Advertisment

കേരളത്തില്‍ നിന്നുള്ള 20 എം.പിമാരില്‍ 19 പേരും യു.ഡി.എഫ് അംഗങ്ങള്‍; അതില്‍ പതിനഞ്ചും കോണ്‍ഗ്രസുകാര്‍; 2024-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാവില്ലെന്ന ബോധം മൂലമാണ് ചില എം.പിമാര്‍ കേരള നിയമസഭ ലക്ഷ്യം വയ്ക്കുന്നത് ! രാജ്യത്തൊട്ടാകെ വേരുകളുള്ള പാര്‍ട്ടിയാണെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തികച്ചും വിഭിന്നം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

മുഖ്യമന്ത്രിമാരെ തട്ടി വഴിനടക്കാന്‍ വയ്യാതായിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍. ചിലര്‍ റോഡില്‍ നിന്ന് പ്രഖ്യാപനം നടത്തുന്നു. ചിലര്‍ സമുദായ നേതാക്കളെ കണ്ടു നടക്കുന്നു - ഷാഫി പരിഹസിച്ചു. കെ.പി.സി.സി നേതൃയോഗത്തിലാണ് ഷാഫി പറമ്പില്‍ പരിഹാസത്തോടെ കാര്യങ്ങള്‍ വിശദീകരിച്ചത്.

ശശി തരൂരിനെ ലക്ഷ്യം വെച്ചാണ് ഷാഫി ഈ പ്രസ്താവന നടത്തിയതെങ്കിലും ചില പ്രമുഖ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് കെ.പി.സി.സി നേതൃയോഗത്തില്‍ ചര്‍ച്ചയായത്. ഷാഫി പറമ്പില്‍ മൂര്‍ച്ചയേറിയ പരിഹാസച്ചുവയോടെ ശശി തരൂരിനെ ഒന്നു കുത്താന്‍ ഈ അവസരം ഉപയോഗിച്ചുവെന്നു മാത്രം.

2024 -ല്‍ ലോക്സഭാ തെരഞ്ഞെടുപ്പു വരുമെന്നതുകൊണ്ട് നിലവിലുള്ള അംഗങ്ങള്‍തന്നെയാണ് സ്ഥാനാര്‍ത്ഥി വിഷയം ഉയര്‍ത്തിയിരിക്കുന്നത്. കെ. മുരളീധരനെപ്പോലെ ചിലര്‍ ഒന്നുകൂടി ലോക്സഭയിലേയ്ക്കു പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍ പ്രതാപന്‍, അടൂര്‍ പ്രകാശ് എന്നിങ്ങനെ ചിലര്‍ ഇനി തങ്ങള്‍ നിയമസഭയിലേയ്ക്കു മത്സരിച്ചുകൊള്ളാമെന്ന നിലപാടറിയിച്ചിരിക്കുന്നു. കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ വിവാദമായിരിക്കുന്നതും ഇതുതന്നെ.

എത്രയൊക്കെ നോക്കിയാലും 2024 -ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാവില്ലെന്ന ബോധമാണ് ചില ലോക്സഭാംഗങ്ങളെ കേരള നിയമസഭ ലക്ഷ്യം വെക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന കാര്യം വ്യക്തം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇക്കാര്യം ആക്ഷേപമായി ഉന്നയിക്കുകയും ചെയ്തിരിക്കുന്നു. ഇവിടുന്നുള്ള എംപിമാര്‍ക്ക് ഡല്‍ഹിയില്‍ ബി.ജെ.പിക്കാരെ പേടിയാണെന്നാണ് അദ്ദേഹത്തിന്‍റെ ആക്ഷേപം. ഇത്രയും കാലം ഇത്രയും പേര്‍ കേരളത്തിനുവേണ്ടി ശബ്ദമുയര്‍ത്താനുണ്ടായിട്ടും സംസ്ഥാനത്തിനുവേണ്ടി ഇവര്‍ എന്തു നേടി എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം.

ഈ ലോക്സഭയില്‍ കേരളത്തില്‍ നിന്ന് ആകെയുള്ള 20 സീറ്റില്‍ 19 അംഗങ്ങളും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ തന്നെയാണ്. അതില്‍ 15 പേരും കോണ്‍ഗ്രസുകാര്‍. ശബരിമല വിവാദം മുതല്‍ രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ വരെ വിവിധ ഘടകങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രകടമായത്.

ഇത്തവണ ഇങ്ങനെയുള്ള വിജയ സൂചനകളൊന്നും ഇനിയും വിളിച്ചത്തു വന്നിട്ടില്ല. കഴിഞ്ഞ തെര‍ഞ്ഞെടുപ്പിലെപ്പോലെ രാഹുല്‍ ഗാന്ധി ഇത്തവണയും മത്സരിക്കാന്‍ വയനാട്ടിലെത്തുമോ എന്നും തീര്‍ച്ചയായിട്ടില്ല. കേന്ദ്രഭരണം ഇത്തവണ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന പ്രതീക്ഷ ഒട്ടുമേ ഇല്ല. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഒരു മുന്നണി രൂപംകൊള്ളാനുള്ള സാധ്യതയൊന്നും തെളിയുന്നുമില്ല.


രാജ്യത്തൊട്ടാകെ വേരുകളുള്ള ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെങ്കിലും കേരളത്തിലാകട്ടെ കാര്യങ്ങള്‍ തികച്ചും വിഭിന്നമാണ്.


ഒന്നിടവിട്ടുള്ള ഇടവേളകളില്‍ കോണ്‍ഗ്രസിനു കേരള ഭരണം കിട്ടിക്കൊണ്ടിരുന്നതാണെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ പതിവു തെറ്റി. തുടര്‍ച്ചയായി രണ്ടാം തവണയും കോണ്‍ഗ്രസും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും അധികാരത്തിന്‍റെ ശീതളഛായ ഇല്ലാതെ പൊരിവെയിലത്തു നില്‍ക്കുകയാണ്. കഴിഞ്ഞ തവണ ഭരണം കൈയില്‍ കിട്ടുമെന്ന് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൂര്‍ണമായി വിശ്വസിച്ചതാണ്. പക്ഷെ ഭരണത്തുടര്‍ച്ച നേടി പിണറായി വിജയന്‍ ആ കണക്കു തെറ്റിച്ചു.

ഇത്തവണ ഭരണം പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പക്ഷേ സംഘടന അതിനു തക്കവണ്ണം ഒരുങ്ങിയിട്ടേയില്ല. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നീ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ തീരെ ക്ഷയിച്ചിരിക്കുന്നു. സംഘടനയെ ബലപ്പെടുത്താതെ വരുന്ന തെരഞ്ഞെടുപ്പിനെയൊന്നും നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്നതാണു സത്യം. ഐക്യജനാധിപത്യമുന്നണിയുടെ സ്ഥിതിയും വളരെ ദയനീയം തന്നെ.

കേരളത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ പേര് ഉയരുന്നതും വാര്‍ത്തയാകുന്നതും ശശി തരൂരിന്‍റെ പേരിലാണെന്നതും ഓര്‍ക്കണം. കോണ്‍ഗ്രസിന്‍റെ തന്നെ സംഘടനകള്‍ ഒരുക്കുന്ന പരിപാടികളില്‍ തരൂര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും പ്രധാന സമുദായ സംഘടനകളും നേതാക്കളും നല്‍കുന്ന സ്വീകരണങ്ങളാണ് വലിയ വാര്‍ത്തകളാകുന്നത്. ഏറ്റവുമൊടുവില്‍ കോഴിക്കോട്ട് സമസ്ത കേരള ജമാ അത്ഉല്‍ ഉലെമ നേതൃത്വം നല്‍കിയ സ്വീകരണം തന്നെ ഉദാഹരണം. കോണ്‍ഗ്രസിന്‍റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ആയിരിക്കണമെന്ന ആവശ്യം ഇത്തരം സ്വീകരണ യോഗങ്ങളിലൊക്കെയും ഉയര്‍ന്നു കേള്‍ക്കുകയും ചെയ്യുന്നു.


ഇത് കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയിലും കേരളത്തിലുമുള്ള ഉന്നത നേതാക്കളില്‍ അസ്വാസ്ഥ്യമുണ്ടാക്കുന്നുണ്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ ശശി തരൂര്‍ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു എന്ന കാര്യം യാഥാര്‍ത്ഥ്യം തന്നെയാണ്. ഇക്കാര്യം ഉള്‍ക്കൊള്ളാന്‍ ചില നേതാക്കള്‍ക്കാകുന്നില്ലെന്നു മാത്രം. ഇതാണ് കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ പ്രശ്നവും.


എങ്കിലും ശശി തരൂരിന്‍റെ യാത്രകളും സ്വീകരണങ്ങളും ഉയര്‍ത്തി വിടുന്ന തരംഗങ്ങളില്‍ കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം ആവേശം കൊള്ളുകയാണ്. പൊതുസമൂഹത്തിലും കാണാം ഈ ആവേശം. ഇതൊക്കെ കണ്ടിട്ടാവണം ലോക്സഭയില്‍ മത്സരിക്കാനിറങ്ങാതെ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ചില എം.പിമാര്‍ ശ്രമിക്കുന്നത്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ കേന്ദ്ര മന്ത്രിസഭയില്‍ ഇടം കിട്ടുമെന്നു പ്രതീക്ഷിച്ചാണ് ഇവരില്‍ പലരും കഴിഞ്ഞ തവണ മത്സരിക്കാനിറങ്ങിയത്. രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷ അര്‍പ്പിച്ച കേരള ജനത 19 പേരെയും ലോക്സഭയിലേയ്ക്കയച്ചു. ഇവരില്‍ ചിലരൊക്കെയെങ്കിലും കേരളത്തിലേക്കു വരാന്‍ കൊതിക്കുകയാണിപ്പോള്‍. ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പുതന്നെ.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍പ്പിന്നെ ഒന്നും പറയണ്ട. മന്ത്രിസഭാപ്രവേശം, അധികാരം, കൊടിവച്ച കാറ്...

Advertisment