Advertisment

ജമാഅത്തെ ഇസ്ലാമിക്ക് ആര്‍.എസ്.എസിനോട് എന്താണ് ചര്‍ച്ച ചെയ്യാനുള്ളതെന്നാണ് സംസ്ഥാനത്തെ മുസ്ലിം സംഘടനകള്‍ ചോദിക്കുന്നത്‌; മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളും ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തി; കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയുടെ നീക്കത്തെ വിമര്‍ശിച്ചു കഴിഞ്ഞു ! ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയെ ജമാഅത്തെ ഇസ്ലാമി എങ്ങനെ ന്യായീകരിക്കും ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും തമ്മിലെന്ത് എന്ന ചോദ്യം മുസ്ലിം സമുദായത്തില്‍ വലിയൊരു വിവാദമായി ഉയര്‍ന്നിരിക്കുന്നു. ആര്‍.എസ്.എസ് നേതൃത്വവുമായി കഴിഞ്ഞ ജനുവരിയില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ നടത്തിയ രഹസ്യ ചര്‍ച്ചയെ തുടര്‍ന്നാണ് വിവാദം ഉയര്‍ന്നത്.

ആര്‍.എസ്.എസുമായി ചര്‍ച്ച നടത്താന്‍ പോയ ജമാഅത്തെ ഇസ്ലാമി നേതാക്കളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് മുസ്ലിം സംഘടനകളൊക്കെ മുന്നോട്ടു വന്നിരിക്കുന്നത്. ഇതില്‍ മുമ്പില്‍ നില്‍ക്കുന്നത് സമസ്ത കേരള ജമാ അത് ഉല്‍ ഉലവ തന്നെ. ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുമെന്നു പേടിച്ചാണ് ആര്‍.എസ്.എസുമായി ആ സംഘടനയുടെ നേതാക്കള്‍ ചര്‍ച്ചയ്ക്ക് പോയതെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ആക്ഷേപിച്ചു.

2023 ജനുവരി 14 നാണ് ഇപ്പോള്‍ വിവാദമായ ചര്‍ച്ച നടന്നത്. മുന്‍ ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് യങ്ങിന്‍റെ വസതിയിലായിരുന്നു സംഭാഷണം. ആര്‍.എസ്.എസിന്‍റെ രണ്ടാം നേതൃനിരയിലുള്ള ഇന്ദ്രേഷ് കുമാര്‍, റാംലാല്‍, കൃഷ്ണ ഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി, ജം ഇയ്യത്തുല്‍ ഉലമായെ എന്നി സംഘടനകളും ചില ഷിയാ സംഘടനകളും പങ്കെടുത്തു. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.എച്ച് ഖുറൈഷി, പത്രപ്രവര്‍ത്തകന്‍ ഷാഹിദ് സിദ്ദിഖി, സയിദ് ശര്‍വാനി എന്നിവര്‍ മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ചു. ചര്‍ച്ച മൂന്നു മണിക്കൂര്‍ നീണ്ടു.

ഇന്ത്യയില്‍ തീവ്ര ഹിന്ദുത്വ ചിന്തയുടെ കേന്ദ്രബിന്ദുവാണ് ആര്‍.എസ്.എസ്. മുസ്ലിങ്ങള്‍ക്കെതിരെ എപ്പോഴും തീവ്രമായ ശത്രുത പുലര്‍ത്തിയിട്ടുള്ള സംഘടന. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു തൊട്ടു മുമ്പു നടന്ന വിഭജന നീക്കങ്ങളും അതിന്‍റെ പേരിലുണ്ടായ ഭീകരമായ രക്തച്ചൊരിച്ചിലും 2002 -ലെ ഗുജറാത്ത് കലാപവുമെല്ലാം ചരിത്രത്തിന്‍റെ ഭാഗം.


ഇന്ത്യയില്‍ മുസ്ലിങ്ങളോട് ഇത്രയും തീവ്രമായ ശത്രുത വെച്ചുപുലര്‍ത്തുന്ന ആര്‍.എസ്.എസിനോട് എന്തു ചര്‍ച്ച ചെയ്യാനാണെന്നാണ് കേരളത്തിലെ മുസ്ലിങ്ങളുടെ ചോദ്യം. അതിന് അവര്‍ കാരണങ്ങളും നിരത്തുന്നുണ്ട്. ഇന്നു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ബുദ്ധിയും കരുത്തുമെല്ലാം ആര്‍.എസ്.എസാണ്.


ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിത്തന്നെയാണ് ആ സംഘടന പ്രവര്‍ത്തിക്കുന്നത്. അതിലേയ്ക്ക് അവര്‍ വളരെവേഗം അടുത്തുകൊണ്ടിരിക്കുന്നു. ജുഡീഷ്യറി ഒഴികെ മിക്ക മേഖലകളിലും ആര്‍.എസ്.എസ് സ്വാധീനമുറപ്പിക്കുകയും ചെയ്തു കഴിഞ്ഞു. അങ്ങനെയുള്ള ഒരു സംഘടനയുമായി ചര്‍ച്ച നടത്തിയിട്ടെന്തു കാര്യമെന്നാണ് മുസ്ലിം സംഘടനകളുടെ ചോദ്യം.

വിമര്‍ശനത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മുമ്പില്‍ത്തന്നെയുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ശക്തികള്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും നിരന്തരമായി എതിര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ ചില മുസ്ലിം സംഘടനകള്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുന്നത് ഇത്തരം നീക്കങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.

ജനുവരി 14 -നു നടന്ന ചര്‍ച്ചയുടെ കാര്യം ഇപ്പോള്‍ മാത്രമാണു പുറത്തുവരുന്നത്. ഇരുകൂട്ടരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു.

കേരളത്തിലെ മുസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചത് ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമി ചില മുസ്ലിം സംഘടനകളുമായി ചേര്‍ന്നു നടത്തിയ രഹസ്യ നീക്കം തന്നെ. സമസ്ത പോലെ പ്രബലമായ സംഘടനകള്‍ കേരളത്തിലുള്ളപ്പോഴാണ് ഈ നീക്കം. സമസ്തയോടു ചേര്‍ന്നു നില്‍ക്കുന്ന മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയോട് ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിക്കഴിഞ്ഞു.

ദേശീയ തലത്തില്‍ മുസ്ലിം സമുദായം തികഞ്ഞ അരക്ഷിതാവസ്ഥയിലാണെന്ന കാര്യത്തില്‍ സംശയമില്ലതന്നെ. പ്രത്യേകിച്ച് യു.പി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍. അവിടെയെങ്ങും മുസ്ലിം സമുദായം സംഘടിതരല്ല. കോണ്‍ഗ്രസ് പോലെയുള്ള മതേതര-ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ ചേരിയില്‍ ഉറച്ചു നില്‍ക്കാനുള്ള ശേഷിയും മുസ്ലിം സമുദായത്തിനില്ല.


മുസ്ലിങ്ങള്‍ക്ക് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഭികാമ്യമായത് രാജ്യത്തെ മതേതര രാഷ്ട്രീയ കക്ഷികളോടു ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുക എന്നതു തന്നെയാണ്. അതിനു പറ്റിയ നേതാക്കളാണ് ഇന്നു സമുദായത്തിനാവശ്യം. കേരളത്തില്‍ വിവിധങ്ങളായ മുസ്ലിം സംഘടനകളുണ്ട്. അവ തമ്മില്‍ കടുത്ത മത്സരവും നടക്കുന്നു.


കാലാകാലങ്ങളായി നടക്കുന്ന ഇത്തരം കിടമത്സരങ്ങളുടെ പരമ്പരയില്‍ ഒന്നായി വേണം ജമാഅത്തെ ഇസ്ലാമിക്കു നേരെയുള്ള ആക്രമണത്തെയും കാണാന്‍. ഇന്നിപ്പോള്‍ എല്ലാ മുസ്ലിം സംഘടനകളും കൂടി ജമാഅത്തെ ഇസ്ലാമിയെ ഒറ്റപ്പെടുത്തിയിരിക്കുന്നു. അതിന് കോണ്‍ഗ്രസും മുസ്ലിം ലീഗും മുന്‍പന്തിയില്‍ത്തന്നെ നില്‍ക്കുകയും ചെയ്യുന്നു എന്നതാണ് കൗതുകമുയര്‍ത്തുന്ന കാര്യം. ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയെ ജമാഅത്തെ ഇസ്ലാമി എങ്ങനെ ന്യായീകരിക്കും ?

Advertisment