Advertisment

പുഴ കടന്ന് വീട്ടിലെത്താല്‍ പാലവും ഗതാഗത സൗകര്യവും ഇല്ല ; അട്ടപ്പാടിയില്‍ വയോധിക ചികിത്സകിട്ടാതെ മരിച്ചു ; മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ശിരുവാണിപ്പുഴയിലൂടെ ശവമഞ്ചത്തില്‍ ചുമന്ന് അക്കരെ കടത്തി

New Update

അഗളി: പുഴ കടന്ന് വീട്ടിലെത്താല്‍ പാലവും ഗതാഗതസൗകര്യവും ഇല്ലാത്തതിനാല്‍ അട്ടപ്പാടിയില്‍ വയോധിക ചികിത്സകിട്ടാതെ മരിച്ചു. മൂച്ചിക്കടവ് സ്വദേശി വേലാത്താളാണ്‌ (90) വൈദ്യസഹായം ലഭിക്കാതെ ബുധനാഴ്ചരാത്രി മരിച്ചത്. തുടര്‍ന്ന് ശിരുവാണിപ്പുഴയിലൂടെ ശവമഞ്ചത്തില്‍ ചുമന്ന് അക്കരെ കടത്തിയാണ് മൃതദേഹം നെല്ലിപ്പതിയിലുള്ള ശ്മശാനത്തിലെത്തിച്ചത്.

Advertisment

publive-image

പ്രദേശവാസികള്‍ മരംകൊണ്ട് താത്കാലികമായി നിര്‍മിച്ച തൂക്കുപാലത്തിലൂടെയാണ് യാത്രചെയ്തിരുന്നത്. വാഹനം എത്തേണ്ട അത്യാവശ്യഘട്ടങ്ങളില്‍ ചിറ്റൂര്‍-കോട്ടമല വഴി അഞ്ച് കിലോമീറ്ററോളം ചുറ്റിയാണ് മൂച്ചിക്കടവില്‍ എത്തിയിരുന്നത്.

എന്നാല്‍ കോട്ടമല റോഡില്‍ ഷോളയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ പെയ്ത കനത്തമഴയില്‍ ശിരുവാണിപ്പുഴയില്‍ വെള്ളമുയര്‍ന്ന് അഗളി-ഷോളയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂച്ചിക്കടവ് പാലത്തിന്റെ പ്രവേശനപാതയും കൈവരികളും പൂര്‍ണമായും തകര്‍ന്നിരുന്നു.

രക്തസമ്മര്‍ദമുണ്ടായിരുന്ന വേലാത്താള്‍ ബുധനാഴ്ചരാത്രിയോടെ അവശയായിരുന്നു. അഗളി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കൊണ്ടുവന്നെങ്കിലും വീട്ടിലെത്താനാവാതെ തിരികെ പോകുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

Advertisment