Advertisment

കേരളത്തില്‍ എഞ്ചിനിയറിംഗ് ഉള്‍പ്പെടെയുള്ള പഠനം മലയാളത്തിലാക്കണമെന്നാണ് എ.ബി.വി.പി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പറയുന്നത്; സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് എന്തെങ്കിലും പഠിച്ചിട്ടാണോ ഉന്നത വിദ്യാഭ്യാസം മലയാളത്തിലാക്കണമെന്ന് ചൗഹാന്‍ ആവശ്യപ്പെടുന്നത് ? എ.ബി.വി.പി നേതാവ് ചില കാര്യങ്ങള്‍ പഠിക്കേണ്ടിയിരുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

കേരളത്തില്‍ എഞ്ചിനിയറിംഗ്‌ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം മുഴുവന്‍ ഇവിടുത്തെ മാതൃഭാഷയായ മലയാളത്തിലാക്കണമെന്ന് എ.ബി.വി.പി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍. ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ അതതു മാതൃഭാഷ തന്നെയാണ് എഞ്ചിനിയറിങ്ങ് പോലെയുള്ള ഉയര്‍ന്ന കോഴ്സുകളിലെ പഠന മാധ്യമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു ആശിഷ് ചൗഹാന്‍.

സ്വന്തം ഭാഷയ്ക്കു വലിയ പ്രാധാന്യം കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും അങ്ങനെ തന്നെ. ദേശീയ തലത്തില്‍ ഹിന്ദി ആയിരിക്കണം ഔദ്യോഗിക ഭാഷ എന്നാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാരുടെ വാദം. കേന്ദ്രഭരണ നേതൃത്വവും അതേ വഴിക്കുതന്നെ. കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നു കുറ്റപ്പെടുത്തുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കണമെന്നും ആശിഷ് ചൗഹാന്‍ ആവശ്യപ്പെട്ടു.


കേരളത്തെപ്പറ്റിയും കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗത്തെപ്പറ്റിയും എന്തെങ്കിലും പഠിച്ചിട്ടാണോ ആശിഷ് ചൗഹാന്‍ ഇവിടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മലയാളം മാധ്യമമാക്കണമെന്നാവശ്യപ്പെടുന്നത് ?


പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ മുമ്പിലാണ്. നൂറു ശതമാനം സാക്ഷരതയുള്ള ഒരു നാടാണു കേരളം എന്നതും പ്രധാനം. പൊതു വിദ്യാഭ്യാസ രംഗത്തു നേടിയ നേട്ടങ്ങള്‍ക്ക് ആനുപാതികമായ വളര്‍ച്ച സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തില്ല എന്നതു വസ്തുത തന്നെയാണ്. ഈ രംഗത്ത് തലയെടുപ്പുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീരെ കുറവാണ്. കേരളത്തെപ്പോലൊരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ന്യൂനത തന്നെയാണ്.

1957 -ലെ ഇ.എം.എസ് ഗവണ്‍മെന്‍റില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസര്‍ ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിദ്യാഭ്യാസ നിയമമാണ് ഇന്നു കാണുന്ന പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് അടിസ്ഥാനമിട്ടത്. അന്ന് സ്വകാര്യ സ്കൂളുകളും കോളജുകളും നടത്തിയിരുന്ന കത്തോലിക്കാ സഭ ഇ.എം.എസ് സര്‍ക്കാരിനെതിരെ തിരിഞ്ഞതും വിദ്യാഭ്യാസ നിയമത്തിന്‍റെ പേരിലാണ്.

1972 -ല്‍ എ.കെ. ആന്‍റണിയുടെ ആശിര്‍വാദത്തോടെ കെ.എസ്.യുവും യത്ത് കോണ്‍ഗ്രസും നേതൃത്വം കൊടുത്ത വിദ്യാഭ്യാസ സമരം ഉന്നത വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി. തൃശൂര്‍ ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകളവും മറ്റു മെത്രാന്‍മാരും വിദ്യാര്‍ത്ഥി സമരത്തിനെതിരെ തെരുവിലിറങ്ങി. സ്വകാര്യ കോളജുകളിലെയും സര്‍ക്കാര്‍ കോളജുകളിലെയും ഫീസുകള്‍ ഏകീകരിക്കുക, സ്വകാര്യ കോളജ് അദ്ധ്യാപകര്‍ക്കു സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയിലെ രണ്ടു പ്രധാന ഏടുകളാണ് ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിദ്യാഭ്യാസ നിയമവും കെ.എസ്.യു നേതൃത്വം നല്‍കിയ വിദ്യാഭ്യാസ സമരവും. കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇവിടുത്തെ വിദ്യാഭ്യാസ രംഗത്തിന്‍റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ ചെയ്തുവെന്നര്‍ത്ഥം.


സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് ഒട്ടേറെ പോരായ്മകളുണ്ടെന്ന വസ്തുത നിലനിര്‍ക്കെത്തന്നെ, ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ മേന്മയും കഴിവും ഉള്ളവരാണെന്നത് വലിയൊരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുകയും ചെയ്യുന്നു.


നമ്മുടെ കുട്ടികള്‍ക്ക് അവരുടെ യോഗ്യതയനുസരിച്ചുള്ള ജോലി കൊടുക്കാനും മാത്രം ഇവിടുത്തെ വ്യവസായ മേഖല ശക്തിപ്പെട്ടിട്ടില്ല. കുറെ വര്‍ഷങ്ങളായി ഐ.ടി രംഗമാണ് തൊഴില്‍ നല്‍കുന്ന വലിയൊരു മേഖല. ഇവിടുത്തെ മെഡിക്കല്‍ കോളജുകള്‍ സൃഷ്ടിക്കുന്നത് മികച്ച ഡോക്ടര്‍മാരെയാണ്. മലയാളി ഡോക്ടര്‍മാര്‍ക്ക് അമേരിക്ക പോലെയുള്ള സമ്പന്ന രാജ്യങ്ങളില്‍ വലിയ ഡിമാന്‍റ് തന്നെ.

വിവിധ വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന നമ്മുടെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠനത്തിനും മികച്ച തൊഴിലിനും ഉയര്‍ന്ന വരുമാനത്തിനും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായാലും മികച്ച ജോലിക്കായാലും വിദേശ രാജ്യങ്ങളില്‍ പോകണമെങ്കില്‍ ഇംഗ്ലീഷ് ഭാഷയില്‍ സ്വാധീനം വേണം. ഇപ്പോള്‍ അത് എളുപ്പമാകുന്നത് ഇവിടുത്തെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത് ഇംഗ്ലീഷ് ഭാഷയിലായതുകൊണ്ടാണ്.

നമ്മുടെ സ്‌കൂളുകളിലും മികച്ച രീതിയില്‍ ഇംഗ്ലീഷ് അഭ്യസിപ്പിക്കുകയാണു വേണ്ടത്. നാട്ടിലെങ്ങും സ്വകാര്യ മേഖലയില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ഉണ്ടാകുന്നതും അവിടെയൊക്കെ കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നതും കേരളത്തിലെങ്ങും കാണാന്‍ കഴിയും.

സ്വാതന്ത്ര്യം കിട്ടിയ ശേഷം കേരളത്തിലെ മലബാര്‍ പ്രദേശങ്ങളില്‍ വിദ്യാഭ്യാസരംഗം വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. ബ്രിട്ടീഷുകാരന്‍റെ ഭാഷ എന്ന നിലയ്ക്ക് ഇംഗ്ലീഷിനോട് മുസ്ലിം സമുദായം ശത്രുത പ്രഖ്യാപിച്ചിരുന്നതാണു കാരണം. 1967 -ലെ ഇ.എം.എസ് ഗവണ്‍മെന്‍റില്‍ മുസ്ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായതോടെയാണ് ഇതിനു മാറ്റം വന്നത്.

ലോക നിലവാരം നേടണമെങ്കില്‍ മുസ്ലിം കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കണമെന്ന് മന്ത്രി സി.എച്ച് മുഹമ്മദ് കോയ മലപ്പുറത്തും സമീപ പ്രദേശങ്ങളിലും ഓടിനടന്നു പ്രചാരണം നടത്തി. അദ്ദേഹത്തിന്‍റെ കാലത്ത് ധാരാളം സ്കൂളുകളും സ്ഥാപിതമായി. ഗള്‍ഫ് കുടിയേറ്റം ശക്തമായതോടെ ഈ പ്രദേശം സാമ്പത്തികമായി ഉയര്‍ച്ച നേടി. നാട്ടിലെങ്ങും പുതുതലമുറ വിദ്യാലയങ്ങള്‍ ഉയര്‍ന്നു. മലപ്പുറത്തും മറ്റും ഇപ്പോള്‍ കാണുന്ന സ്കൂളുകളുടെയൊക്കെ മുന്നില്‍ 'മുസ്ലിം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ററി സ്‌കൂള്‍' എന്ന ബോര്‍ഡ് കാണാം.

ഒരുകാലത്ത് 10 - 12 ക്ലാസുകളിലെ പരീക്ഷകള്‍ക്കും മെഡിക്കല്‍ - എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷകള്‍ക്കും തിരുവനന്തപുരത്തു ചുറ്റി നടന്ന ഉയര്‍ന്ന റാങ്കുകള്‍ ഇന്നു മലപ്പുറത്താണെന്നും കാണണം. ഇവിടെ റാങ്ക് വാങ്ങുന്നവരിലധികവും പെണ്‍കുട്ടികളും.

കേരളത്തിലേക്കു വരുന്നതിനു മുമ്പ് ആശിഷ് ചൗഹാന്‍ ഇതൊക്കെ ഒന്നു പഠിക്കേണ്ടിയിരുന്നു. ഇതു കേരളമാണ് ചൗഹാന്‍. ഓര്‍മ വേണം.

Advertisment