Advertisment

ജനകീയനാണ് ഉമ്മന്‍ചാണ്ടി; തികഞ്ഞ ഒരു ജനകീയ നേതാവെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ സ്വഭാവങ്ങളെയും രീതികളെയുമാണ് പരാതിക്കാരി ചോദ്യം ചെയ്തത്; അതു സത്യവും വസ്തുതകളും അടിസ്ഥാനപ്പെടുത്തിയായിരുന്നില്ലെന്ന് സി.ബി.ഐ കണ്ടെത്തി; അങ്ങനെ അവസാനം ഉമ്മന്‍ ചാണ്ടിക്ക് നീചമായ ആരോപണങ്ങളില്‍ നിന്നു മോചനം! രണ്ടു പാഠങ്ങള്‍ ഇതില്‍ നിന്നു കേരളം പഠിക്കാനുണ്ട്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

സോളാര്‍ തട്ടിപ്പ് കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതി ഉമ്മന്‍ ചാണ്ടിക്ക് ഒരു ഭീഷണിയല്ലാതാകുന്നു. അങ്ങനെ ഒരു പീഡനമോ പീഡനശ്രമമോ നടന്നിട്ടില്ലെന്ന് ഇന്ത്യയുടെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നു. അങ്ങനെ അവസാനം ഉമ്മന്‍ ചാണ്ടിക്ക് നീചമായ ആരോപണങ്ങളില്‍ നിന്നു മോചനം.

മുഖ്യമന്ത്രി എന്ന നിലയ്ക്കും ഒരു പ്രധാന രാഷ്ട്രീയ നേതാവെന്ന നിലയ്ക്കും കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ത്തന്നെ വേറിട്ടു നില്‍ക്കുന്ന ഒരു മഹത് വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയുടേത്. അക്ഷരാ‍ര്‍ത്ഥത്തില്‍ത്തന്നെ ജനകീയനാണദ്ദേഹം. എപ്പോഴും എവിടെയും ജനങ്ങളുമായി ബന്ധപ്പെടുന്ന നേതാവ്. ജനങ്ങളോടൊപ്പം കഴിയുന്ന നേതാവ്.

തികഞ്ഞ ഒരു ജനകീയ നേതാവെന്ന നിലയ്ക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവങ്ങളെയും രീതികളെയുമാണ് പരാതിക്കാരി ചോദ്യം ചെയ്തത്. അതു സത്യവും വസ്തുതകളും അടിസ്ഥാനപ്പെടുത്തിയായിരുന്നില്ലെന്ന് സി.ബി.ഐ അന്വേഷണത്തില്‍ വെളിവാകുന്നു. ഉമ്മന്‍ ചാണ്ടിയുടെ പൊതു രീതികള്‍ തന്നെ അദ്ദേഹത്തിന്‍റെ തുണയ്ക്കെത്തി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു സോളാര്‍ കേസ് പ്രതിയായ യുവതിയുടെ പരാതി. ഏതെങ്കിലും തരത്തില്‍ അതിനു തെളിവു ഹാജരാക്കാന്‍ യുവതിക്കു കഴിഞ്ഞതുമില്ല. ആ ദിവസം മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് നേരത്തെ കേസന്വേഷിച്ച സംസ്ഥാന ക്രൈംബ്രാഞ്ച് പറഞ്ഞത്.


ഇത്തരം കാര്യങ്ങളില്‍ പോലും കൃത്യത ഉറപ്പുവരുത്താന്‍ പരാതിക്കാരിക്കു കഴിഞ്ഞില്ല. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സി.ബി.ഐ പലതവണ ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരി കൂട്ടാക്കിയില്ല.


ലൈംഗിക പീഡനം നടന്നുവെന്നു തെളിയിക്കണമെങ്കില്‍ പ്രതിയും പരാതിക്കാരിയും ഒരു സ്ഥലത്ത് ഒരേ സമയത്ത് ഉണ്ടാവണം. അത്യന്തികമായി ഇക്കാര്യം തെളിയിക്കണം. അതിനാവശ്യമായ മൊബൈല്‍ തെളിവുകളോ സാക്ഷി മൊഴികളോ വേണം. ഈ കേസില്‍ ഇത്തരം തെളിവുകളൊന്നും അന്വേഷണ ഏജന്‍സികള്‍ക്കു കിട്ടിയില്ല. ആദ്യം സംസ്ഥാന ക്രൈംബ്രാഞ്ചിനും പിന്നെ സി.ബി.ഐക്കും കേസ് മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയിലായി.

ക്രൈംബ്രാഞ്ച് ഒരു തെളിവും കണ്ടെത്താതിരുന്നിട്ടും ഈ പരാതി ഒന്നാം പിണറായി സര്‍ക്കാര്‍ സി.ബി.ഐക്കു വിടുകയായിരുന്നു. സ്വാഭാവികമായും തെളിവില്ലാത്തതിനാല്‍ കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ സി.ബി.ഐ തീരുമാനിച്ചു.

യു.ഡി.എഫിലെ മറ്റു നേതാക്കന്മാര്‍ക്കെതിരെയും സമാനമായ പരാതികള്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നിലും തെളിവു കണ്ടെത്താന്‍ കഴിഞ്ഞില്ല. എല്ലാ കേസുകളും സി.ബി.ഐ അവസാനിപ്പിക്കുകയാണ്.

രണ്ടു പാഠങ്ങള്‍ ഇതില്‍ നിന്നു കേരളം പഠിക്കാനുണ്ട്. ഒന്നാമത്, ലൈംഗികാരോപണം ഏതു തരത്തിലായാലും അതു ലക്ഷ്യം വെയ്ക്കുന്ന ആളെ തകര്‍ക്കുകയും തളര്‍ത്തുകയും ചെയ്യുമെന്നത് ഉറപ്പ്. ഉമ്മന്‍ ചാണ്ടിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ ഉയര്‍ന്ന കേസുകള്‍ തന്നെ ഉദാഹരണം. രണ്ടാമത് ഇത്തരം കേസുകള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടാനുള്ള സാധ്യതകളാണ്.

രാഷ്ട്രീയ ലക്ഷ്യം വെച്ചല്ലാതെയും ധാരാളം ലൈംഗിക പീഡന സംഭവങ്ങള്‍ കേരളത്തില്‍ ഉയരുന്നുണ്ട്. ചിലതിലെങ്കിലും കേസ് തെളിവില്ലാത്ത നിലയിലാകുന്നുമുണ്ട്.

രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടു നല്‍കുന്ന പരാതികള്‍ തീര്‍ച്ചയായും അപകടകരം തന്നെയാണ്. ഉമ്മന്‍ ചാണ്ടിയെപ്പോലെ എല്ലായ്പോഴും ജനങ്ങളോടൊപ്പം കഴിയുന്ന ഒരു നേതാവിനെതിരെ ഇത്തരമൊരു പരാതിക്ക് ഒരു അടിസ്ഥാനവുമുണ്ടാകില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്കൊക്കെയും അറിയാം.

അതുകൊണ്ടുതന്നെ ആദ്യം മുതലേ ഈ കേസിന്‍റെ പേരില്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു പ്രതിഛായാ നഷ്ടവും ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല എന്നതാണു വസ്തുത. അതുതന്നെയാണ് ഒരു നേതാവിനുണ്ടായിരിക്കേണ്ട വിശ്വാസ്യതയും. എപ്പോഴും ജനങ്ങള്‍ക്കൊപ്പം നിന്ന ഉമ്മന്‍ ചാണ്ടി കക്ഷിരാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറത്ത്, സമൂഹത്തിന്‍റെ പൂര്‍ണമായ വിശ്വാസവും ആര്‍ജിച്ചിരുന്നുവെന്നര്‍ത്ഥം.


ഇതു മനസിലാക്കാന്‍ കേരളത്തില്‍ ആര്‍ക്കും കഴിയും. പക്ഷെ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഈ കേസ് സി.ബി.ഐ അന്വേഷണത്തിനു വിട്ട രാഷ്ട്രീയ നേതൃത്വത്തിനു തെറ്റു പറ്റി. അല്ലെങ്കില്‍, കേസ് പരാജയപ്പെട്ടാലും രാഷ്ട്രീയ നേട്ടം കൊയ്തെടുക്കാനാവുമെന്ന് ആ നേതൃത്വം കണക്കുകൂട്ടി. രണ്ടായാലും ഈ നടപടി തെറ്റുതന്നെയാണ്. രാഷ്ട്രീയമായും ജനാധിപത്യപരമായും.


ലാവ്ലിന്‍ കേസിലും ഇതുപോലെയാണു സംഭവിച്ചത്. ആന്‍റണി സര്‍ക്കാരിന്‍റെ കാലത്ത് ഇതു സംബന്ധിച്ച കേസ് വിജിലന്‍സ് അന്വേഷണത്തിനു വിട്ടിരുന്നു. കേസില്‍ ഒരു തെളിവും കണ്ടെത്താനായില്ല. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് എ.കെ ആന്‍റണി രാജിവെച്ചതിനേ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. 2006 -ല്‍ കാലാവധി തീര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ കേസ് സി.ബി.ഐ അന്വേഷണത്തിനു വിടുകയായിരുന്നു.

കേസ് തള്ളിക്കൊണ്ട് തിരുവനന്തപുരത്തെ സി.ബി.ഐ കോടതി കേസ് തള്ളിക്കളഞ്ഞു. ഇപ്പോള്‍ ലാവ്ലിന്‍ കേസ് സുപ്രീം കോടതി പരിഗണനയിലാണ്. പലപ്പോഴും അവധി ചോദിച്ചത് സി.ബി.ഐ. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി പറഞ്ഞിട്ടും സി.ബി.ഐക്ക് അതിനു കഴിയുന്നുമില്ല. കേസ് നീണ്ടു നീണ്ടു പോകുന്നു.

ഈ കേസുകളിലെല്ലാം കോടികളാണ് ചെലവിനത്തില്‍ പോകുന്നത്. സര്‍ക്കാരിനും സ്വന്തം പേരിനുവേണ്ടി കേസ് പറയാനിറങ്ങിത്തിരിച്ച നേതാക്കള്‍ക്കുമൊക്കെ നഷ്ടം നേരിടേണ്ടിവരുന്നു. ലൈംഗിക പരാതികളാകുമ്പോള്‍ മാനനഷ്ടവും ഫലം.

അങ്ങേയറ്റം വളര്‍ന്നു നില്‍ക്കുന്ന കേരള രാഷ്ട്രീയത്തിന് ഇത് ഒട്ടും ഭൂഷണമല്ലതന്നെ.

Advertisment