Advertisment

തിരഞ്ഞെടുപ്പ് കമ്മീണറെയും അംഗങ്ങളെയും നിയമിക്കാന്‍ കൊളീജിയം രൂപീകരിക്കണമെന്ന സുപ്രീം കോടതി വിധി വളരെ പ്രധാനം തന്നെ; വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ സുപ്രീംകോടതി ഈ വിധി പുറപ്പെടുവിച്ചതും ശ്രദ്ധേയം; തിര‍ഞ്ഞെടുപ്പു കമ്മീഷണറും തിര‍ഞ്ഞെടുപ്പു കമ്മീഷന്‍ അംഗങ്ങളും എല്ലാത്തരം സ്വാധീനങ്ങള്‍ക്കും പ്രേരണകള്‍ക്കും അതീതനായിരിക്കണമെന്ന സാരാംശമാണ് ഈ വിധിയിലുള്ളത്‌-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പുകള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഇനി തികച്ചും സ്വതന്ത്രമായ സംവിധാനം. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും കമ്മീഷന്‍ അംഗങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നിയമിക്കുന്ന രീതിക്കു പകരം ആ ചുമതല പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നവരടങ്ങുന്ന കൊളീജിയം നിര്‍വഹിക്കണമെന്നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.

ചരിത്രപരമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള ഈ വിധി പ്രസ്താവിച്ചിരിക്കുന്നത് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്. സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യമുണ്ടായാല്‍ പ്രതിപക്ഷ കക്ഷികളില്‍ ഏറ്റവും വലിയ കക്ഷിയുടെ നേതാവായിരിക്കും കൊളീജിയം അംഗം എന്നം വിധിയില്‍ പറയുന്നു.


ത്രിപുര, നാഗാലാണ്ട്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെയാണ് ദല്‍ഹിയിലെ സുപ്രീം കോടതിയില്‍നിന്ന് തെരഞ്ഞെടുപ്പുകമ്മീഷന്‍ രൂപീകരണം സംബന്ധിച്ച് സുപ്രധാനമായ വിധി വന്നതെന്നും ശ്രദ്ധേയമാണ്.


പൊതുതെരഞ്ഞെടുപ്പായാലും സംസ്ഥാന തെരഞ്ഞെടുപ്പായാലും ഉപ തെരഞ്ഞെടുപ്പായാലും തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പങ്കും ചുമതലകളും സ്വാധീനവും വളരെ നിര്‍ണായകമാണ്. കാലാകാലങ്ങളായി കേന്ദ്ര സര്‍ക്കാരിന്‍റെ ഇഷ്ടപ്രകാരമാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും കമ്മീഷന്‍ അംഗങ്ങളെയും നിയമിക്കുന്നത്. ഇതില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ സ്വാഭാവികം. തെരഞ്ഞെടുപ്പു തങ്ങള്‍ താല്‍പര്യപ്പെടുന്ന സമയത്തു നടത്താന്‍ വേണ്ട സമ്മര്‍ദം കമ്മീഷനു മേല്‍ ചെലുത്താന്‍ നിയമനാധികാരമുള്ള സര്‍ക്കാരിനു കഴിയും.

അടുത്ത കാലത്താണ് മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റിനെ മറിച്ചിട്ട് ബി.ജെ.പി സംസ്ഥാന ഭരണം പിടിച്ചെടുത്തത്. മുന്നണി നേതൃപാര്‍ട്ടിയായ ശിവസേനയെ പിളര്‍ത്തിക്കൊണ്ടായിരുന്നു ബി.ജെ.പിയുടെ ഓപ്പറേഷന്‍. പിളര്‍ന്നു മാറിയ വിഭാഗം നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. രണ്ടായി പിളര്‍ന്ന ശിവസേനാ വിഭാഗങ്ങള്‍ അംഗീകാരത്തിനായി പോരടിച്ച് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയപ്പോള്‍ തീര്‍പ്പു വന്നത് ഏക്‌നാഥ് ഷിന്‍ഡെ നേത‍ൃത്വം നല്‍കുന്ന ശിവസേനയ്ക്കനുകൂലമായി.


പാര്‍ട്ടികളിലെ പിളര്‍പ്പ്, കൂറുമാറ്റം തുടങ്ങി ഇന്ത്യയിലെ വിവിധ രാഷ്ട്രീയ കക്ഷികളില്‍ സാധാരണമായുള്ള പ്രശ്നങ്ങളില്‍ തെരഞ്ഞെടുപ്പു കമ്മീഷന് ഇടപെടാനാകും. ഇതില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഒരു വലിയ പങ്കുമുണ്ടാകും. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിവിധി വളരെ പ്രസക്തമാകുന്നത്.


ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ചരിത്രത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ സാന്നിദ്ധ്യം രാജ്യത്തെ നേരാംവണ്ണം അറിയിച്ചത് ടി.എന്‍ ശേഷന്‍ മാത്രമാണ്. ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ശേഷന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയായിരിക്കെയാണ് 1990 -ല്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിക്കപ്പെട്ടത്. അന്നത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ ഇഷ്ടപ്രകാരം. പക്ഷെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ ശേഷം ശേഷന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഗൗനിച്ചില്ല. തികച്ചും സ്വതന്ത്രമായ ഒരു സംവിധാനമായി തെരഞ്ഞെടുപ്പു കമ്മഷനെ അദ്ദേഹം മാറ്റിയെടുത്തു.

സാധാരണ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പു കമ്മഷണര്‍മാരായി നിയമിക്കുന്നത്. കമ്മീഷന്‍റെ അധികാരം തികച്ചും ഇന്ത്യന്‍ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടുള്ളതു പ്രകാരമാണ്. രാഷട്രപതിയാണ് തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കുക. ഒരിക്കല്‍ നിയമിക്കപ്പെട്ടുകഴിഞ്ഞാല്‍ ആ ചുമതലയില്‍ നിന്നും നീക്കം ചെയ്യുക അത്ര എളുപ്പമല്ല കാര്യമല്ല. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കെതിരെ എന്തെങ്കിലും നടപടി വേണമെങ്കില്‍ത്തന്നെ അതിന് ലോക്സഭയിലെയും രാജ്യസഭയിലെയും മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം താനും.

ജനാധിപത്യ വ്യവസ്ഥിതിയില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയ്ക്ക് തെര‍ഞ്ഞെടുപ്പു കമ്മീഷന്‍റെ രൂപീകരണം സംബന്ധിച്ച് സുപ്രീം കോടതി വിധി ചരിത്രപരമായ പ്രാധാന്യം നേടുന്നതും ഈ പശ്ചാത്തലത്തിലാണ്. മുഖ്യ തെര‍ഞ്ഞെടുപ്പു കമ്മീഷണറും തെര‍ഞ്ഞെടുപ്പു കമ്മീഷന്‍ അംഗങ്ങളും എല്ലാത്തരം സ്വാധീനങ്ങള്‍ക്കും പ്രേരണകള്‍ക്കും അതീതനായിരിക്കണമെന്ന സാരാംശമാണ് ഈ വിധിയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്.

വിധിയുടെ ലക്ഷ്യം ഉള്‍ക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും വിധിയില്‍ പറയുന്നുണ്ട്. ബി.ജെ.പിയും ആര്‍.എസ്.എസും ഭരണഘടനാ സ്ഥാപനങ്ങളിലൊക്കെയും സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണം വ്യാപകമായിരിക്കെ സുപ്രീം കോടതിയുടെ ഘരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഈ വിധി വളരെ പ്രധാനം തന്നെ. സുപ്രീം കോടതി ജഡ്ജിമാരെയും ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാരെയും നിയമിക്കുന്ന ജഡ്ജിമാരുടെ കൊളീജിയം സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാരിനും പങ്കുണ്ടാവണമെന്ന് ഭരണകക്ഷി നേതാക്കള്‍ തന്നെ ആവശ്യപ്പെടുമ്പോഴാണ് ഈ വിധിയെന്നതും പ്രധാനം.

Advertisment