Advertisment

പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച റാലിക്കിടയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച ബാലനെ ആ വാക്യങ്ങള്‍ പഠിപ്പിച്ചതാര്? ബാലന്‍ ശരിക്കും കാണാതെ പഠിച്ചിരുന്നു ഈ മുദ്രാവാക്യങ്ങളെല്ലാം! ഏറ്റു പറയുന്ന മുതിര്‍ന്നവരും നേരത്തെ പരിശീലനം നേടിയിരുന്നു എന്നു വ്യക്തം; ഏതാണ്ടു പത്തു വയസ് മാത്രം പ്രായമുള്ള ബാലനെ കൊണ്ട് വിഷം കുത്തിനിറച്ച മുദ്രാവാക്യം വിളിപ്പിച്ചവരുടെ ലക്ഷ്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്, പൊതു സമൂഹം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച റാലിക്കിടയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച ബാലനെ ആ വാക്യങ്ങള്‍ പഠിപ്പിച്ചതാര് ? പത്തു വയസോളം പ്രായം തോന്നിക്കുന്ന ബാലനെ സമൂഹത്തില്‍ സ്പര്‍ദ്ധയും വിദ്വേഷവും ഉണ്ടാക്കും വിധം നിന്ദ്യമായ മുദ്രാവാക്യങ്ങള്‍ പഠിപ്പിച്ചത് മാതാപിതാക്കളാണോ ? അതോ അയല്‍പക്കക്കാരായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോ ? അതോ അധ്യാപകരോ ?

എന്തായാലും വീഡിയോ കണ്ടാല്‍ ചില കാര്യങ്ങള്‍ വ്യക്തമാകും. ബാലന്‍ ശരിക്കും കാണാതെ പഠിച്ചിരുന്നു ഈ മുദ്രാവാക്യങ്ങളെല്ലാം. ഏറ്റു പറയുന്ന മുതിര്‍ന്നവരും നേരത്തെ പരിശീലനം നേടിയിരുന്നു എന്നു വ്യക്തം.

ഇത്രയ്ക്കു ഹീനമായ തരത്തില്‍ ഒരു ബാലനെ തോളത്തിരുത്തി കൊലവിളി നടത്തിക്കാനും മാത്രം അധമ മനസുള്ളവര്‍ ആരാണെന്നു കണ്ടെത്തേണ്ടതു പോലീസാണ്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ വേണം.

അങ്ങേയറ്റത്തെ മതസൗഹാര്‍ദം നിലനില്‍ക്കുന്ന കേരളത്തില്‍ ഇവിടുത്തെ സമാധാനവും സൗഹാര്‍ദവും തകര്‍ക്കാന്‍ ഏതോ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്ന കാര്യം വെളിവാക്കുന്നു ഈ സംഭവം. ഇത്തരം നീക്കങ്ങള്‍ മുളയില്‍ത്തന്നെ നുള്ളിക്കളയേണ്ടത് സംസ്ഥാനത്ത് സമാധാനം പുലരാന്‍ അത്യാവശ്യം തന്നെയാണ്.

ദൈവത്തിന്‍റെയും മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഫലമായാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന കാര്യം ഓര്‍ക്കണം.

അന്യമതസ്ഥരോടൊപ്പം ജീവിക്കാനും പൊതു സമൂഹത്തില്‍ തുല്യരായി കഴിയാനും എപ്പോഴും ശ്രമിച്ചിട്ടുള്ള വിഭാഗമാണ് മുസ്ലിം സമുദായമെന്ന കാര്യം അടിവരയിട്ടു തന്നെ രേഖപ്പെടുത്തേണ്ട വസ്തുതയത്രെ. 1992 -ല്‍ ബാബ്റി മസ്ജിദ് തകര്‍ത്തതിനേ തുടര്‍ന്ന് രാജ്യത്തു പലേടത്തും അക്രമവും കലാപവും ഉണ്ടായെങ്കിലും കേരളത്തില്‍ അതിന്‍റെ പേരില്‍ അക്രമസംഭവങ്ങളൊന്നും പൊട്ടിപ്പുറപ്പെട്ടില്ലെന്ന കാര്യം ഈ സാഹചര്യത്തില്‍ ഓര്‍ക്കണം.

മുസ്ലിം സമുദായത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനുണ്ടായിരുന്ന രാഷ്ട്രീയ മേല്‍ക്കോയ്മയായിരുന്നു ഇതിനു പ്രധാന കാരണം. അന്നത്തെ ലീഗ് അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമാധാനത്തിന്‍റെ വലിയ സന്ദേശവുമായി ഓടി നടന്നു. പി.കെ കുഞ്ഞാലിക്കുട്ടിയും ഡോ. എം.കെ. മുനീറും മറ്റു പ്രമുഖ നേതാക്കളും സമാധാനം ഉറപ്പു വരുത്താന്‍ ജാഗ്രതയോടെ കാത്തിരുന്നു.

മുസ്ലിം സമുദായത്തില്‍ തീവ്രവാദ ചിന്ത മുളയ്ക്കുന്നതും ചില തീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കുന്നതും തൊണ്ണൂറുകളില്‍ കേരളം കണ്ടു. പക്ഷെ ഇത്തരം തീവ്രവാദ ചിന്തകളെയൊക്കെയും മുസ്ലിം സമുദായത്തിന്‍റെ പൊതുധാര പാടേ അകറ്റി നിര്‍ത്തുന്നതും കേരളം കണ്ടു. എം.കെ മുനീര്‍, കെ.എം ഷാജി തുടങ്ങിയ നേതാക്കള്‍ മുന്‍കൈ എടുത്ത് തീവ്രവാദ ചിന്തയ്ക്കും മുന്നേറ്റത്തിനുമെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തുന്നതും കേരളം കണ്ടു. പ്രചാരണ യോഗങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും സമുദായത്തില്‍ തീവ്രവാദ വിരുദ്ധ ചിന്തയ്ക്കു ബലമേകാന്‍ മുനീറും ഷാജിയും മറ്റും നയിച്ച ഈ മുന്നേറ്റത്തിനു കഴിഞ്ഞു. ഇന്നും മുസ്ലിം സമുദായത്തിന്‍റെയും സംസ്കാരത്തിന്‍റെയും കേന്ദ്രമായ മലപ്പുറത്തും മലബാര്‍ പ്രദേശത്തൊട്ടാകെയും തീവ്രവാദ ചിന്തയ്ക്കു വേരോട്ടമില്ലെന്ന കാര്യം ഓര്‍ക്കണം. മുസ്ലിം ലീഗിന്‍റെ ശക്തികേന്ദ്രങ്ങളാണ് ഈ പ്രദേശങ്ങള്‍ എന്നതു തന്നെ കാരണം.

അതേ സമയം തെക്കന്‍ കേരളത്തിലെ ചില മുസ്ലിം കേന്ദ്രങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്കു വേരോട്ടം കിട്ടുകയും ചെയ്യുന്നു. ആര്‍.എസ്.എസിനു ബദലായി തീവ്രവാദ സംഘടകള്‍ വളര്‍ത്തുകയാണു ചിലര്‍.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ആര്‍.എസ്.എസിനും അവര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ വളര്‍ച്ച കിട്ടില്ലെന്നതും ഓര്‍ക്കണം. ആര്‍.എസ്.എസും മറ്റ് ഹൈന്ദവ സംഘടനകളും പിന്തുണ നല്‍കുന്ന ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേയ്ക്ക് ഒരാളെപ്പോലും തെരഞ്ഞെടുത്തയയ്ക്കാന്‍ കഴിഞ്ഞില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കേരള സമൂഹം തീവ്രവാദ ചിന്തയ്ക്കെതിരുതന്നെ.

സമൂഹത്തിന് മതസൗഹാര്‍ദത്തിന്‍റെയും മതേതരത്വത്തിന്‍റെയും ശക്തമായ പാരമ്പര്യമുണ്ടെന്നതാണു കാരണം. ഏതാണ്ടു പത്തു വയസ് മാത്രം പ്രായമുള്ള ബാലനെ കൊണ്ട് വിഷം കുത്തിനിറച്ച മുദ്രാവാക്യം വിളിപ്പിച്ചവരുടെ ലക്ഷ്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പൊതു സമൂഹം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

സമുദായമായാലും സംഘടനയായാലും ഉള്ളില്‍ കുഴുക്കുത്തുണ്ടായാല്‍ അത് മുറിച്ചു മാറ്റാന്‍ ബാധ്യതപ്പെട്ടവര്‍ ആ സമുദായം തന്നെയാണ്. ആ സംഘടന തന്നെയാണ്. ഇക്കാര്യത്തെ എല്ലാ ഗൗരവത്തോടെയും കാണാനുള്ള ബാധ്യത മുസ്ലിം സമുദായത്തിനുണ്ട്. പ്രത്യേകിച്ചും അതിന്‍റെ രാഷട്രീയ മുഖമായ മുസ്ലിം ലീഗിന്.

സാദിഖലി ശിഹാബ് തങ്ങള്‍ എവിടെ ? പി.കെ കുഞ്ഞാലിക്കുട്ടി എവിടെ ? എം.കെ മുനീറും കെ.എം ഷാജിയും എവിടെ?

Advertisment