Advertisment

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്കു വി.എസ് നഷ്ടപരിഹാരം നല്‍കണമെന്ന കോടതിവിധി കേരള രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവാകണം! അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളിക്കു മാനനഷ്ടമുണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഈ വിധി എല്ലാ രാഷ്ട്രീയക്കാരെയും പഠിപ്പിക്കുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതിവിധി കേരള രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവാകണം. രാഷ്ട്രീയത്തില്‍ മറുപക്ഷത്തു നില്‍ക്കുന്നവര്‍ക്കെതിരെ എന്ത് ആരോപണവുമുന്നയിക്കാമെന്നു ആരും കരുതേണ്ടതില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് തിരുവനന്തപുരത്തെ പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ വിധി.

സോളാര്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടി കോടികള്‍ ഉണ്ടാക്കി എന്നായിരുന്നു വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിന് ഒരു ടിവി ചാനല്‍ അഭിമുഖത്തിലായിരുന്നു വി.എസ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ആ കാലഘട്ടത്തിലെ ഒരു വലിയ ആരോപണമായിരുന്നു സോളാര്‍ കേസായി മാറിയത്. വി.എസ് പ്രതിപക്ഷ നേതാവായിരുന്നു ആ സമയം.

സോളാര്‍ പദ്ധതി വ്യാപിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി സ്വകാര്യ സ്ഥാപനം ഉണ്ടാക്കി അതിലേയ്ക്ക് പൊതുജനങ്ങളില്‍ നിന്ന് ഓഹരി പിരിച്ച് ലക്ഷക്കണക്കിനു രൂപാ സമാഹരിച്ചു, ആ തുകയൊക്കെയും ഉമ്മന്‍ ചാണ്ടി സ്വന്തമാക്കി എന്നിങ്ങനെയായിരുന്നു വി.എസ് ഉന്നയിച്ച ആരോപണങ്ങള്‍.

ആരോപണമുയര്‍ന്ന ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടി വി.എസിന് വക്കീല്‍ നോട്ടീസയച്ചു. ആരോപണങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്നായിരുന്നു ആവശ്യം. പക്ഷെ വി.എസ് മറുപടിയൊന്നും നല്‍കിയില്ല. ഉമ്മന്‍ ചാണ്ടി കേസുമായി മുമ്പോട്ടു പോയി. വി.എസ് പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിച്ചില്ല. ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ തെളിവുകളൊന്നും ഹാജരാക്കിയതുമില്ല.

പക്ഷെ ഉമ്മന്‍ ചാണ്ടി വിട്ടില്ല. പരാതിയില്‍ ഉറച്ചുനിന്ന അദ്ദേഹം മൂന്നു ദിവസം കോടതിയില്‍ ഹാജരായി മൊഴി നല്‍കി. സോളാര്‍ കേസ് സംബന്ധിച്ച് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ നാലു വോളിയവും കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സര്‍ക്കാരുത്തരവുകളും മാത്രമേ വി.എസിനു ഹാജരാക്കാന്‍ കഴിഞ്ഞുള്ളു. ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ് ഉന്നയിച്ച രൂക്ഷമായ ആരോപണങ്ങള്‍ക്കു തെളിവായി കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ദാനിയേല്‍ തയ്യാറായില്ല.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണപക്ഷത്തിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുക സാധാരണം തന്നെ. പക്ഷെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളിക്കു മാനനഷ്ടമുണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഈ വിധി എല്ലാ രാഷ്ട്രീയക്കാരെയും പഠിപ്പിക്കുന്നു.

രാഷ്ട്രീയ നേതാക്കള്‍ക്ക് ആര്‍ക്കെതിരെയും എന്തും പറയാമെന്നൊരു ധാരണ ഇന്നു നിലനില്‍ക്കുന്നുണ്ട്. ഐക്യ ജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഏറെക്കുറെ തുല്യശക്തികളായി പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന കേരള രാഷ്ട്രീയത്തില്‍ നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് മൂര്‍ച്ചയേറും.

മിക്കപ്പോഴും ഭരണത്തിലിരിക്കുന്നവരെ നേരിടുന്ന പ്രതിപക്ഷമാണ് ഇത്തരത്തില്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. താല്‍ക്കാലിക നേട്ടത്തിനു വേണ്ടി കൈയില്‍ വരുന്ന എന്താരോപണവും അവര്‍ ഉന്നയിക്കും. ഒരു പരിശോധനയോ പഠനമോ അന്വേഷണമോ കൂടാതെ തന്നെ. സാധാരണ ഗതിക്ക് ആരോപണ വിധേയരാവുന്ന ഭരണപക്ഷ നേതാക്കള്‍ ഒരു രാഷ്ട്രീയ നീക്കമെന്നു കണക്കാക്കി ഇത് അവഗണിക്കാന്‍ തയ്യാറാവും. ഇവിടെ ഉമ്മന്‍ ചാണ്ടി വിടാന്‍ തയ്യാറായില്ല.

സാധാരണ മാനനഷ്ടക്കേസുകളില്‍ വിവാദ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിന്‍റെ പത്രാധിപരും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ലേഖകനും സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റും പ്രതികളാവും.

2002 -ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ 'കോഴിക്കോഴ' ആരോപിച്ച് സി.പി.എം പ്രമുഖ പത്രമായ 'ദേശാഭിമാനി'യില്‍ വന്ന റിപ്പോര്‍ട്ടിന്‍റെ പേരില്‍ നല്‍കിയ പരാതിയില്‍ 1.10 ലക്ഷം രൂപാ നഷ്ടപരിഹാരമായി നല്‍കാന്‍ തിരുവനന്തപുരം സബ് കോടതി വിധിച്ചിരുന്നു. 'ദേശാഭിമാനി' മുഖ്യ പത്രാധിപരെന്ന നിലയ്ക്ക് വി.എസ്. അച്യുതാനന്ദന്‍ തന്നെയായിരുന്നു അന്നും പ്രതിസ്ഥാനത്ത്.

വന്‍കിട കോഴിക്കച്ചവടക്കാര്‍ക്ക് നികുതി സൗജന്യം അനുവദിച്ചതില്‍ അന്നു യു.ഡി.എഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ ചാണ്ടി വന്‍ തുക കോഴ വാങ്ങി എന്നായിരുന്നു 'ദേശാഭിമാനി' റിപ്പോര്‍ട്ടിലെ ആരോപണം.

ഭരണപക്ഷത്തെ വീഴ്ചകളും അഴിമതികളും തുറന്നുകാട്ടാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടത് തികഞ്ഞ ഉത്തരവാദിത്തത്തോടെയും ഗൗരവത്തോടെയുമാവണം എന്ന് എല്ലാ രാഷ്ട്രീയക്കാരെയും ഓര്‍മിപ്പിക്കുകയാണ് ഈ വിധി.

കേരളത്തിലെ ഐക്യ മുന്നണി സംവിധാനത്തിന് സമൂഹത്തില്‍ അതിന്‍റേതായ വിശ്വാസ്യതയുണ്ട്. ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുന്നയിക്കുമ്പോള്‍ ചില ഘട്ടങ്ങളില്‍ താല്‍ക്കാലിക ലാഭമുണ്ടായേക്കാം. പക്ഷെ ഒരു ആരോപണം ജനങ്ങളുടെ മുന്നില്‍ വിജയിക്കുന്നത് അത് ആത്യന്തികമായി വസ്തുനിഷ്ഠമാവുമ്പോള്‍ മാത്രമാണ്. അല്ലെങ്കില്‍ അത്തരം ആരോപണങ്ങളെ ജനങ്ങള്‍ മുഖവിലക്കെടുക്കാന്‍ പോലും മടിക്കും. നിലനില്‍ക്കാത്ത ആരോപണങ്ങള്‍ അവ ഉന്നയിക്കുന്നവരുടെ വിശ്വാസ്യതയെയാവും തകര്‍ക്കുക. പൊതു രാഷ്ട്രീയത്തിന്‍റെ വിശ്വാസ്യതയെയും ഇതു ബാധിക്കും.

എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും പാഠമാവണം ഈ വിധി.

Advertisment