Advertisment

ഗവര്‍ണറെ വരച്ച വരയില്‍ നിര്‍ത്താന്‍ ഒരു ഉണക്ക തോട്ടിയുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി സർക്കാർ. അതും മുനയൊടിഞ്ഞ തോട്ടി. സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് ഗവര്‍ണര്‍ അന്വേഷിച്ചാൽ റോഡിലെ കുഴികളിലൂടെ പോയ അടി ഇരന്നു വാങ്ങിയ പോലെയാകും സർക്കാർ ! ഈ 'പിപ്പിടി' യൊന്നും ഗവർണറുടെ അടുത്തും ചിലവാകില്ല. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കുന്നതാകും ഇരു കൂട്ടർക്കും ഉചിതം - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തോല്‍ക്കുമെന്നുറപ്പുള്ള യുദ്ധത്തിന് ബുദ്ധിയുള്ളവരാരും ഇറങ്ങിപ്പുറപ്പെടുകയില്ല. ബുദ്ധി കൂടിയതുകൊണ്ടായിരിക്കാം പിണറായി സര്‍ക്കാര്‍ ഗവര്‍ണറെ വരച്ച വരയില്‍ നിര്‍ത്താന്‍ ഒരു ഉണക്ക തോട്ടിയുമായി ഇറങ്ങിയിരിക്കുന്നത്. അതും മുനയൊടിഞ്ഞ തോട്ടി.

Advertisment

publive-image

വടക്കന്‍ പാട്ടിലെ തുമ്പോലാര്‍ച്ചയെപ്പോലെയാണിപ്പോള്‍ പ്രിയ വര്‍ഗീസ്. എത്ര ആങ്ങളമാരാണ് തുമ്പോലാര്‍ച്ചക്കുവേണ്ടി പടവെട്ടാനിറങ്ങിയത്. അതേപോലെ ഒരു വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നാകെ പ്രിയ വര്‍ഗീസിനു വേണ്ടി കച്ചകെട്ടി വാളും പരിചയുമായി ഇറങ്ങിയിരിക്കുകയല്ലേ.

പ്രിയയെ കണ്ണൂരില്‍ വാഴിച്ചേ അടങ്ങൂ എന്ന വാശിയിലാണ് പാര്‍ട്ടി. കെ.കെ രാഗേഷിനെ സുഖിപ്പിക്കാനാകണം കേരള സര്‍വ്വകലാശാലയിലെ ബുദ്ധിരാക്ഷസന്‍മാ‌ർ ഗവര്‍ണര്‍ക്കെതിരെ പ്രമേയവും പാസാക്കി. റോഡിലെ കുഴികളിലൂടെ പോയ അടി ഇരന്നുവാങ്ങിയപോലെ.


അവരുടെ പലരുടെയും കാറ്റൂരി വിടാനുള്ള സൂത്രം ഗവര്‍ണറുടെ പക്കലുണ്ടെന്ന് ഈ ബുദ്ധിരാക്ഷസന്‍മാര്‍ക്കറിയില്ലായിരുന്നോ ? നമ്മുടെ അക്കാദമിക് നിലവാരം ഇവരുടെ കൈകളിലാണ് ഭദ്രം.


ഒന്നാമതെത്താന്‍ അര്‍ഹനായ ചങ്ങനാശ്ശേരി എസ്.ബി കോളജ് അദ്ധ്യാപകന്‍ ജോസഫ് സഖറിയയെ വെട്ടിയാണ് പ്രിയക്ക് 2021 നവംബര്‍ 18 നു നടന്ന ഇന്‍റര്‍വ്യൂവില്‍ ഒന്നാം റാങ്കു നല്‍കിയതെന്ന ആക്ഷേപം ഉന്നയിച്ചത് ആര്‍.എസ് ശശികുമാര്‍ നേതൃത്വം നല്‍കുന്ന സര്‍വ്വകലാശാലകളുടെ കാമ്പെയിന്‍ കമ്മറ്റിയാണ്. യു.ഡി.എഫുകാരാണിവര്‍.

കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി എന്നതാണ് തസ്തിക. ജൂണ്‍ 27 നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് നിയമനം അംഗീകരിച്ചതോടെ പ്രശ്നം ചൂടുപിടിച്ചു. കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍ അതിനു ചട്ടുകവുമായി. ( അദ്ദേഹത്തിന്‍റെ അക്കാദമിക വൈദഗ്ദ്ധ്യമൊക്കെ വിവാദങ്ങളില്‍ പെട്ട് ആവിയായി തുടങ്ങിയിട്ട് കുറെ കാലമായി. )

ഗവര്‍ണര്‍ പ്രിയയുടെ നിയമനം മരവിപ്പിക്കുകയും സര്‍വ്വകലാശാലയോടു വിശദീകരണം ചോദിക്കുകയും ചെയ്തതാണ് സി.പി.എമ്മിനെ ആകെ പ്രകോപിപ്പിച്ചത്.


സാധാരണ വിവാദമുണ്ടാകുമ്പോള്‍ ഉറച്ചു നില്‍ക്കുമെന്നു പറയുകയും പിന്തിരിഞ്ഞോടുകയും ചെയ്യുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അങ്ങുറച്ചു നിന്നു. രാഗേഷിന്‍റെ ശത്രുക്കള്‍ക്കാണൊ സി.പി.എം സെക്രട്ടറിയേറ്റില്‍ കൂടുതല്‍ സ്വാധീനമെന്നു സംശയം. പ്രിയ നാറിയാല്‍ ആ നാറ്റം ചെന്നവസാനിക്കുക രാഗേഷിലായിരിക്കുമല്ലോ.


വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള (ചാന്‍സിലര്‍) അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചതാണ് ഏറ്റുമുട്ടലിന്‍റെ ആദ്യ വെടി പൊട്ടിച്ചത്. അതില്‍ മാത്രമല്ല കാലഹരണപ്പെടാറായ ഒരു ഓര്‍ഡിനന്‍സിലും ഒപ്പുവെക്കാതെ ഗവര്‍ണര്‍ ഡല്‍ഹിക്കു പോയി.

ഇനി എല്ലാം നിയമസഭ കൂടി പാസാക്കാമെന്നു വച്ചാല്‍ അതിനും ഗവര്‍ണറുടെ ഒപ്പു വേണം. അതിനിടയിലാണ് ഗോപിനാഥ് രവീന്ദ്രനും കൂട്ടരും ഹൈക്കോടതിയില്‍ പോകുമെന്ന വാര്‍ത്ത വന്നത്. ( അതോടെ ഇദ്ദേഹം സി.പി.എമ്മിന്‍റെ പാവയാണെന്നു ജനം ഉറപ്പിച്ചു ).

കാലഹരണപ്പെട്ട ലോകായുക്ത ബില്ലും അതിലുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേലിക്കെട്ടായേക്കാവുന്ന ചില പ്രശ്നങ്ങള്‍ ലോകായുക്തയുടെ മുമ്പിലുണ്ട്.

കാലുപിടിച്ചു മരത്തില്‍ കയറിയവര്‍ ചിലപ്പോള്‍ മുകളില്‍ ചെല്ലുമ്പോള്‍ തേങ്ങ പറിച്ചു താഴെ നില്‍ക്കുന്ന ഉടമസ്ഥന്‍റെ തലക്കെറിയുമല്ലൊ. ഇതു ലോകായുക്തയെക്കുറിച്ചാണെന്ന് തിറ്റിദ്ധരിക്കരുത്. (ഉമ്മന്‍ ചാണ്ടി സ്വയം രക്ഷപെടാന്‍ നിയമിച്ച സോളാര്‍ കമ്മീഷന്‍ നിയമനോത്തരവിട്ട ചാണ്ടിയെ ചാമ്പിയതെത്രയെന്ന് ആര്‍ക്കാണറിയാത്തത് ?)

ഗവര്‍ണര്‍ ഇടഞ്ഞുനില്‍ക്കുമ്പോഴാണ് കേരള സര്‍വ്വകലാശാല ആരിഫ് മുഹമ്മദ് ഖാനെ മുട്ടുകുത്തിക്കാനിറങ്ങിയിരിക്കുന്നത്. അവര്‍ എതിരായി പാസാക്കിയ പ്രമേയത്തില്‍ ഗവര്‍ണര്‍ വിറച്ചുപോയി.

നേതൃത്വമറിയാതെ ഒരു സി.പി.എം ഈച്ചപോലും പറക്കില്ലെന്ന് ഗവര്‍ണര്‍ക്കറിയാം. താന്‍ നിയമിച്ച കേരള സെനറ്റ് അംഗങ്ങളെ തിരികെ വിളിക്കാന്‍ ഗവര്‍ണര്‍ (ചാന്‍സിലര്‍) ആലോചന തുടങ്ങിയതോടെ ആശാന്‍മാര്‍ കാറ്റുപോയ ടയറിന്‍റെ അവസ്ഥയിലാണ്.


അതിനിടയിലാണ് സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷം നടന്ന സമാന നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ കമ്മീഷനെ വെക്കുമെന്ന വാര്‍ത്ത വന്നത്. അതു നടന്നാല്‍ എത്ര നേതാക്കള്‍ക്കാണ് 'കുടുംബ വരുമാനം' ഇല്ലാതാവുക ? അതോടെ എത്രപേരുടെ ഉറക്കമാണ് കെട്ടിരിക്കുന്നത് ? എല്ലാം പ്രിയക്കുവേണ്ടി.


സര്‍ക്കാരിന്‍റെ സര്‍വ്വ ഉത്തരവുകളുടെയും അടിയില്‍ ഗവര്‍ണര്‍ക്കുവേണ്ടി എന്നൊരു വാക്കുണ്ട്. അത് എടുത്തു പ്രയോഗിക്കാന്‍ തുടങ്ങിയാല്‍ പിണറായിയും കൂട്ടരും വെള്ളം കുടിക്കില്ലേ ?

ഈ 'പിപ്പിടി'യൊക്കെ ഗവര്‍ണറുടെ അടുത്തു ചെലവാകുമോ ? ഭരണഘടനാ പ്രതിസന്ധി ഉണ്ടാവില്ലേ ? സമവായത്തിന്‍റെ രീതിയല്ലേ നല്ലത് ? കേന്ദ്രത്തില്‍ മോഡിയല്ലേ ? കേരളം കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമല്ലല്ലോ ?

ഒരു ചൊറിയെ ചൊറിഞ്ഞു ചൊറിഞ്ഞു എങ്ങനെ വ്രണമാക്കാമെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി.

Advertisment