിലവിളിക്കുന്ന കാടപ്പെണ്ണിനെയാണ് തണ്ടങ്കല്ലിലിലെത്തിയ രക്ഷാപ്രവർത്തകർക്ക് കാണാൻ കഴിഞ്ഞത്. രണ്ടു ദിവസം മുൻപ് ഡോക്ടറും നഴ്സുമടങ്ങുന്ന ആരോഗ്യരക്ഷാ ടീം ഊരിലെത്താൻ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല.

publive-image

ഉരുൾപൊട്ടലിൽ ഇവിടുത്തെ ഒൻപത് വീടുകൾ തകരുകയും വഴിമാറിയൊഴികെയെത്തിയ പുഴ വെള്ളത്തിൽ പ്രദേശമാകെ മുങ്ങുകയും ചെയ്തിരുന്നു. ഒഴുക്കിൽ ഒരു ആദിവാസി യുവാവ് ഒലിച്ചുപോയിരുന്നെങ്കിലും പിന്നീട് രക്ഷപ്പെട്ടു.ഊരിലെത്തുവാനുള്ള ഏക ആശ്രയമായ വനത്തിനു നടുവിലൂടെയുള്ള റോഡ് നാലു കിലോമീറ്ററോളം തകർന്നു പോയതിനാൽ താമസക്കാർക്ക് പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.

പുഴയിലെ ഒഴുക്കു മറികടന്നു ദുർഘടമായ മല കയറി ഊരിലെ പുരുഷൻമാർ മുണ്ടേരി ട്രൈബൽ എൽ .പി .സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയെങ്കിലും കാടപ്പെണ്ണടക്കമുള്ള സ്ത്രീകൾ പുറത്തു കടക്കാനാവാതെ വീടുകളിൽ തന്നെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു.

വാർഡ് മെമ്പർ ഷറഫുന്നിസയോടപ്പം ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സമദ് നെടുമ്പാശ്ശേരി , അംഗങ്ങളായ നാസർ ആറാട്ടുപുഴ ,എം.എച്ച് ഉവൈസ് എന്നിവർ തടസ്സങ്ങൾ തരണം ചെയത് തലേ ദിവസം തന്നെ ഊരിലെത്തുകയും രക്ഷാ പ്രവർത്തനത്തിനുള്ള കാര്യങ്ങൾ ആസുത്രണം ചെയ്യുകയും ചെയ്തിരുന്നു.

രക്ഷാപ്രവർത്തനത്തിലെ ഏറ്റവും വലിയ തടസ്സം വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവും ,ഒരാൾക്ക് മാത്രം ഞെരുങ്ങി കടക്കാൻ കഴിയുന്ന വഴുക്കുന്ന ചെങ്കുത്തായ മലമ്പാതയിലൂടെ രോഗിയെ ചുമന്ന് ഗതാഗതയോഗ്യമായ റോഡിലെത്തിക്കുകയെന്നതുമായിരുന്നു. വനത്തിൽ അകപ്പെട്ടിരുന്ന കാടപ്പെണ്ണിനോടപ്പം മരുമകളെയും പത്ത് വയസ്സിൽ താഴെ പ്രായമുള്ള നാല് പേരക്കുട്ടികളെയും സംഘം രക്ഷപ്പെടുത്തി.

രക്ഷാ സംഘത്തോടപ്പം ദൗത്യത്തിൽ പങ്കെടുക്കാൻ ധൈര്യത്തോടെ മുന്നോട്ട് വന്ന പരിരക്ഷാ വകുപ്പിലെ സിസ്റ്റർ ജയശ്രീ കാടപ്പെണ്ണിന് പ്രഥമ ശ്രുഷകൾ നൽകിയതിനു ശേഷമാണ് പുറത്തെത്തിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

ഇരുപത്തിരണ്ടു പേർ പങ്കെടുത്ത അഞ്ചു മണിക്കൂർ നീണ്ട രക്ഷ പ്രവർത്തനങ്ങൾക്ക് ടീം വെൽഫെയർ സ്റ്റേറ്റ് ക്യാപ്റ്റൻ സമദ് നെടുമ്പാശ്ശേരി ,അംഗങ്ങളായ എം.എച്ച്.ഉവൈസ് ,നാസർ ആറാട്ടുപുഴ ഐ.ആർ. ഡബ്ല്യയു സ്റ്റേറ്റ് കൺവീനർ ഷെമീർ ആലുവ ,അംഗങ്ങളായ കരീം എടവനക്കാട് ,ഷിഹാബ് ,യൂസഫ് പെരിങ്ങാല എന്നിവർ നേതൃത്വം നൽകി.

Advertisment