Advertisment

പാര്‍ട്ടിയുടെ പ്രധാന പരിപാടികളിലൊന്നും ഇ.പി. ജയരാജന്‍ പങ്കെടുക്കാത്തത് എന്തുകൊണ്ട് ? സ്വന്തം തട്ടകമായ കണ്ണൂരില്‍ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ കടന്നുപോയപ്പോഴും ഇ.പി. വിട്ടുനിന്നു; പ്രതിരോധയാത്ര കാസര്‍കോട്ട് തുടങ്ങുന്നതിനു തലേന്ന് ഇ.പി പോയതാകട്ടെ എറണാകുളത്ത് ദല്ലാള്‍ നന്ദകുമാറിന്‍റെ വീട്ടില്‍ സദ്യ ഉണ്ണാനും ! ഒരുവശത്ത് പാര്‍ട്ടിയില്‍ വീണ്ടും കരുത്തനാകുന്ന പി. ജയരാജന്‍, മറുവശത്ത് പാര്‍ട്ടിയില്‍ നിന്ന് അകലം പാലിക്കുന്ന ഇ.പി. ജയരാജന്‍; ഇ.പി ഇനിയെങ്ങോട്ട് ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

സി.പി.എമ്മിന്‍റെ രാഷ്ട്രീയ പ്രാധാന്യമേറെയുള്ള പ്രതിരോധയാത്ര കാസര്‍കോട്ട് തുടങ്ങുന്നതിനു തലേന്ന് ഇ.പി ജയരാജന്‍ എറണാകുളത്ത് ദല്ലാള്‍ നന്ദകുമാറിന്‍റെ വീട്ടില്‍ സദ്യ ഉണ്ണാനെത്തിയതെന്തിന് ? സ്വന്തം പാര്‍ട്ടിയുടെ പരിപാടിയിലേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കുന്നുമില്ല. ഇ.പിയുടെ പോക്ക് എങ്ങോട്ട് ?

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ ജാഥ തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര തുടങ്ങിയത്. പക്ഷെ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കണ്‍വീനര്‍ കൂടിയായ ഇ.പി ജയരാജന്‍ ഇതുവരെ യാത്രയില്‍ പങ്കെടുത്തിട്ടില്ല. സ്വന്തം തട്ടകമായ കണ്ണൂരില്‍ കൂടി യാത്ര കടന്നു പോകുമ്പോഴും ഇ.പി വിട്ടുനിന്നു. കണ്ണൂരിലെ പ്രമുഖ നേതാക്കളിലൊരാളാണ് ഇ.പി ജയരാജന്‍.

യാത്ര തുടങ്ങുന്നതിനു തലേന്ന് ഇ.പി എറണാകുളത്ത് ദല്ലാള്‍ നന്ദകുമാറിന്‍റെ വീട്ടില്‍ അദ്ദേഹത്തിന്‍റെ 80 വയസ് തികഞ്ഞ മാതാവിനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തി. നന്ദകുമാര്‍ അധ്യക്ഷനായ എറണാകുളം വെണ്ണല തൈക്കാട്ടുശേരി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടയ്ക്കാണ് ചടങ്ങു നടന്നത്. ഡല്‍ഹിയില്‍ കേരളത്തിന്‍റെ പ്രതിനിധിയായ പ്രൊഫ. കെ.വി തോമസും ഈ ചടങ്ങില്‍ പങ്കെടുത്തു. ഇരുവരും ഒന്നിച്ചിരുന്ന് സദ്യ കഴിക്കുകയും ചെയ്തു.


കുറെ കാലമായി പാര്‍ട്ടിയില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്ന പി ജയരാജന്‍ പ്രതിരോധയാത്രയില്‍ സജീവമായി പങ്കെടുക്കുമ്പോഴാണ് ഇ.പി ജയരാജന്‍ സ്വയം വിട്ടുനില്‍ക്കുന്നതെന്നതും ശ്രദ്ധേയം.


അടുത്തിടയ്ക്കാണ് കണ്ണൂരില്‍ ആയുര്‍വേദാശുപത്രിയ്ക്ക് ഇ.പി. ജയരാജന്‍റെ ഭാര്യ മുതല്‍ മുടക്കിയത് കടുത്ത ആരോപണമായി പി. ജയരാജന്‍ പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ ഉന്നയിച്ചത്. ആരോപണം വലിയ വിവാദമായി കത്തി ഉയരുകയും ചെയ്തു. സ്വന്തം ന്യായങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനു മുമ്പില്‍ ഇ.പി നിരത്തിവച്ചെങ്കിലും അദ്ദേഹം പ്രതീക്ഷിച്ച അനുഭാവം കിട്ടിയില്ല. ക്രിമിനല്‍ കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ പാര്‍ട്ടി നടത്തിയ പൊതുയോഗത്തില്‍ പങ്കെടുത്ത പി. ജയരാജനാകട്ടെ, സി.പി.എമ്മില്‍ പുതിയ ഉയരങ്ങളിലേയ്ക്കു കയറുകയും ചെയ്യുന്നു.

ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ വകുപ്പു മന്ത്രിയായിരുന്ന ഇ.പി ജയരാജന്‍റെ പതനം തുടങ്ങിയത് 2021 നിയമസഭാ തെരഞ്ഞെടുപ്പോടുകൂടിയാണ്. തെരഞ്ഞെടുപ്പില്‍ ഇ.പിക്കു സീറ്റ് കിട്ടിയില്ല. തുടര്‍ഭരണം കിട്ടി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇ.പി ജയരാജന്‍ പുറത്തു കാത്തിരുന്നു. കോടിയേരി ബാലകൃഷ്ണണു ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുമെന്നു പ്രതീക്ഷിച്ചെങ്കിലും ആ സ്ഥാനത്തെത്തിയത് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. അതോടെ ഇ.പിയുടെ കണക്കുകൂട്ടലെല്ലാം തെറ്റി. ഇപ്പോള്‍ എം.വി ഗോവിന്ദന്‍റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ യാത്ര നടക്കുകയും ചെയ്തുന്നു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ പി. ജയരാജന്‍ അവിടെ പരാജയപ്പെട്ടതും പാര്‍ട്ടിയില്‍ അപ്രസക്തനാകാന്‍ തുടങ്ങിയതും മറ്റൊരു സമകാലിക രാഷ്ട്രീയം. കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒരു പ്രധാന കരുത്തന്‍ തന്നെയായിരുന്നു പി. ജയരാജന്‍. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം കിട്ടിയത് നേരിയ ആശ്വാസമായെന്നു മാത്രം.

ഇപ്പോഴിതാ, കാസര്‍കോട്ടുനിന്നു പ്രതിരോധയാത്ര തുടങ്ങിയതു മുതല്‍ നേതാവ് എം.വി ഗോവിന്ദനോടൊപ്പം പങ്കെടുക്കുന്ന പി. ജയരാജന്‍ തിരിച്ചുവരവിന്‍റെ വഴിയില്‍. പാര്‍ട്ടിയുടെയോ മുന്നണിയുടെയോ പ്രധാന പരിപാടികളിലൊന്നും പങ്കെടുക്കാതെ മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന്‍.

ഇ.പി ഇനിയെങ്ങോട്ട് എന്ന ചോദ്യം ഉയരുകയാണ്.

Advertisment