Advertisment

ഇൻഡോറിലെ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ പ്രതിഷേധിച്ച് സുമിത്രാ മഹാജൻ ; മണ്ഡലത്തിൽ മത്സരിക്കാനില്ല , പാർട്ടിക്ക് ഇഷ്‌ടമുള്ളയാളെ സ്ഥാനാർത്ഥിയാക്കാം

New Update

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തുടർ ഭരണം ലക്ഷ്യമിടുന്ന ബി.ജെ.പിയെ വെട്ടിലാക്കി മുതിർന്ന നേതാക്കളുടെ പടലപ്പിണക്കം രൂക്ഷമാകുന്നു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനിയും മുരളീ മനോഹർ ജോഷിയും രംഗത്ത് വന്നതിന് പിന്നാലെ ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജനും പ്രതിഷേധവുമായെത്തി.

Advertisment

publive-image

തന്റെ സിറ്റിംഗ് മണ്ഡലമായ ഇൻഡോറിലെ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ പ്രതിഷേധിച്ച് സുമിത്രാ മഹാജൻ പാർട്ടി നേതൃത്വത്തിന് എഴുതിയ കത്ത് പുറത്തായി. മണ്ഡലത്തിൽ താൻ മത്സരിക്കാനില്ലെന്നും ഇവിടെ വേറെ ആരെയെങ്കിലും പരിഗണിക്കണമെന്നുമാണ് സുമിത്രയുടെ ആവശ്യം.

ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതൽ തവണ മത്സരിച്ചവരിൽ ഒരാളായ സുമിത്ര ഒരേ മണ്ഡലത്തിൽ നിന്നും ഒരേ പാർട്ടി ടിക്കറ്റിൽ എട്ടു തവണ വിജയിച്ചതിന് ലിംക ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇൻഡോറിൽ നടന്ന ബി.ജെ.പി പരിപാടിയിൽ നിന്നും സുമിത്ര വിട്ട് നിന്നിരുന്നു. സീറ്റ് നൽകാത്തതിന്റെ അതൃപ്തി കാരണമാണെന്നാണ് അതോടെ വാർത്തകൾ പ്രചരിച്ചത്. ഇതിനിടയിലാണ് സുമിത്രയുടെ കത്ത് പുറത്തായത്.

ഇക്കുറി എൽ.കെ.അദ്വാനി, മുരളി മനോഹ‌ർ ജോഷി തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് സ്ഥാനാർത്ഥി ടിക്കറ്റ് നൽകാത്തത് ഏറെ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് 75 വയസുള്ള സുമിത്ര മഹാജനും ടിക്കറ്റില്ലേയെന്ന സംശയം ചില കോണുകളിൽ നിന്നുയർന്നത്. 'ഞാൻ ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 1989ലാണ്. അന്നു മുതൽ ഇന്നുവരെ തനിക്ക് സ്ഥാനാർത്ഥിത്വം നൽകിയത് പാർട്ടിയുടെ സ്വന്തം ഇഷ്‌ടപ്രകാരമാണ്. ഒരിക്കലും ഞാൻ അതിനുവേണ്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സുമിത്ര മഹാജൻ പറഞ്ഞിരുന്നു.

'മദ്ധ്യപ്രദേശിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഇൻഡോർ എന്ന വലിയ നഗരത്തിൽ ആര് സ്ഥാനാർത്ഥിയാകണം എന്നു നിശ്ചയിക്കേണ്ടത് പാർട്ടി തന്നെയാണ്. പാർട്ടി നേതാക്കളുടെ മനസിൽ എന്തെങ്കിലും കാണും. അവർ ഇതേപ്പറ്റി പ്രതികരിക്കാത്തപക്ഷം തനിക്ക് ഒന്നും പറയാനാകില്ല. പാർട്ടി വക്താക്കളോട് ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കാനോ ഇൻഡോറിലെ സ്ഥാനാർത്ഥിത്വം വൈകുന്നതിന്റെ കാരണം തേടി പോകാനോ താനില്ല. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പാർട്ടി സ്വീകരിക്കും.

സ്ഥാനാർത്ഥികളായി മറ്റു നേതാക്കളുടെ പേര് ആലോചിക്കുന്നതിൽ യാതൊരു തെറ്റുമില്ല. അത് തികച്ചും സ്വാഭാവികവും നല്ല തീരുമാനവുമാണ്. മാത്രമല്ല, അതിനർത്ഥം പാർട്ടിയിൽ ശക്തരായ ഒരുപാട് അംഗങ്ങൾ ഉണ്ട് എന്നത് കൂടിയാണ്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നയാൾ തീർച്ചയായും വിജയിക്കും.

മറ്റാരെയെങ്കിലും പരിഗണിച്ചാലും അഭിമാനമേ ഉള്ളൂ. കാരണം ഞാൻ പാർട്ടിയുടെ ഭാഗമാണ്. തിരഞ്ഞെടുപ്പ് ഒരു വ്യക്തിയുടെ പോരാട്ടമല്ല. മറിച്ച് ഒരു പാർട്ടിയുടെ പോരാട്ടമാണ്. ഓരോ സ്ഥാനാർത്ഥിയും ആ പോരാട്ടത്തിൽ പാർട്ടിയെ സഹായിക്കും. ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം വൻ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കുക എന്നതാണെന്നും സുമിത്ര വ്യക്തമാക്കിയിരുന്നു.

Advertisment