Advertisment

സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വധശിക്ഷ ഉറപ്പായപ്പോള്‍ അതൊരു ദയാവധം ആകണെ എന്നായിരുന്നു ആഗ്രഹം ; എന്റെ കുഞ്ഞുങ്ങള്‍ വീഴുമ്പോള്‍ ആര്‍ക്കും കുഴപ്പം വരല്ലേ എന്നായിരുന്നു പ്രാര്‍ത്ഥന ; മരിച്ചു വീഴുമ്പോള്‍ 10 വയസ്സ് പ്രായമെ ഉണ്ടായിരുന്നുള്ളു അവയ്ക്ക്, നൂറിലധികം വര്‍ഷങ്ങളുടെ ആയുസ്സ് ഉണ്ടായിരുന്നു അവര്‍ക്ക് ; മരടില്‍ പൊളിഞ്ഞു വീണ ഫ്‌ളാറ്റുകള്‍ രൂപകല്‍പ്പന ചെയ്ത എഞ്ചിനീയര്‍ പറയുന്നു

New Update

കൊച്ചി : ഡോക്ടർ അനിൽ ജോസഫ് എന്ന പേര് ഒരു പക്ഷേ ആർക്കും അത്ര പരിചിതമാകണമെന്നില്ല. പക്ഷേ ഈ അടുത്ത് പൊളിച്ചു മാറ്റിയ മൂന്നു ഫ്ലാറ്റുകൾ രൂപകൽപന ചെയ്ത ആളാണ് അനിൽ ജോസഫ്. തൻറെ മൂന്ന് മക്കൾ മരിച്ചു വീണതിന്റെ ചങ്ക് പിടയുന്ന അനുഭവത്തിൽ സങ്കടപ്പെടുക ആണ് അദ്ദേഹം ഇപ്പോൾ.

Advertisment

publive-image

അദ്ദേഹത്തിൻറെ വാക്കുകൾ ആരുടേയും കണ്ണുകൾ ഈറൻ അണിയിക്കും. 10 വയസ്സ് ഉണ്ടായിരുന്നുള്ളൂ മരിച്ചു വീഴുമ്പോൾ തന്റെ കുഞ്ഞുങ്ങൾക്ക്, അവർക്ക് നൂറിലധികം വർഷങ്ങൾ ഉണ്ടായിരുന്നു എന്ന് തനിക്കു ഉറപ്പാണ് .

ഒരേ സമയം അദ്ദേഹം പിതാവായും കാലൻ ആയും മാറുകയായിരുന്നു. അറിഞ്ഞോ അറിയാതെയോ അനിൽ രൂപകൽപന ചെയ്ത ഫ്ലാറ്റ് തകർക്കാനായി സർക്കാർ രൂപീകരിച്ച സമിതിയിൽ അംഗമായതോടെയാണ് അനിൽ ജോസഫിനു സംഹാരകൻ റോൾ കൈവന്നത്. ഒരേസമയം സൃഷ്ടിയും സംഹാരവും നിർവഹിക്കേണ്ട ധർമ്മസങ്കടം ഡോക്ടറുടെ വാക്കുകളിൽ വ്യക്തമാണ്.

ഡോ അനിലിന്റെ വാക്കുകള്‍ ഇങ്ങനെ..

നിങ്ങൾക്ക് ലോകത്തുള്ള ഒരുപാട് കെട്ടിടങ്ങൾ തകർത്ത പരിചയമുണ്ടാകാം. പക്ഷേ ഇതല്പം വേറിട്ട കളിയാണ്. കാരണം നിങ്ങൾ കൊല്ലാൻ പോകുന്നത് എന്റെ കുഞ്ഞുങ്ങളെയാണ്. എന്റെ കുഞ്ഞുങ്ങൾ അശക്തരാണെന്ന് എനിക്കൊരിക്കലും പറയാനാകില്ലല്ലോ...’

മരടിലെ മൂന്ന് ഫ്ളാറ്റ് സമുച്ചയങ്ങൾ മണ്ണടിഞ്ഞുകഴിഞ്ഞ് എല്ലാവരിലും ആശ്വാസത്തിന്റെ നെടുവീർപ്പ് ഉയരുന്ന ഈ നിമിഷം ഞാൻ ആലോചിക്കുന്നത് ഇതിലെന്തായിരുന്നു എന്റെ റോൾ എന്നാണ്.

പരമകാരുണികനായ ഈശ്വരൻ എനിക്ക് ബ്രഹ്മാവിന്റെയും ശിവന്റെയും വേഷം തന്നു. വർഷങ്ങൾക്കുമുമ്പ് ആൽഫയും ഹോളിഫെയ്ത്തും ജയിൻ കോറൽകോവും രൂപപ്പെട്ടത് എന്റെ മനസ്സിലാണ്. അവിടെനിന്നാണത് കോൺക്രീറ്റ് രൂപംപൂണ്ടത്. പത്തുവയസ്സേയുണ്ടായിരുന്നുള്ളൂ  മരിച്ചുവീഴുമ്പോൾ എന്റെ കുഞ്ഞുങ്ങൾക്ക്. അവർക്ക് നൂറിലധികം വർഷങ്ങൾ ആയുസ്സുണ്ടായിരുന്നു എന്ന് എനിക്ക് ഉറപ്പാണ്. അവിടെ പാർത്തിരുന്നവരുടെ കുറ്റംകൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്.

ഫ്ളാറ്റുകൾ രൂപകല്പന ചെയ്ത ആളെന്ന നിലയിൽ സർക്കാരിന്റെ വിദഗ്‌ധസമിതിയിൽ ഉൾപ്പെട്ടതോടെയാണ് എന്നിൽ ശിവന്റെ സംഹാരദൗത്യം വന്നുചേർന്നത്. ശനിയാഴ്ച കൺട്രോൾ റൂമിലിരിക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് എനിക്കുതന്നെ കേൾക്കാമായിരുന്നു. എന്റെ വിരലുകളിൽ ജനിച്ചവർ എന്റെ കണ്മുന്നിൽ മരിച്ചുവീഴാൻ പോകുന്നു. കൗണ്ട് ഡൗണിന് ഹൃദയമിടിപ്പിന്റെ താളമായിരുന്നു.

അതുകഴിഞ്ഞ് ആദ്യം ഹോളിഫെയ്ത്ത് വീണപ്പോൾ നെഞ്ചിന്റെഭാരം ഒരല്പംകുറഞ്ഞു. ഈശ്വരാധീനം. ഒന്നുംസംഭവിച്ചില്ല. എല്ലാംപ്രതീക്ഷിച്ചപോലെതന്നെ. എച്ച്.ടു.ഒവിന്റെ പൊളിക്കൽ കൃത്യമായിരുന്നു. ആൽഫയുടെ അല്പം അവശിഷ്ടങ്ങൾ കായലിലേക്ക് വീണു. പൊടിപടലങ്ങളും കൂടുതലായുണ്ടായി. എങ്കിലും വീഴ്ചയുടെ ആംഗിൾ മുൻകൂട്ടിനിശ്ചയിച്ചപോലെതന്നെ.

മൂന്നാമത്തെ സ്ഫോടനം കഴിഞ്ഞയുടൻ രണ്ടുസംഘങ്ങളായി തിരിഞ്ഞ, ഞങ്ങൾ സ്ട്രക്ചറൽ എൻജിനിയർമാർ തൊട്ടടുത്ത വീടുകളിലേക്ക് കുതിച്ചു. ഒരു വീടിനും കുഴപ്പമില്ല. ഹരിയുടെയും അജിയുടെയും ആന്റണിയുടെയും ബെന്നിയുടെയുമെല്ലാം വീടുകൾ സുരക്ഷിതം. അവർ ജനക്കൂട്ടത്തോടൊപ്പം ആഹ്ലാദാരവങ്ങൾ മുഴക്കി. ഞങ്ങൾക്ക് നന്ദി പറഞ്ഞു.

സമ്മിശ്രവികാരമായിരുന്നു എന്റെ ഉള്ളിൽ. സ്വന്തംകുഞ്ഞുങ്ങൾ കൺമുന്നിൽ വീണുടഞ്ഞതിന്റെ വേദന ഒരുഭാഗത്ത്. ഏല്പിച്ച ജോലി പാളിച്ചകളില്ലാതെ ചെയ്യാനായതിന്റെ ചാരിതാർഥ്യം മറ്റൊരുഭാഗത്ത്. അവിടെനിന്ന് ഞാൻ കഴിഞ്ഞുപോയ നാളുകളെക്കുറിച്ചോർത്തു.

ഒക്ടോബർ അഞ്ചിനാണ് ഞാൻ ഫ്ളാറ്റ് പൊളിക്കലിനുള്ള സാങ്കേതികസമിതിയുടെ ഭാഗമാകുന്നത്. അപ്പോഴും മനസ്സിന്റെ കോണിലെവിടെയോ പ്രതീക്ഷയുടെ ഒരുതരി പ്രകാശം ബാക്കിയുണ്ടായിരുന്നു. ചിലപ്പോൾ പരമോന്നത നീതിപീഠം തീരുമാനം തിരുത്തിയാലോ...പക്ഷേ ജസ്റ്റിസ് അരുൺമിശ്ര ഉറച്ചുനിന്നു.

പൊളിക്കലിനുള്ള സംഘത്തെ കണ്ടെത്തുന്നതായിരുന്നു വലിയ വെല്ലുവിളി. വിജയ് സ്റ്റീൽസിനുവേണ്ടി ആനന്ദ് ശർമയെത്തി, സർവാതെയെ നിർദേശിച്ചതോടെയാണ് ഇതിന് ഒരു പരിഹാരമായത്. സബ്കളക്ടർ സ്നേഹൽ കുമാർ സിങ് ഉടൻതന്നെ അദ്ദേഹത്തെ ഉപദേശകനും സാങ്കേതികസമിതിയുടെ അംഗവുമാക്കി.

എഡിഫിസിന്റെ ഉത്കർഷ് മേത്ത ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ജെറ്റ് ഡിമോളിഷന്റെ ജോ ബ്രിങ്ക്മാനൊപ്പം വന്നതോടെ ആത്മവിശ്വാസം കൂടി. ‘പണിയറിയാവുന്നവർ എത്തി’യെന്ന് മനസ്സ് സമാധാനിച്ചു.

ജോയുടെ വൈദഗ്‌ധ്യവും പരിചയസമ്പത്തും കഥയെ മാറ്റിമറിച്ചു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. മൂന്നുമാസം എന്തെങ്കിലും ഒരദ്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചു. താമസക്കാർപോലും പ്രതീക്ഷ നശിച്ചവരായപ്പോഴും ഞാൻ തോൽക്കുന്ന യുദ്ധം നയിക്കുന്നവനെപ്പോലെതന്നെ മനസാ നിന്നു.

ഒടുവിൽ എന്റെ കുഞ്ഞുങ്ങൾക്ക് വധശിക്ഷയെന്ന് ഉറപ്പായപ്പോൾ പ്രാർഥിച്ചത് ഇത്രമാത്രം: ‘അതൊരു ദയാവധമാകണേ...എന്റെ കുഞ്ഞുങ്ങൾ വീഴുമ്പോൾ ആർക്കും ഒരുകുഴപ്പവും വരുത്തരുതേ...’

ദൈവം പ്രാർഥന കേട്ടു. എല്ലാം ഭംഗിയായി നടന്നു. എങ്കിലും മനസ്സ് ചെറുതായി നോവുന്നുണ്ട്. എന്റെ കുഞ്ഞുങ്ങളായിരുന്നല്ലോ അവർ..

Advertisment