Advertisment

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നു പുറത്താക്കിയതിന്‍റെ ദുരന്ത ഫലമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന്‌ കോണ്‍ഗ്രസുകാരും ഐ.എന്‍.ടി.യു.സിക്കാരും ഓര്‍ക്കണം !ഐ.എന്‍.ടി.യു.സിയെ കോണ്‍ഗ്രസിന്റെ വെറുമൊരു പോഷക സംഘടനയായി മാത്രം കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും ശ്രമിച്ചിരുന്നില്ലെന്നതാണ് ചരിത്ര വസ്തുത; സതീശന്റെ പ്രസ്താവനയില്‍ ഒരു തെറ്റുമില്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയോ ഐ.എന്‍.ടി.യു.സി ?

രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയനാണ് ഐ.എന്‍.ടി.യു.സി എന്ന ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്. തൊഴില്‍ വകുപ്പിന്‍റെ 2013 -ലെ കണക്കനുസരിച്ച് ഐ.എന്‍.ടി.യു.സിക്ക് 3.33 കോടി അംഗങ്ങളുണ്ട്. രണ്ടാം സ്ഥാനത്ത് ബി.എം.എസ് ആണ് - അംഗസംഖ്യ 1.72 കോടി. എ.ഐ.ടി.യു.സിക്ക് 1.46 കോടിയും എച്ച്.എം.എസിന് 96 ലക്ഷവും സി.ഐ.ടി.യുവിന് 57 ലക്ഷവും അംഗങ്ങള്‍.

ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്‍റെ സ്വന്തം തൊഴിലാഴി യൂണിയന്‍ വിഭാഗമാണെന്ന് ഐ.എന്‍.ടി.യു.സിയുടെ ചരിത്രത്താളുകള്‍ പറയുന്നു. 1947 മെയ് മൂന്നാം തീയതി, രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്, ഐ.എന്‍.ടി.യു.സി രൂപമെടുത്തത്. കോണ്‍ഗ്രസുമായി വളരെയടുപ്പമുള്ള സംഘടനയായി ആദ്യം മുതലേ അറിയപ്പെടുന്നുണ്ടെങ്കിലും ഒരു സ്വതന്ത്ര സംഘടനയെന്ന അസ്തിത്വമാണ് ഐ.എന്‍.ടി.യു.സിക്കുള്ളത്. കോണ്‍ഗ്രസുമായി വളരെ ദൃഢമായ ബന്ധം സംഘടന എക്കാലവും പുലര്‍ത്തിപ്പോന്നിട്ടുമുണ്ട്.

ദേശീയ തലത്തില്‍ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തിന്‍റെ ആഹ്വാനപ്രകാരം നടന്ന പണിമുടക്കില്‍ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെപ്പറ്റി പ്രതികരിക്കുമ്പോഴാണ് വി.ഡി സതീശന്‍ ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്നു വിവാദ പ്രസ്താവന നടത്തിയത്. അത് ഐ.എന്‍.ടി.യു.സിയിലെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചു. പ്രവര്‍ത്തകര്‍ ചിലയിടത്ത്‌ സതീശനെതിരെ പ്രകടനം നടത്തുകയും ചെയ്തു. പ്രസ്താവന പിന്‍വലിച്ച് സതീശന്‍ മാപ്പു പറയണമെന്ന വാശിയിലാണ് ചില നേതാക്കള്‍.

കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സി എന്ന തൊഴിലാളി യൂണിയനും തമ്മിലുള്ള യഥാര്‍ഥ ബന്ധം എന്താണ് ?

എ.ഐ.സി.സി പ്രസിഡന്‍റായിരുന്ന ആചാര്യ ജെ.ബി കൃപലാനിയാണ് 1947 മെയ് മൂന്നാം തീയതി ഐ.എന്‍.ടി.യു.സി ഉദ്ഘാടനം ചെയ്തത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ജഗ്ജീവന്‍ റാം എന്നിങ്ങനെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും മറ്റു രാഷ്ട്രീയ നേതാക്കളും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും തമ്മില്‍ എപ്പോഴും അടുത്ത ബന്ധമാണു പുലര്‍ത്തിപ്പോന്നത്. ഇരു സംഘടനകളും തമ്മിലുള്ള ബന്ധം എപ്പോഴും ചര്‍ച്ചാവിഷയമായിരുന്നു താനും. ഐ.എന്‍.ടി.യു.സിയെ കോണ്‍ഗ്രസ് എന്ന വലിയ സംഘടനയുടെ വെറുമൊരു പോഷക സംഘടനയായി മാത്രം കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും ശ്രമിച്ചിരുന്നില്ലെന്നതാണ് ചരിത്ര വസ്തുത.

ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവു വി.ഡി സതീശന്‍ നടത്തിയ പ്രസ്താവനയില്‍ ഒരു തെറ്റുമില്ല. ഐ.എന്‍.ടി.യു.സി ഒരു സ്വതന്ത്ര സംഘടനയാണെന്ന് സതീശന്‍ പറയുമ്പോള്‍ തൊഴില്‍ പ്രശ്നങ്ങളുടെ കാര്യത്തിലും തൊഴില്‍ സമരങ്ങളുടെ കാര്യത്തിലും ആ സംഘടനയ്ക്കു സ്വതന്ത്രമായ നിലപാടെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നു തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

തൊഴില്‍ സമരങ്ങളുണ്ടാകുമ്പോള്‍ അതു ജനങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ അതിനുത്തരവാദിത്വം കോണ്‍ഗ്രസിനില്ല എന്നു വ്യക്തമാക്കാന്‍ കൂടിയാണ് പ്രതിപക്ഷ നേതാവ് ഈ രീതിയില്‍ പ്രതികരിച്ചതെന്നും പറയാം. പൊതുവേ സംഘടനകള്‍ സമരം നടത്തുമ്പോള്‍ അതൊരിക്കലും അക്രമാസക്തമാവരുതെന്നും അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. അക്രമ സമരങ്ങളെ അനുകൂലിക്കുന്ന നേതാവല്ല വി.ഡി സതീശന്‍ എന്നു സാരം.

എറണാകുളം ജില്ലയില്‍, പ്രത്യേകിച്ച് ആലുവാ കേന്ദ്രമായുള്ള വ്യവസായ മേഖലയില്‍, പല തൊഴിലാളി യൂണിയനുകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നേതാവു കൂടിയാണ് സതീശന്‍. കോണ്‍ഗ്രസിന്‍റെ കേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളായ അദ്ദേഹം രാഷ്ട്രീയമായി അങ്ങനെയൊരു നിലപാടു സ്വീകരിക്കുന്നതില്‍ തെറ്റു കാണാനാവില്ല.

കേരളത്തില്‍ ഐ.എന്‍.ടി.യു.സിയിലുള്ളത് കോണ്‍ഗ്രസുകാരോ കോണ്‍ഗ്രസ് അനുഭാവികളോ ആയ തൊഴിലാളികള്‍ മാത്രമാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെയല്ല. ജാംഷെഡ്പൂരിലെ ടാറ്റാ സ്റ്റീല്‍ കമ്പനിയില്‍ ഐ.എന്‍.ടി.യു.സി എന്ന ഒറ്റ തൊഴിലാളി യൂണിയന്‍ മാത്രമേ ഉള്ളുവെന്ന് ഐ.എന്‍.ടി.യു.സി പാലക്കാട് ജില്ലാ പ്രസിഡന്‍റ് ചീങ്ങന്നൂര്‍ മനോജ് ചൂണ്ടിക്കാട്ടുന്നു. കമ്പനിയില്‍ ചേരുന്ന ഏതു തൊഴിലാളിക്കും, അയാള്‍ ഏതു രാഷ്ട്രീയക്കാരനായാലും, ചേരാന്‍ ഐ.എന്‍.ടി.യു.സി എന്ന ഒറ്റ യൂണിയന്‍ മാത്രമേ ഉള്ളുവെന്നാണ് മനോജ് വിശദീകരിക്കുന്നത്.

സംഘടനയെ പൊതു സമൂഹത്തില്‍ ചെറുതാക്കാനോ പ്രസക്തി കുറച്ചു കാട്ടാനോ അല്ല സതീശന്‍ ശ്രമിച്ചതെന്നു തന്നെയാണ് മനോജ് കരുതുന്നത്. അതുകൊണ്ടു തന്നെ വി.ഡി സതീശനെതിരെ ഐ.എന്‍.ടി.യു.സിയില്‍ പുകയുന്ന അമര്‍ഷം ഒതുക്കാനുള്ള ശ്രമത്തിലാണ് മനോജും മറ്റ് ചില പ്രധാന നേതാക്കളും. സതീശനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖര്‍ തന്നെ പ്രസ്താവിച്ചു കഴി‍ഞ്ഞു.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അങ്ങേയറ്റം ദുര്‍ബലമായ സ്ഥിതിയിലാണ് കോണ്‍ഗ്രസ് ഇന്ന്. പുതിയൊരു സംഘര്‍ഷത്തിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസിന് ഇന്നു കഴിയില്ല തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കാര്യമായ രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലാതെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നു പുറത്താക്കിയതിന്‍റെ ദുരന്ത ഫലമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ തിരിച്ചടിയെന്ന് കോണ്‍ഗ്രസുകാരും ഐ.എന്‍.ടി.യു.സിക്കാരും ഓര്‍ക്കണം.

Advertisment