Advertisment

മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ മോഷ്ടാവ് ഡ്രാക്കുള സുരേഷ് പാലത്തില്‍ നിന്നു പുഴയിലേക്ക്‌ ചാടി; വെള്ളത്തിലേക്കെന്ന് കരുതി ചാടിയത് വെള്ളമില്ലാത്തിടത്തേയ്ക്ക്; ഗുരുതര പരിക്കോടെ ആശുപത്രിയില്‍; സംഭവം മൂവാറ്റുപുഴയില്‍

New Update

മൂവാറ്റുപുഴ : ‘ജയിലിൽ, ഒളിവിൽ, അല്ലെങ്കിൽ മോഷ്ടിക്കാൻ മാത്രം പുറത്തിറങ്ങുന്നയാൾ’ - ഇതാണ് ഡ്രാക്കുള സുരേഷിനെപ്പറ്റി പൊലീസ് പറയുന്നത്. എപ്പോൾ പുറത്തിറങ്ങിയാലും ഒരു മോഷണം പദ്ധതിയിട്ടിട്ടുണ്ടാകും സുരേഷ്. അതിനു പകലെന്നോ രാത്രിയെന്നോ ഇല്ല. മോഷണശ്രമത്തിനിടെ പിടിയിലായാൽ എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടും. ഇതിനകം 20ൽ അധികം കേസുകളിൽ പ്രതിയാണ് പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ സുരേഷ് (38) എന്ന ഡ്രാക്കുള സുരേഷ്.

Advertisment

publive-image

ഇന്നലെ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ പാലത്തിൽ നിന്നു പുഴയിലേയ്ക്ക് ചാടി സുരേഷിന് ഗുരുതര പരുക്ക്.  രാത്രിയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ പെരുവംമൂഴിയിൽ കെട്ടിട നിർമാണം നടക്കുന്നിടത്ത് തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഇയാൾ മോഷണത്തിന് കയറിപ്പറ്റുകയും പഴ്സുകൾ ഉൾപ്പടെയുളളവ കൈക്കലാക്കുകയും ചെയ്തിരുന്നു.

ഇത് തൊഴിലാളികൾ ഒരാൾ കണ്ടതോടെ ഇറങ്ങി ഓടി പരിസരത്തുള്ള ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. നാട്ടുകാർ ഏറെ തിരഞ്ഞിട്ടും കണ്ടെത്തിയില്ല. പിന്നീട് ഇവിടെ നിന്ന് പുറത്തു കടക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയെങ്കിലും രണ്ടു പേരുടെ കൈ കടിച്ചു മുറിച്ച് വീണ്ടും കാട്ടിലേയ്ക്ക് ഓടി മറഞ്ഞു. നാട്ടുകാർ ഇയാൾക്കായി കുറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ ഇയാളുടെ ബൈക്ക് സ്ഥലത്തിരിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അതിന്റെ ചോക്ക് ഊരിയിട്ട് മോഷ്ടാവിനായി കാത്തിരിക്കുകയായിരുന്നു. രാത്രിയായതോടെ ബൈക്ക് അന്വേഷിച്ചു വന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടുമെന്നായതോടെ പെരുവംമൂഴി പാലത്തിൽ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.

വെള്ളമില്ലാത്ത സ്ഥലത്ത് വീണതിനാൽ ഗുരുതരമായി പരുക്കേറ്റു രക്ഷപെടാൻ സാധിക്കാത്ത അവസ്ഥയിലായി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയാണ് ഇയാളെ പുറത്തു കൊണ്ടുവന്നത്. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ജയിലിനു പുറത്താണെങ്കിൽ പട്ടാപ്പകലും മോഷണം നടത്തുന്ന ഇയാൾ മോഷണം തുടങ്ങിയ കാലത്ത് രാത്രി മോഷണമായിരുന്നു ശീലം. അങ്ങനെ കിട്ടിയതാണ് ഡ്രാക്കുള എന്ന ഇരട്ടപ്പേര്. കഴിഞ്ഞ വർഷം മോഷണത്തിനിടെ പിടിയിലായ ഇയാൾ പൊലീസ് ജിപ്പിന്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും കുപ്പിച്ചില്ല് വിഴുങ്ങി ആത്മഹത്യാ ഭീഷണി നടത്തുകയും ചെയ്തതിന്റെ വിഡിയോ പൊലീസ് തന്നെ ഷൂട്ട് ചെയ്തത് പുറത്തു വന്നിരുന്നു.

publive-image

‌2001 മുതൽ പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളിൽ 20 ൽ പരം കേസുകളുണ്ട് ഇയാൾക്കെതിരെ. അഞ്ചു വർഷം മുൻപ് കോലഞ്ചേരിയിൽ പള്ളിയിൽ മോഷണം നടത്താൻ കയറിയ ഇയാൾ പൊലീസിനെ വലച്ചത് വാർത്തയായിരുന്നു. വെന്റിലേറ്ററിൽ കുടുങ്ങി അവിടെയിരുന്ന് ഉറങ്ങിപ്പോയ ഇയാളെ ഒടുവിൽ പൊലീസെത്തി പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.

മദ്യലഹരിയിലായിരുന്നു ഉറക്കം. പിന്നീട് 2018 ൽ സുരേഷ് പിടിയിലാകുമ്പോൾ രണ്ടു കാലും ഒടിഞ്ഞിരുന്നു. ബൈക്കപകടത്തിൽ പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ നിന്നു മുങ്ങി ഒളിവിൽ കഴിയുന്നതിനിടെയാണു പൊലീസിന്റെ പിടിയിലായത്.

arrest report drakula suresh
Advertisment