Advertisment

സംസ്ഥാന ഭരണത്തില്‍ ഉന്നത സ്ഥാനത്തുള്ള രണ്ടു ഭരണഘടനാസ്ഥാനങ്ങളാണ് ഗവര്‍ണറും മുഖ്യമന്ത്രിയും; ഗവര്‍ണറും ഗവണ്‍മെന്‍റും തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവും ഇല്ലാതാക്കി സമാധാനാന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് നല്ല ഭരണത്തിന് അനിവാര്യമാണ്‌; ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗവര്‍ണറോടു നേരിട്ടു സംസാരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതും ! ഈ സമാധാനാന്തരീക്ഷം നിലനിര്‍ത്തണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

അവസാനം സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി. നീണ്ട ആശങ്കകള്‍ക്കൊടുവില്‍. പലരോടും കൂടിയാലോചിച്ച ശേഷം മുഖ്യമന്ത്രിയുമായി നടത്തിയ ഒരു സംഭാഷണത്തിനൊടുവില്‍ ഗവര്‍ണര്‍ നേരത്തെയെടുത്ത നിലപാടുകളൊക്കെ മാറ്റി മറിച്ചു. സര്‍ക്കാര്‍ പറഞ്ഞ സമയത്തുതന്നെ, ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിക്ക് സജി ചെറിയാന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മന്ത്രിസ്ഥാനത്തേയ്ക്ക് ഒരാളെ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്താല്‍ ആ ആളെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് അധികാരത്തിലെത്തിക്കുക എന്നതാണ് ഗവര്‍ണറുടെ കടമ. ഇത് ഭരണഘടന പ്രത്യേകം പറയുന്ന കാര്യമാണ്. ഇതിനു രണ്ടു വശങ്ങളുണ്ട്. ഒന്നാമത് മുഖ്യമന്ത്രിയുടെ അധികാരം. തന്‍റെ മന്ത്രിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരവും അവകാശവും മുഖ്യമന്ത്രിക്കു തന്നെയാണെന്ന് ഭരണഘടന പറയുന്നു. അതിനപ്പുറത്തേയ്ക്ക് ഒരധികാരവും ഗവര്‍ണര്‍ക്കില്ല എന്നത് രണ്ടാമത്തെ കാര്യം.

ഇവിടെ സജി ചെറിയാന്‍ കഴിഞ്ഞ ജൂലൈ ആറിനു മന്ത്രിസ്ഥാനം രാജിവെച്ചു. മല്ലപ്പള്ളിയിലെ ഒരു പാര്‍ട്ടി ചടങ്ങില്‍ ഭരണഘടനയ്ക്കെതിരെ സജി ചെറിയാന്‍ നടത്തിയ പ്രസംഗം വിവാദമായപ്പോഴായിരുന്നു രാജി. ഇതു സംബന്ധിച്ച് തിരുവല്ലാ കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്.

പ്രസംഗത്തിന്‍റെ പേരില്‍ സജി ചെറിയാന്‍റെ എം.എല്‍.എ സ്ഥാനം എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഒരാള്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതി കോടതി അപ്പാടേ തള്ളിക്കളഞ്ഞു. കേസ് നിലനില്‍ക്കുന്നതല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.

publive-image

തിരുവല്ലാ കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് അന്വേഷണം നടത്തി, റിപ്പാര്‍ട്ടും സമര്‍പ്പിച്ചു. കേസ് തീര്‍പ്പാക്കിയിട്ടില്ല. കോടതി തീര്‍പ്പാക്കും വരെ സത്യപ്രതിജ്ഞ നടത്തേണ്ട എന്ന തരത്തിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കം. പല ഉന്നത നിയമവിദഗ്ദ്ധരുടെ കൈയ്യില്‍ നിന്നും അദ്ദേഹം നിയമോപദേശം തേടുകയും ചെയ്തു. ഈ കേന്ദ്രങ്ങളില്‍ നിന്നൊക്കെയും അദ്ദേഹത്തിനു കിട്ടിയ നിയമോപദേശം സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിവെയ്ക്കുന്നതു ശരിയല്ലെന്നതു തന്നെയായിരുന്നു.


തമിഴ്‌നാട്, പഞ്ചിമബംഗാള്‍, തെലങ്കാന എന്നിങ്ങനെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെയും സംസ്ഥാന സര്‍ക്കാരുകള്‍ അതതു ഗവര്‍ണര്‍മാരുമായി പോരിലാണ്. കേന്ദ്രത്തിനു വേണ്ടി ഗവര്‍ണര്‍മാര്‍ സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷകക്ഷികളില്‍ പരക്കെയുണ്ട്. കുറെ മാസങ്ങളായി കേരളത്തിലും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷം തന്നെയാണ്.


ഈ സംഘര്‍ഷത്തിന്‍റെ ഭാഗമായി ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കുകയും ചെയ്തു. രാഷ്ട്രീയ സമ്മര്‍ദങ്ങളെ തുടര്‍ന്ന് പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നു. ചാന്‍സലര്‍ ബില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കാതെ പിടിച്ചുവെച്ചിരിക്കുകയാണ്. നിയമസഭ പാസാക്കിയ ലോകായുക്താ ബില്ലും ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല.

സംഘര്‍ഷം മൂത്തു നില്‍ക്കുമ്പോഴാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലെടുക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതനുസരിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു കത്തെഴുതുകയും ചെയ്തു.

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനുള്ള തടസവാദങ്ങള്‍ ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടു വ്യക്തമാക്കിക്കൊണ്ടിരുന്നപ്പോഴാണ് കേന്ദ്രത്തില്‍ നിന്ന് ഇതുസംബന്ധിച്ച് വ്യക്തമായ ചില സൂചനകള്‍ അദ്ദേഹത്തിനു കിട്ടിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹവുമായി വിശദമായി സംസാരിക്കുകയും ചെയ്തു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനു തടസമായി ഗവര്‍ണര്‍ കണ്ട കാര്യങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതിനൊക്കെ വിശദമായിത്തന്നെ മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു.


സംസ്ഥാന ഭരണത്തില്‍ ഉന്നത സ്ഥാനത്തുള്ള രണ്ടു ഭരണഘടനാസ്ഥാനങ്ങളാണ് ഗവര്‍ണറും മുഖ്യമന്ത്രിയും. മുഖ്യമന്ത്രിയെ ജനങ്ങളാണ് തെരഞ്ഞെടുക്കുന്നതത്. ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലൂടെയല്ല അധികാരത്തിലെത്തുന്നത്. ഭരണം നടത്തേണ്ടത് മുഖ്യമന്ത്രിയാണ്. ഭരണത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ മന്ത്രിമാരെ കണ്ടെത്താനും അവരെ അതിനു നിയോഗിക്കാനുമുള്ള അധികാരവും മുഖ്യമന്ത്രിക്കു തന്നെ.


മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന ആള്‍ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക എന്നത് ഗവര്‍ണറുടെ കടമയുമാണ്. സത്യപ്രതിജ്ഞ തടയാനോ, നീട്ടിവെയ്ക്കാനോ അദ്ദേഹത്തിന് അധികാരമില്ലതാനും.

ഭരണത്തില്‍ സുസ്ഥിരത ഉറപ്പിക്കാന്‍ എല്ലാ തലത്തിലും സമാധാനം വേണം. ഗവര്‍ണറും ഗവണ്‍മെന്‍റും തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവും ഇല്ലാതാക്കി സമാധാനാന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് നല്ല ഭരണത്തിന് അത്യാവശ്യം തന്നെയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗവര്‍ണറോടു നേരിട്ടു സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചതെന്ന കാര്യം വ്യക്തം. ഈ സമാധാനം നിലനിര്‍ത്തുകയാണ് വേണ്ടത്.

Advertisment