Advertisment

അത്യാവശ്യ കാര്യങ്ങള്‍ക്കായി കോന്നി താലൂക്കോഫീസിലെത്തിയ സാധാരണക്കാരെ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍; അവധിക്ക് അപേക്ഷിക്കുക പോലും ചെയ്യാതെ പല ഉദ്യോഗസ്ഥരും മുങ്ങിയത് ഉല്ലാസയാത്രയ്ക്ക് ! ഉദ്യോഗസ്ഥര്‍ പറ്റിച്ചത് വളരെ പാടുപെട്ടു യാത്രചെയ്ത് എന്തെങ്കിലും കാര്യം സാധിക്കാനെത്തുന്ന സാധാരണക്കാരായ ജനങ്ങളെ; അവസരത്തിനൊത്ത് പ്രവര്‍ത്തിച്ച ജനീഷ് കുമാര്‍ എം.എല്‍.എയ്ക്ക് കൈയ്യടിക്കാം; ജനപ്രതിനിധിയായാല്‍ ഇങ്ങനെ വേണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

കോന്നി താലൂക്കാഫീസിലെ ജീവനക്കാര്‍ ഒന്നടങ്കം ഓഫീസ് കാലിയാക്കി വിനോദയാത്രയ്ക്കു പോയി. അവധിയെടുത്തും എടുക്കാതെയുമാണ് പ്രവൃത്തിദിവസമായ വെള്ളിയാഴ്ച ജീവനക്കാര്‍ മുങ്ങിയത്. പക്ഷേ ഡിജിറ്റല്‍ മാധ്യമങ്ങളുടെ കാലത്ത് വിവരം നിമിഷനേരം കൊണ്ട് ലോകമെങ്ങുമറിഞ്ഞു. കോന്നി എം.എല്‍.എ കെ.യു ജനീഷ് കുമാര്‍ ഉടന്‍ സ്ഥലത്തെത്തിയതോടെ കോന്നി താലൂക്ക് ഓഫീസ് വലിയൊരു വാര്‍ത്തയുടെ പ്രഭവകേന്ദ്രമായി.

ആകെ 60 ജോലിക്കാരാണ് താലൂക്ക് ഓഫീസിലുള്ളത്. അതില്‍ തഹസീല്‍ദാര്‍ ഉള്‍പ്പെടെ 39 പേരും വെള്ളിയാഴ്ച ഓഫീസിലെത്തിയില്ല. ഓഫീസില്‍ കസേരകളൊക്കെ ഒഴി‍ഞ്ഞു കിടന്നു. മുങ്ങിയവരില്‍ 19 പേര്‍ മാത്രമേ അവധിക്ക് അപേക്ഷ നല്‍കിയിരുന്നുള്ളു. ബാക്കി 20 പേരും മുങ്ങിയത് അവധിക്ക് അപേക്ഷിക്കുകപോലും ചെയ്യാതെ.

താലൂക്കാഫീസിലെത്തിയ ജനീഷ് കുമാര്‍ കണ്ടത് ഒഴിഞ്ഞ കസേരകള്‍. ദൂരെനിന്നും കഷ്ടപ്പെട്ടു ബസില്‍ യാത്രചെയ്തുവന്ന സാധാരണക്കാര്‍ കാര്യമറിയാതെ കാത്തുനില്‍ക്കുന്നു. ജനീഷ് കുമാര്‍ തഹസീല്‍ദാരുടെ കസേരയില്‍ത്തന്നെ കയറിയിരുന്നു. മുങ്ങിയ ജീവനക്കാരില്‍ ചിലരുടെ നമ്പര്‍ സംഘടിപ്പിച്ച് നേരിട്ടു ഫോണ്‍ വിളിച്ചു. അടുത്ത മാസം പെന്‍ഷനാകാന്‍ പോകുന്ന ഉദ്യോഗസ്ഥന്‍റെ യാത്രയയപ്പിനു വേണ്ടി വിനോദയാത്രയ്ക്കു പോയതാണെന്നായിരുന്നു മറുപടി.

പോയിട്ടുവാ, നിയമപരമായി നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പു നല്‍കി ജനീഷ് ചോദിച്ചു - "മന്ത്രിയേക്കാള്‍ വലിയ ആരെങ്കിലുമാണോ നിങ്ങളെ നയിക്കുന്നത് ?" റവന്യൂ മന്ത്രി കെ. രാജന്‍റെ അദ്ധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ഒരു യോഗം ചേരാനിരിക്കെയാണ് ജീവനക്കാര്‍ മുങ്ങിയത്.


ജനീഷ് കുമാര്‍ ഉടന്‍ തന്നെ വിവരം മന്ത്രി രാജനെ അറിയിച്ചു. തഹസീല്‍ദാരുടെ കസേരയിലിരുന്നുതന്നെ. അടിയന്തിരമായി നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു.


സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി.

രണ്ടാം ശനിയാഴ്ചയിലെ അവധികൂടി കണക്കിലെടുത്ത് മൂന്നു ദിവസം വിനോദസഞ്ചാരത്തിനു കിട്ടുമെന്നു കണ്ടാണ് ജീവനക്കാര്‍ വെള്ളിയാഴ്ച മുങ്ങിയത്. മൂന്നാറിലേയ്ക്കായിരുന്നു യാത്ര. രാവിലെതന്നെ വിവരമറിഞ്ഞ് ചാനല്‍ പ്രതിനിധികള്‍ താലൂക്കാഫീസിലെത്തി. വാര്‍ത്ത കണ്ട് ജനീഷ് കുമാറും സ്ഥലത്തെത്തിയതോടെ കാര്യങ്ങള്‍ക്കു ചൂടുപിടിച്ചു.

പത്തനംതിട്ട ജില്ലയില്‍ പത്തനംതിട്ടയ്ക്കും പത്തനാപുരത്തിനും ഇടയ്ക്കുള്ള സ്ഥലമാണ് കോന്നി. താലൂക്കാഫീസ് അതിര്‍ത്തിയില്‍ അധികവും മലമ്പ്രദേശങ്ങളും വനമേഖലകളുമാണ്.


ഗവി പോലെയുള്ള ദൂരസ്ഥലങ്ങളില്‍ നിന്ന് കോന്നിയിലെത്തണമെങ്കില്‍ തലേന്നു തന്നെ തിരിക്കണമെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. വളരെ പാടുപെട്ടു യാത്രചെയ്ത് എന്തെങ്കിലും കാര്യം സാധിക്കാനെത്തുന്ന സാധാരണക്കാരായ ജനങ്ങളെയാണ് ഉദ്യോഗസ്ഥര്‍ പറ്റിച്ചത്.


ജനപ്രതിനിധിയെന്ന നിലയ്ക്ക് കോന്നി എം.എല്‍.എ ജനീഷ് കുമാര്‍ അവസരത്തിനൊത്തുയരുന്നതും കണ്ടു. തഹസീല്‍ദാരുടെ കസേരയില്‍ത്തന്നെ കയറിയിരുന്ന് മുങ്ങിയ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു ശാസിക്കാനും മന്ത്രിയെ വിളിച്ചു കാര്യങ്ങള്‍ വിശദമായി ധരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എല്ലാം ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍. വിവരമറിഞ്ഞയുടന്‍തന്നെ സ്ഥലത്തെത്താന്‍ കഴിഞ്ഞു എന്നതാണ് ജനീഷ് കുമാറിന്‍റെ വിജയം.

നാട്ടുകാര്‍ക്കുവേണ്ടി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധികള്‍ക്കു മുമ്പില്‍ എത്രയെത്ര വഴികള്‍ ! വേണ്ടത് പ്രവര്‍ത്തിക്കാനുള്ള മനസ് മാത്രം.

Advertisment