Advertisment

വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം എന്നിത്യാദി മേഖലകളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാളെല്ലാം മുമ്പിലെത്തി നില്‍ക്കുന്നുവെന്ന കാര്യം യോഗിക്കറിയാന്‍ വയ്യാത്തതല്ല; ഉത്തര്‍പ്രദേശിലെ ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത് ആ സംസ്ഥാനത്തെ കേരളത്തെപ്പോലെയാക്കാനാണ്. അസൂയപ്പെട്ടിട്ടു കാര്യമില്ല, ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രീ; കേരളം എത്രയോ ഉയരങ്ങളിലെത്തിക്കഴിഞ്ഞു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റാല്‍ യു.പി കേരളമാകുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പേടി. കേരളം അത്രയ്ക്കു മോശമാണെന്നുള്ള ബി.ജെ.പിയുടെ പ്രചാരണത്തിനെതിരെ സംസ്ഥാനത്തെ വിവിധ നേതാക്കള്‍ ശബ്ദമുയര്‍ത്തിത്തുടങ്ങിയിരിക്കുന്നു.

യു.പി കേരളമായാല്‍ അതൊരു വലിയ സൗഭാഗ്യമാകുമെന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ തിരിച്ചടിച്ചു. "കേരളത്തെപ്പോലെ വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും ഉയരാനായാല്‍ ഉത്തര്‍പ്രദേശിന് അതൊരു വലിയ നേട്ടമായിരിക്കും. ജീവിത നിലവാരവും കേരളത്തിലെപ്പോലെയാവും. മതവും ജാതിയും വേര്‍തിരിവുണ്ടാക്കാത്ത കേരളം പോലെയാവാനാണു യു.പി ശ്രമിക്കേണ്ടത്," മുഖ്യമന്ത്രി പിണറായി വിജയന്‍റെ ട്വിറ്റര്‍ സന്ദേശം.

യു.പി തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിനു തൊട്ടുമുമ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചില്ലെങ്കില്‍ യു.പി കേരളം, കശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളെപ്പോലെയാവുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പരിഹാസത്തോടെയുള്ള പ്രസ്താവന.

കേരളം പോലെയായാല്‍ യു.പിക്കെന്തോ വലിയ കുഴപ്പം സംഭവിക്കുമെന്ന മട്ടിലായിരുന്നു യോഗി ആദിത്യനാഥിന്‍റെ പ്രസംഗം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം എന്നിത്യാദി മേഖലകളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാളെല്ലാം മുമ്പിലെത്തി നില്‍ക്കുന്നുവെന്ന കാര്യം യോഗിക്കറിയാന്‍ വയ്യാത്തതല്ല. അദ്ദേഹത്തിന്‍റെ പാര്‍ട്ടി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച നീതി ആയോഗ് വിശദമായ താരതമ്യ പഠനം നടത്തിയ ശേഷമാണ് പല മേഖലകളിലും കേരളത്തിന് ഒന്നാം സ്ഥാനം കല്‍പ്പിച്ചു നല്‍കിയത്. ഇതില്‍ പലതിലും യു.പിയുടെ സ്ഥാനം അങ്ങു താഴേതട്ടിലാണെന്നും ഓര്‍ക്കണം.

ഉത്തരേന്ത്യയില്‍ നിന്നു കേരളത്തില്‍ വന്നു തൊഴില്‍ ചെയ്തു ജീവിക്കുന്ന സാധാരണക്കാരായുള്ള യുവാക്കളെ നോക്കിയാല്‍ മാത്രം മതി ഇതു മനസിലാക്കാന്‍. പതിനായിരക്കണക്കിനു യുവാക്കളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി പലതരം തൊഴിലില്‍ ഏര്‍പ്പെട്ടു കഴിയുന്നത്. ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡിഷ, ജാര്‍ഖണ്ഡ്‌ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളില്‍നിന്നെല്ലാം ചെറുപ്പക്കാര്‍ ഇവിടെയെത്തി സന്തോഷത്തോടെ ജോലി ചെയ്തു കഴിയുന്നു. നാട്ടില്‍ അവരുടെ കുടുംബങ്ങളെ പോറ്റുന്നു.

ഇവിടെ ഒരു തൊഴിലാളിക്കു കിട്ടുന്ന വേതനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നും ലഭ്യമല്ല. ഒരു കാലത്തു മലയാളികള്‍ ഭാഗ്യം തേടി മലേഷ്യ, സിംഗപ്പൂര്‍, ഗള്‍ഫ് നാടുകള്‍ എന്നിങ്ങനെ വിദേശ രാജ്യങ്ങളില്‍ പോയതുപോലെയാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലെത്തുന്നത്. ഈ തൊഴിലാളികള്‍ക്ക് ഇവിടെ നല്ല കൂലി കിട്ടുന്നു. ഇവിടുത്തെ സൗഹൃദാന്തരീക്ഷവും അവര്‍ക്കു സന്തോഷം പകരുന്നു. കുടുംബമായി കഴിയുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മക്കളെ വിദ്യാലയങ്ങളിലയച്ചു പഠിപ്പിക്കാനും കഴിയുന്നു.

കേരളത്തിന്‍റെ വലിയൊരു പ്രത്യേകത ഇവിടെ നിലനില്‍ക്കുന്ന സമുദായ മൈത്രിയും സമാധാനം നിറഞ്ഞ അന്തരീക്ഷവുമാണ്. ദാരിദ്ര്യമോ പട്ടിണിയോ തീരെയില്ലാത്തൊരു സംസ്ഥാനം. സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും ഉയര്‍ന്ന സംസ്ഥാനം. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനും ഉയര്‍ന്ന സ്ഥാനം കൊടുക്കുന്ന സംസ്ഥാനം. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ജനങ്ങളെ മതില്‍ കെട്ടി വേര്‍തിരിക്കാത്ത സംസ്ഥാനം.

ഏറ്റവും പ്രധാനം വര്‍ഗീയത അത്രകണ്ട് വിളയാടാത്ത സംസ്ഥാനം കൂടിയാണു കേരളം എന്നതു തന്നെയാണ്. അതുകൊണ്ടുതന്നെ വര്‍ഗീയ ലഹളയില്ലാത്ത സംസ്ഥാനമെന്നും കേരളത്തെ വിശേഷിപ്പിക്കാം.

ഇതൊന്നും യോഗിക്കറിയില്ല. കേരളത്തിന്‍റെ പൈതൃകത്തെക്കുറിച്ചും മതസൗഹാര്‍ദപാരമ്പര്യത്തെക്കുറിച്ചും കേരളീയരുടെ ഉയര്‍ന്ന ജീവിത നിലവാരത്തെക്കുറിച്ചും യോഗി മനസിലാക്കിയിട്ടില്ല.

കേരളം വളരെ ഉയരത്തിലാണു യോഗീ. കേരളത്തിന്‍റെ ജീവിത നിലവാരവും ശിശു മരണ നിരക്കും മനുഷ്യായുസുമൊക്കെ അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി എന്നിങ്ങനെ വികസിത രാജ്യങ്ങളിലേപ്പോലെയാണ്.

ഉത്തര്‍പ്രദേശിലെ ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത് ആ സംസ്ഥാനത്തെ കേരളത്തെപ്പോലെയാക്കാനാണ്. അസൂയപ്പെട്ടിട്ടു കാര്യമില്ല, ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രീ. കേരളം എത്രയോ ഉയരങ്ങളിലെത്തിക്കഴിഞ്ഞു.

Advertisment