Advertisment

നാടകീയമായ അറസ്റ്റിനെ അതിജീവിച്ച് ശബരീനാഥ് ജാമ്യം തേടി പുറത്തു വന്നിരിക്കുന്നു; ജാമ്യം കിട്ടും വരെ നീണ്ട നാടകങ്ങള്‍ ശബരീനാഥനെ വലിയ താരപദവിയിലേയ്ക്കുയര്‍ത്തുകയാണുണ്ടായത്; ഒരു രാഷട്രീയ നേതാവിനെ യഥാര്‍ത്ഥ നേതാവാക്കുന്നത് ഇത്തരം പരീക്ഷണ ഘട്ടങ്ങളാണ്! ഇവിടെ ശബരീനാഥനു കൈയില്‍ കിട്ടിയത് അസുലഭമായ അവസരമായിരുന്നു; ചൊവ്വാഴ്ച ദിവസം ശബരിയുടേതു മാത്രമായി- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ചൊവ്വാഴ്ച ദിവസം ശബരീനാഥന്‍ സ്വന്തമാക്കി. അതും കേരളാ പോലീസിന്‍റെ ചെലവില്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുന്ന പോലീസ് സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് അധികൃതര്‍ക്കു മുന്നിലെത്തിയ മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമായ കെ.എസ് ശബരീനാഥനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വൈകുന്നേരത്ത് കോടതിയില്‍ ഹാജരാക്കി ശബരിക്കു ജാമ്യം കിട്ടും വരെ നീണ്ട നാടകങ്ങള്‍ ശബരീനാഥനെ വലിയ താരപദവിയിലേയ്ക്കുയര്‍ത്തുകയാണുണ്ടായത്.

കണ്ണൂരില്‍ നിന്നുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോണ്‍ഗ്രസുകാരുടെ നീക്കത്തിനു പിന്നിലെ 'മാസ്റ്റര്‍ ബ്രെയിന്‍' ആണ് ശബരീനാഥന്‍ എന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ മുന്നോട്ടു വെച്ച വാദം. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാനായിരുന്നു ഗൂഢാലോചന എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ചോദ്യം ചെയ്യാന്‍ മൂന്നു ദിവസത്തേയ്ക്ക് ശബരീനാഥനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. എന്നാല്‍ അതിന് വാട്സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് അല്ലാതെ എന്തു തെളിവുണ്ടെന്നു കോടതി ചോദിച്ചു. ഗൂഢാലോചനയ്ക്കു തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ പറഞ്ഞത്. പക്ഷെ അതിനു കോടതി വിലകല്‍പ്പിച്ചില്ല.

മുന്‍ എം.എല്‍.എ ആയ ശബരീനാഥന്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന് പ്രതിഭാഗം അറിയിക്കുകയും ചെയ്തു.

മുഖ്യമന്ത്രി ചെല്ലുന്നിടത്തൊക്കെ കരിങ്കൊടി കാണിക്കലും പ്രകടനവും പതിവായതിനെ തുടര്‍ന്ന് പലയിടത്തും സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്‍റെ ഭാഗമായിട്ടു തന്നെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിക്കാന്‍ തീരുമാനിച്ചത്.

അത് ഒറ്റപ്പെട്ട സംഭവമായിരുന്നുവെന്നും സംഘടനാ തലത്തില്‍ ആലോചനയൊന്നും നടന്നിരുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതു സംബന്ധിച്ചു വിശദീകരണം നല്‍കിയിരുന്നത്. പക്ഷെ ശബരീനാഥ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വാട്‌സാപ്പ് ഗ്രൂപ്പിലിട്ടിരുന്ന സന്ദേശം പോലീസിനു ചോര്‍ന്നു കിട്ടുകയായിരുന്നു.

"സി.എം കണ്ണൂരില്‍ നിന്ന് ഫ്ലൈറ്റില്‍ വരുന്നുണ്ട്. രണ്ടു പേര്‍ ഫ്ലൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍ എന്തായാലും ഫ്ലൈറ്റില്‍ നിന്നു പുറത്തിറക്കാന്‍ കഴിയില്ലല്ലൊ" - ഇതാണ് ശബരീനാഥന്‍റെ വാട്സാപ്പ് സന്ദേശം.

ഫ്ലൈറ്റില്‍ നിന്നു പുറത്തിറക്കാന്‍ കഴിയില്ലല്ലൊ എന്ന ഭാഗം ഉന്നയിച്ചാണ് പോലീസ് ശബരീനാഥന്‍റെ പേരില്‍ വധശ്രമം ചുമത്തിയിരിക്കുന്നത്. വിമാനത്തിനകത്തായതിനാല്‍ രണ്ടു പ്രവര്‍ത്തകരെ പുറത്താക്കാനാവില്ലല്ലോ എന്നാണുദ്ദേശിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും പറയുന്നു.

കരിങ്കൊടി പ്രകടനം വ്യാപകമാക്കുന്നതിലൂടെ മുഖ്യമന്ത്രിയെ പുറത്തിറക്കാന്‍ അനുവദിക്കാതിരിക്കുക എന്നതായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്ന് സി.പി.എം നേതൃത്വം കണക്കാക്കുന്നു. വിമാനത്തിനുള്ളിലെ കരിങ്കൊടി കാണിക്കല്‍ വിവാദമായതിനെ തുടര്‍ന്നാണ് ആ നീക്കത്തിനു തടസമുണ്ടായതെന്നും സി.പി.എമ്മിനു ബോധ്യമുണ്ട്. പ്രതിപക്ഷം കോണ്‍ഗ്രസിനെതിരെ നീങ്ങിയാല്‍ പോലീസിനെ ഉപയോഗിച്ച് സമരങ്ങളെ നേരിടുക എന്ന നയം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.

പക്ഷെ ഈ നീക്കം ഫലപ്രദമായി നടപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ശബരീനാഥിന്‍റെ വാട്സാപ്പ് സന്ദേശം കൈയില്‍ കിട്ടിയ പാടേ പോലീസ് എടുത്തു ചാടുകയായിരുന്നു. പോലീസ് നീക്കം ഈഹിച്ചെടുത്ത ശബരീനാഥ് മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കി. അതിനും മുമ്പേ പോലീസ് തിടുക്കപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ആ കണക്കുകൂട്ടലുകളൊക്കെയും തെറ്റിച്ചുകൊണ്ട് കോടതി ശബരിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

പി.സി ജോര്‍ജിനെ രണ്ടു തവണ നാടകീയമായി അറസ്റ്റ് ചെയ്ത പോലീസിനു നാണക്കേടിന്‍റെ കയ്പ്പുനീര്‍ കുടിക്കേണ്ടിവന്നത് അടുത്ത കാലത്തു തന്നെയാണ്. ഇപ്പോഴിതാ, നാടകീയമായ അറസ്റ്റിനെ അതിജീവിച്ച് ശബരീനാഥ് ജാമ്യം നേടി പുറത്തു വന്നിരിക്കുന്നു.

ഒരു രാഷട്രീയ നേതാവിനെ യഥാര്‍ത്ഥ നേതാവാക്കുന്നത് ഇത്തരം പരീക്ഷണ ഘട്ടങ്ങളാണ്. ജനങ്ങളുടെയിടയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ജനകീയ സമരങ്ങളിലൂടെയുമാണ് ഒരു പൊതുപ്രവര്‍ത്തകന്‍ ജന നേതാവാകുന്നത്.

ഇവിടെ ശബരീനാഥനു കൈയില്‍ കിട്ടിയത് അസുലഭമായ അവസരമായിരുന്നു. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ നാടകം തീര്‍ന്നത് രാത്രിയോടെ. പകലന്തിയോളം ശബരീനാഥ് ടെലിവിഷന്‍ സ്ക്രീനുകളില്‍ നിറഞ്ഞു നിന്നു. പിന്നീട് രാത്രിയിലെ ടെലിവിഷന്‍ ചര്‍ച്ചകളില്‍. പിറ്റേന്ന് പത്രങ്ങളുടെ ഒന്നാം പേജില്‍ വലിയ തലക്കെട്ടുകളിലും ശബരീനാഥന്‍. പോലീസ് സ്റ്റേഷന്‍ വളയാനും കോടതിക്കു മുമ്പില്‍ തടിച്ചു കൂടാനും യൂത്ത് കോണ്‍ഗ്രസുകാരുടെ വലിയ തിക്കും തിരക്കും. എല്ലാം പോലീസിന്‍റെ കൃപ എന്നു ശബരീനാഥന് ആശ്വസിക്കാം. ചൊവ്വാഴ്ച ദിവസം ശബരിയുടേതു മാത്രമായി.

Advertisment