Advertisment

സജി ചെറിയാനു സത്യവാചകം ചൊല്ലിക്കൊടുക്കുകയല്ലാതെ ഗവര്‍ണറുടെ മുന്നില്‍ വേറെ വഴികളില്ലെന്നു തന്നെയാണ് നിയമോപദേശം വ്യക്തമാക്കുന്നത്‌; ഗവര്‍ണര്‍ക്ക് ചെയ്യാന്‍ കടമകളുണ്ടെന്നും ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാള്‍ അതു നിര്‍വഹിച്ചേ മതിയാകൂ എന്നും ഈ നിയമോപദേശം ഗവര്‍ണറെ ഓര്‍മിപ്പിക്കുന്നു; അതുതന്നെയാണ് ഭരണഘടനയുടെ അന്തസത്ത-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

സജി ചെറിയാന്‍, ഗവര്‍ണര്‍, ഗവണ്‍മെന്‍റ് - കേരള രാഷ്ട്രീയത്തില്‍ പുതിയ സംഘര്‍ഷത്തിനു പറ്റിയ ചേരുവകള്‍. വിവാദ പ്രസംഗത്തിന്‍റെ പേരില്‍ കഴിഞ്ഞ ജൂലൈ ആറിനു മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിച്ച് മന്ത്രിയാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാകുമോ എന്ന ചോദ്യം രാഷ്ട്രീയ കേരളത്തിനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്.

സജി ചെറിയാനെ വീണ്ടും മന്ത്രിസഭാംഗമാക്കാനും അതിനനുസരിച്ച് ജനുവരി 4 -ാം തീയതി സത്യപ്രതിജ്ഞ നടത്താനും ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞ ശനിയാഴ്ചയാണ് കത്തു നല്‍കിയത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞും സംസ്ഥാന സര്‍ക്കാരിന് രാജ്ഭവനില്‍ നിന്ന് മറുപടി കിട്ടിയില്ല. ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ചതിനേ തുടര്‍ന്നു രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച നിയമവശങ്ങള്‍ തേടി രാജ്ഭവന്‍ നിയമോപദേശം തേടുകയാണുണ്ടായത്.


ശനിയാഴ്ച തന്നെ നിയമോപദേശം കിട്ടി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ പ്രകാരം സജി ചെറിയാനു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും അത് ഭരണഘടനാപ്രകാരമുള്ള ഗവര്‍ണറുടെ ഉത്തരവാദിത്തം തന്നെയാണെന്നുമായിരുന്നു നിയമോപദേശം.


ഇതുതന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിലെ അടിസ്ഥാന വിഷയം. ഇവിടെ അധികാരം ജനങ്ങളുടെ കൈയിലാണ്. തങ്ങളെ ഭരിക്കാന്‍ ജനങ്ങള്‍ തെര‍ഞ്ഞെടുക്കുന്നവരാണ് ഇവിടെ ഭരണം നടത്തുന്നത്. ഭരിക്കാനുള്ള മാന്‍ഡേറ്റ് നല്‍കി ജനപ്രതിനിധികളെ അധികാരത്തിലേറ്റുന്നത് ജനങ്ങള്‍ തന്നെയാണ്. ജനങ്ങള്‍ നല്‍കുന്ന അധികാരം കൈയില്‍ വെച്ചുകൊണ്ടാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരിക്കുന്നത്. അതനുസരിച്ച് സജി ചെറിയാനു സത്യവാചകം ചൊല്ലിക്കൊടുക്കുകയല്ലാതെ ഗവര്‍ണറുടെ മുന്നില്‍ വേറെ വഴികളില്ലെന്നു തന്നെയാണ് നിയമോപദേശത്തിന്‍റെ അര്‍ത്ഥം.

കഴിഞ്ഞ ജൂലൈയില്‍ സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്നു രാജിവയ്ക്കാനുണ്ടായ സാഹചര്യങ്ങളെന്ത്, ഇന്ന് ആ സാഹചര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ടോ, ഇതിന്‍റെയെല്ലാം നിയമപരവും ഭരണഘടനാപരവുമായ പശ്ചാത്തലം എന്ത് ? എന്നിത്യാദി കാര്യങ്ങള്‍ ഗവര്‍ണര്‍ ഉന്നയിക്കുമെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതു ലക്ഷ്യം വച്ചുതന്നെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയതും. വിവരങ്ങളൊക്കെ അന്വേഷിക്കാം. പക്ഷേ, സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ തടയാനാകില്ല എന്നുതന്നെയുള്ള നിയമോപദേശമാണ് ഗവര്‍ണര്‍ക്കു കിട്ടിയത്. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ഗവര്‍ണറുടെ ഉപദേഷ്ടാവ്.

മല്ലപ്പള്ളിയില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇതേപ്പറ്റി തിരുവല്ലാ കോടതി മുമ്പാകെ എത്തിയ ഒരു പരാതി പരിഗണിച്ച് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു. സജി ചെറിയാന്‍റെ പ്രസംഗത്തില്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും അതൊരു വിമര്‍ശനം മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി പോലീസ് കോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പക്ഷേ ഇതിന്മേല്‍ കോടതി തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല.

പ്രസംഗത്തിന്‍റെ പേരില്‍ സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനം ഒഴിയാന്‍ ഉത്തരവാകണമെന്നു കാട്ടി ഒരാള്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതി നിലനില്‍ക്കില്ലെന്നു ഉത്തരവിട്ട് കോടതി ആ കേസ് തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവനുസരിച്ച് സജി ചെറിയാന്‍ എം.എല്‍.എ ആയി തുടരാന്‍ ഒരു തടസവുമില്ല. എം.എല്‍.എ എന്ന നിലയ്ക്കാണ് മന്ത്രിസ്ഥാനത്തെത്തുന്നത്. അതുകൊണ്ട് നിയമപരമായി പ്രശ്നമൊന്നുമില്ലെന്ന് സര്‍ക്കാരും കരുതുന്നു.


എന്തായാലും മന്ത്രിയായി ഒരാളുടെ പേര് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ സത്യപ്രതിജ്ഞ നടത്തേണ്ടതുണ്ട്. മന്ത്രിമാരെ തെര‍ഞ്ഞെടുക്കുന്നത് മുഖ്യമന്ത്രിയുടെ അവകാശമാണെന്ന് ഭരണഘടന പറയുന്നു. അങ്ങനെ മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന ആളെ സത്യപ്രതിജ്ഞ ചെയ്യിക്കുക എന്നത് ഗവര്‍ണറുടെ കടമയും.


ഗവര്‍ണര്‍ക്ക് ചെയ്യാന്‍ കടമകളുണ്ടെന്നും ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാള്‍ അതു നിര്‍വഹിച്ചേ മതിയാകൂ എന്നുമാണ് ഈ നിയമോപദേശം ഗവര്‍ണറെ ഓര്‍മിപ്പിക്കുന്നത്. അതുതന്നെയാണ് ഭരണഘടനയുടെ അന്തസത്ത. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന നേതാവാണ് മുഖ്യമന്ത്രി. ഗവര്‍ണര്‍ അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ആളല്ല. ഈ വലിയ വ്യത്യാസവും നിയമോപദേശത്തിലുണ്ട്.

Advertisment