Advertisment

ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ പൊതുസ്വത്താണ്; സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രീയ നേതാവാണ് അദ്ദേഹം; എക്കാലത്തും ജനപ്രിയനായിരുന്ന നേതാവ് ! അങ്ങനെയുള്ള ഒരു നേതാവിന് ഏറ്റവും മികച്ച ആധുനിക ചികിത്സ തന്നെ ഉറപ്പാക്കണം; അത് സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തമായി എടുക്കണം, കോണ്‍ഗ്രസ് നേതൃത്വവും ഊര്‍ജിതമായി രംഗത്തിറങ്ങണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യപ്രശ്നമെന്ത് ? അദ്ദേഹത്തിനു വേണ്ട ആധുനിക ചികിത്സ നല്‍കുന്നുണ്ടോ ? അതോ വിശ്വാസത്തിന്‍റെ പേരില്‍ അദ്ദേഹത്തിന് ആരെങ്കിലും ചികിത്സ നിഷേധിക്കുന്നുണ്ടോ ?

ഉമ്മന്‍ ചാണ്ടിയുടെ തൊണ്ടയില്‍ വോക്കല്‍ കോര്‍ഡിനാണ് അസുഖം. അതു കാന്‍സറാണെന്നാണ് അദ്ദേഹത്തെ പരിശോധിച്ച വിദഗ്ദ്ധ ഡോക്ടര്‍മാര്‍ക്കൊക്കെയും അഭിപ്രായം. ശസ്ത്രക്രിയ വേണമെന്നും അതിനുശേഷം കീമോ തെറാപ്പി നടത്തണമെന്നും ആദ്യഘട്ടത്തില്‍ത്തന്നെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതാണ്. കുടുംബാംഗങ്ങള്‍ അതിനോടു യോജിച്ചില്ല. അദ്ദേഹത്തിന് കാന്‍സറില്ലെന്നും ആയുര്‍വേദ ചികിത്സകൊണ്ട് മാറ്റാവുന്ന രോഗമേയുള്ളു എന്നുമാണ് കുടുംബാംഗങ്ങള്‍ വിശ്വസിച്ചത്. അലോപ്പതി ചികിത്സ ആവശ്യമില്ലെന്ന വിശ്വാസത്തിലാണ് കുടുംബാംഗങ്ങള്‍.

എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ കാലങ്ങളില്‍ പരിശോധിച്ചിരുന്ന വിദഗ്ദ്ധ ഡോക്ടര്‍മാരൊക്കെ അദ്ദേഹത്തിന്‍റെ തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്നു കണ്ടെത്തിയിരുന്നു. ചികിത്സാ വിധിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചു മുന്നോട്ടു പോകാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നാണ് അവര്‍ പറയുന്നത്. ഇതുസംബന്ധിച്ചു വരുന്ന റിപ്പോര്‍ട്ടുകളും ശരിയല്ലെന്ന് അവര്‍ പറയുന്നു.


പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിന് ആധുനിക ചികിത്സ നല്‍കിയേ മതിയാകൂ എന്നു നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷേ അതും നടക്കുന്നില്ല. അപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നത്.


കേരള രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ ചാണ്ടി. എക്കാലത്തും ജനപ്രിയ നായകനായിരുന്ന നേതാവ്. അങ്ങനെയുള്ള ഒരു നേതാവിന് ഏറ്റവും മികച്ച ആധുനിക ചികിത്സതന്നെ ഉറപ്പാക്കണം. അത് സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തമായി എടുക്കുകയും വേണം.

കോണ്‍ഗ്രസ് പാര്‍ട്ടിയും ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്സാഹം കാണിക്കണം. അദ്ദേഹത്തിന് ഏറ്റവും ആധുനികമായ ചികിത്സ നല്‍കാന്‍ എ.ഐ.സി.സി തന്നെ ഒരുക്കമാണ്. പക്ഷെ എന്തിനും കുടുംബത്തിന്‍റെ പൂര്‍ണമായ പിന്തുണ അത്യാവശ്യം തന്നെ.

ആധുനിക ചികിത്സാ മേഖലകളില്‍ കേരളം വളരെയധികം മുന്‍നിരയിലാണ്. തിരുവനന്തപുരത്തെ ഡോ. എം.വി പിള്ള കാന്‍സര്‍ ചികിത്സയില്‍ ലോകത്തിലെ തന്നെ പ്രമുഖരില്‍ ഒരാളുമാണ്. ഡോ. വി.പി ഗംഗാധരനെപ്പോലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കേരളത്തില്‍ത്തന്നെയുണ്ട്. തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്‍റര്‍ പോലെ ഉയര്‍ന്ന നിലവാരമുള്ള ആശുപത്രികളും കേരളത്തിലുണ്ട്.

അമേരിക്ക, ജര്‍മ്മനി തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങള്‍ കാന്‍സര്‍ ചികിത്സയില്‍ വലിയ പുരോഗതി നേടിയിട്ടുണ്ട്. ലോകത്തില്‍ എവിടെനിന്നും ഏറ്റവും മെച്ചപ്പെട്ട ചികിത്സ ഉമ്മന്‍ ചാണ്ടിക്കു നല്‍കാന്‍ ഇന്നു കഴിയും.

സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുന്നുവെന്നാണ് ഈ ഘട്ടത്തില്‍ അറിയാന്‍ കഴിഞ്ഞത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി ഇടപെട്ടുകഴിഞ്ഞു. ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഇതുവരെയുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പഠിച്ച് മെഡിക്കല്‍ ബോര്‍ഡിന് ഉമ്മന്‍ ചാണ്ടിയുടെ അസുഖത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനാകുമെന്ന കാര്യത്തില്‍ സംശയമില്ല.


ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കണം മെഡിക്കല്‍ ബോര്‍ഡിന്‍റെ അടുത്ത നീക്കങ്ങള്‍. കാന്‍സര്‍ ചികിത്സ ഫലപ്രദമാകുന്നത് ആദ്യ ഘട്ടത്തിലാണെന്ന കാര്യം ഇന്ന് എല്ലാവര്‍ക്കുമറിയാം. വൈകുംതോറും ഫലപ്രദമായ ചികിത്സ എളുപ്പമല്ലതാനും.


ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് നേതാവാണ്. രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ അവസാനംവരെ പങ്കെടുത്ത നേതാവ്. ചാണ്ടി ഉമ്മനെപ്പോലൊരു നേതാവ് കുടുംബത്തിലുണ്ടായിട്ടും ഉമ്മന്‍ ചാണ്ടിക്ക് ആവശ്യമായ ആധുനിക ചികിത്സ കിട്ടാത്തത് ദൗര്‍ഭാഗ്യകരം തന്നെ.

ഏതൊരു രാഷ്ട്രീയ നേതാവിനും വേണ്ടത് ഒരു യുക്തിബോധമാണ്. യുക്തിക്കനുസൃതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവാണത്. വ്യക്തമായൊരു ശാസ്ത്രബോധവും ഉണ്ടാവണം. പ്രത്യേകിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ യുക്തിബോധം തന്നെ ഉദാഹരണം. പ്രത്യേകമായൊരു ശാസ്ത്രബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യന്‍ ജനതയ്ക്കുതന്നെ നല്ലൊരു ശാസ്ത്രീയ ബോധമുണ്ടാവണമെന്ന് നെഹ്റു ആഗ്രഹിച്ചു.

ചികിത്സാരംഗത്ത് ലോകം വലിയ നേട്ടങ്ങള്‍ നേടിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കൈയെത്തും ദൂരത്തുതന്നെയാണ്. വിശ്വാസവും ആചാരവുമൊന്നും അതിനു തടസം നിന്നുകൂടാ.

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് നേതാവാണെങ്കിലും അദ്ദേഹം കേരളത്തിന്‍റെ പൊതു സ്വത്തുതന്നെയാണ്. അദ്ദേഹത്തിനു വേണ്ട ചികിത്സ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്സാഹം കാണിച്ചത് ഉചിതമായി. കോണ്‍ഗ്രസ് നേതൃത്വവും ഊര്‍ജിതമായി രംഗത്തിറങ്ങണം.

Advertisment