Advertisment

സര്‍വകലാശാലാ നിയമ പ്രകാരം വി.സിയെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കല്ല, സര്‍ക്കാരിനുതന്നെയാണെന്ന് സ്ഥിരീകരിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു; ഭരണഘടനാപരമായും ജനാധിപത്യപരമായും ഗവര്‍ണര്‍ ചെയ്തതു തെറ്റായ നടപടിയാണെന്ന് ഹൈക്കോടതി വിധി വ്യക്തമാക്കുന്നു ! ഭരണത്തില്‍ ആത്യന്തികമായി അധികാരം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനു തന്നെയെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഹൈക്കോടതി; ജനാധിപത്യ രീതികളിലും ഇതുതന്നെയാണു ശരി-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

സര്‍വകലാശാലയില്‍ നിയമനാധികാരം സംസ്ഥാന സര്‍ക്കാരിനു തന്നെ. സര്‍വകലാശാലാ നിയമ പ്രകാരം വൈസ് ചാന്‍സലറെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കല്ല, സര്‍ക്കാരിനുതന്നെയാണെന്ന് സ്ഥിരീകരിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. കേരള സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സലറായി ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍ ഡോ. സിസാ തോമസിനെ നിയമിച്ച നടപടിയെയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചോദ്യം ചെയ്തിരിക്കുന്നത്.

വൈസ് ചാന്‍സലറായിരുന്ന ഡോ. എം.എസ് രാജശ്രീ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞതോടെയാണ് താല്‍ക്കാലികമായി നിയമനം നടത്തേണ്ടി വന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യതയുള്ളവരുടെ പേരുവിവരം നോക്കി ഡോ. സിസാ തോമസിനെ സ്വയം നിയമിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനോടാലോചിക്കാതെ.

ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ ഒരു ഗവര്‍ണര്‍ക്ക് ഏകപക്ഷീയമായി ഒരു വൈസ് ചാന്‍സലറെ നിയമിക്കാനാകുമോ എന്ന ചോദ്യമാണ് ഇവിടെ ഉയര്‍ന്നു വന്നത്. ഭരണഘടനാപരമായും ജനാധിപത്യപരമായും ഗവര്‍ണര്‍ ചെയ്തതു തെറ്റായ നടപടിയാണെന്ന് ഹൈക്കോടതി വിധി വ്യക്തമാക്കുന്നു.

ഡോ. രാജശ്രീ സ്ഥാനമൊഴിഞ്ഞതിനേ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതല ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെയോ പ്രോ വൈസ് ചാന്‍സലറെയോ ഏല്‍പ്പിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശം. ഈ നിര്‍ദേശം വകവെയ്ക്കാതെ ഗവര്‍ണര്‍ ഏകപക്ഷീയമായി ഡോ. സിസാ തോമസിനെ താല്‍ക്കാലിക വി.സിയായി നിയമിക്കുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്.


ഏതു കാര്യത്തിലും തീരുമാനമെടുക്കാനുള്ള അധികാരം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാണെന്നും അതു നടപ്പിലാക്കാനുള്ള കടമ മാത്രമാണ് ഗവര്‍ണറുടേതെന്നുമുള്ള വസ്തുത സ്ഥിരീകരിക്കുകയാണ് ഹൈക്കോടതി ഈ വിധിയിലൂടെ.


"യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതകളുള്ളയാളെ ഗവര്‍ണര്‍ക്കു വി.സിയായി നിയമിക്കാം. പക്ഷെ, ആരെ നിയമിക്കണമെന്നു നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണ്", ഹൈക്കോടതി വിശദീകരിച്ചു. നേരത്തെ വി.സിയായ ഡോ. രാജശ്രീക്ക് യോഗ്യതയില്ലെങ്കില്‍ പകരം യോഗ്യതയുള്ളയാളെ കണ്ടുപിടിക്കാനും നിയമനത്തിനു നിര്‍ദേശം നല്‍കാനുമുള്ള അവകാശം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കുകയാണ് നിര്‍ണായകമായ ഈ വിധി.

സര്‍വകലാശാലകളുടെ ഭരണത്തെച്ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നിര്‍ണായകമാവുകയാണ് ഹൈക്കോടതിയുടെ ഈ വിധി. യുദ്ധം മൂത്തപ്പോള്‍ സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കംചെയ്തുകൊണ്ടുള്ള ബില്‍ നിയമസഭ ഐകകണ്ഠേന പാസാക്കുകയും ചെയ്തതാണ്. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ മാത്രമേ അതു നിയമമാകൂ. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല.

എന്തായാലും ഭരണഘടന അനുസരിച്ച്‌ ഭരണത്തില്‍ ആത്യന്തികമായി അധികാരം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനു തന്നെയെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഹൈക്കോടതി വിധി. ജനാധിപത്യ രീതികളിലും ഇതുതന്നെയാണു ശരി.

Advertisment