Advertisment

ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോഴും ഡല്‍ഹിയില്‍ വലിയ പ്രസക്തിയുണ്ട്, ആപ്പിന്റെ ശക്തിയും അതു തന്നെയാണ്; സിസോദിയയുടെ അറസ്റ്റിന് പിന്നാലെ മറ്റ് നിരവധി പാര്‍ട്ടികള്‍ ആപ്പിന് പിന്തുണയുമായെത്തിയിട്ടും കോണ്‍ഗ്രസ് പിന്തുണയ്ക്കാന്‍ തയ്യാറായില്ല; ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നു മത്സരിക്കണമെന്ന് പ്ലീനറി സമ്മേളനം ആഹ്വാനം ചെയ്തിട്ടും ആപ്പിന്റെ വിലാപം കോണ്‍ഗ്രസിന്റെ മനസ് അലിയിച്ചില്ല ! പ്രതിപക്ഷ രാഷ്ട്രീയം വീണ്ടും കലങ്ങുകയാണോ ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ആം ആദ്മി പാര്‍ട്ടിക്ക് ഒരു വലിയ സ്വപ്നമുണ്ടായിരുന്നു. അഴിമതിക്കെതിരായ ഐതിഹാസിക സമരത്തിലൂടെ ജനിച്ചു വളര്‍ന്ന ആം ആദ്മി പാര്‍ട്ടി ലക്ഷ്യംവെച്ചത് അഴിമതി ഒട്ടുമില്ലാത്ത ഒരു സുന്ദര സമൂഹം. ഡല്‍ഹിയില്‍ ഭരണവും പിടിച്ചു. ഡല്‍ഹി ഭരണത്തിന്‍റെ ശക്തികേന്ദ്രമായ മനീഷ് സിസോദിയയെ സി.ബി.ഐ പിടികൂടിയിരിക്കുന്നു. വിഷയം അഴിമതി തന്നെ. ഡല്‍ഹി സംസ്ഥാനത്തെ വിദേശമദ്യ ചില്ലറ വില്‍പന സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള തീരുമാനമാണ് സിസോദിയയെ കുടുക്കിയത്.

ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിഛായ തകര്‍ക്കുന്നതു തന്നെയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ലക്ഷ്യം. സി.ബി.ഐ അന്വേഷണം പോലെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ അഴിച്ചുവിട്ടിരിക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. പക്ഷെ പാര്‍ട്ടിയുടെ വിലാപം കണ്ടു മനസലിയാനോ പിന്തുണ നല്‍കാനോ കോണ്‍ഗ്രസ് പോലും തയ്യാറില്ലെന്നതാണു സത്യം. ബി.ജെ.പിക്കെതിരെ ഇന്ത്യയിലെ സകല പാര്‍ട്ടികളും ഒന്നിച്ചുനിന്നു മത്സരിക്കണമെന്ന് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം ആഹ്വാനം ചെയ്തിട്ടു ദിവസങ്ങളേ ആയുള്ളുതാനും.


ബി.ജെ.പിയ്ക്കെതിരെ ദേശീയ രാഷ്ട്രീയത്തില്‍ വലിയൊരു ശക്തിയായി വളരുകയായിരുന്നു ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി ഭരണം ശക്തമാക്കി മുന്നോട്ടുപോകുന്ന പാര്‍ട്ടി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണവും പിടിച്ചടക്കിയിരിക്കുന്നു. അതും ബി.ജെ.പിയെയും അതിന്‍റെ എല്ലാ തന്ത്രങ്ങളെയും തോല്‍പ്പിച്ചു തന്നെ.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബും ആപ്പ് പിടിച്ചടക്കി. അവിടെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിനെ. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷീലാ ദീക്ഷിതിനെയും പി. ചിദംബരത്തെയുമൊക്കെ അഴിമതി ആക്ഷേപം ചൊരിഞ്ഞാണ് അവിടെ ഭരണം പിടിച്ചെടുത്തതെന്നുമോര്‍ക്കണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ പോരിനിറങ്ങിയതോടെയാണ് ആപ്പ് നേതാവ് അരവിന്ദ് കെജ്‌രിവാളിന്‍റെ വാക്കിന്‍റെ മൂര്‍ച്ചയും തന്ത്രങ്ങളുടെ ബലവും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറിഞ്ഞത്. ഡല്‍ഹിയിലെ പോലെ ഗുജറാത്തിലെ കുട്ടികള്‍ക്കു പഠിക്കാന്‍ നല്ല വിദ്യാഭ്യാസ സൗകര്യം വേണമെങ്കില്‍ ആം ആദ്മി പാര്‍ട്ടിക്കു വോട്ടുചെയ്യൂ എന്നായിരുന്നു കെജ്‌രിവാളിന്‍റെ അഭ്യര്‍ത്ഥന.


നാടിന് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവണമെങ്കില്‍ ഇന്ത്യന്‍ കറന്‍സി നോട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ലക്ഷ്മീ ദേവിയുടെ ചിത്രവും ആലേഖനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടിനെയും മറികടക്കുന്ന തീവ്ര ഹിന്ദുത്വ നിലപാട്.


ഡല്‍ഹിയില്‍ മനീഷ് സിസോദിയ ആയിരുന്നു വിദ്യാഭ്യാസ മന്ത്രി. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ രീതി ഡല്‍ഹി സ്കൂളുകളില്‍ നടപ്പിലാക്കാന്‍ സിസോദിയയ്ക്കു കഴിഞ്ഞു. സ്വകാര്യ സ്കൂളുകളെ വെല്ലുവിളിക്കും വിധം മികച്ച സൗകര്യങ്ങളും സര്‍ക്കാര്‍ സ്കൂളുകളില്‍ ഏര്‍പ്പെടുത്തി. ചുരുങ്ങിയ കാലം കൊണ്ട് ഭരണത്തിലും രാഷ്ട്രീയത്തിലും ഉയരുന്ന ആപ്പിനെ കണ്ട് ബി.ജെ.പി നേതൃത്വം അസ്വസ്ഥമായി എന്നു പറയുന്നതാണെളുപ്പം.

വിദ്യാസമ്പന്നരായ ഇടത്തരക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടത്തരം ബിസിനസുകാരുടെയും വനിതകളുടെയും ആശ്രയവും സ്വപ്നവുമായാണ് ആം ആദ്മി പാര്‍ട്ടി വളര്‍ന്നത്. നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പോലും പാര്‍ട്ടിയില്‍ ചേര്‍ന്നു. പക്ഷെ ഭരണം കൈയില്‍ കിട്ടിയപ്പോള്‍ നേതൃത്വം പണ്ടു പറഞ്ഞതു പലതും മറന്നു. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനായിരുന്ന പ്രശാന്ത് ഭൂഷണെപോലെയുള്ളവര്‍ പാര്‍ട്ടി വിട്ടു.

ഭരണത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആം ആദ്മി പാര്‍ട്ടി സൗജന്യങ്ങളും സമ്മാനങ്ങളും പ്രഖ്യാപിച്ചു. കെജ്‌രിവാള്‍ തന്നെ സ്വന്തം നിലപാടു പലതവണ മാറ്റി. താനൊരു വിശ്വാസിയേ അല്ലെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. 2020 -ല്‍ പറഞ്ഞു താനൊരു ഹനുമാന്‍ ഭക്തനാണെന്ന്. അതേ കെജ്‌രിവാള്‍ കഴിഞ്ഞ ഗുജറാത്തില്‍ ലക്ഷ്മീ ദേവിയുടെ ചിത്രം കറന്‍സി നോട്ടില്‍ അച്ചടിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടിനുമപ്പുറത്തേക്കു കടന്നു.

പക്ഷെ രാഷ്ട്രീയ പ്രവര്‍ത്തനവും തെരഞ്ഞെടുപ്പു പ്രചാരണവുമെല്ലാം ചെലവേറിയതാണെന്ന് കെജ്‌രിവാള്‍ മനസിലാക്കിത്തുടങ്ങി. ബിസിനസ് സ്ഥാപനങ്ങള്‍ ഔദ്യോഗികമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനയില്‍ നല്ലൊരു പങ്ക് ബി.ജെ.പിക്കു പോകുന്നതും കെജ്‌രിവാള്‍ കണ്ടു.


കോണ്‍ഗ്രസിന് രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഭരണമുണ്ട്. കേരളം പോലെ ചില സംസ്ഥാനങ്ങളില്‍ ശക്തവുമാണ്. ഇത്തരം ആനുകൂല്യമൊന്നും ആം ആദ്മി പാര്‍ട്ടിക്കില്ല.


പക്ഷെ ആപ്പിന്‍റെ നേട്ടം അതിന്‍റെ നേതൃനിരയിലെ വിദ്യാഭ്യാസമുള്ള യുവാക്കളാണ്. സിസോദിയയെപ്പോലെയുള്ള പ്രഗത്ഭരായ നേതാക്കളും. സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്ത നടപടി ശരിയാണെന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വാദിക്കുന്നത്. പ്രതിസന്ധിയിലായ ആപ്പിനു നേരെ ഒരു കൈ സഹായം നീട്ടാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. എന്നാല്‍ മമതാ ബാനര്‍ജിയും ചന്ദ്രശേഖര്‍ റാവുവും സീതാറാം യച്ചൂരിയുമൊക്കെ ആം ആദ്മി പാര്‍ട്ടിക്കു പിന്തുണയുമായെത്തിയിട്ടുണ്ട്. പ്രതിപക്ഷനിരയില്‍ത്തന്നെ വിള്ളല്‍ വലുതാവുകയാണ്.

കേന്ദ്രഭരണം തന്നെയാണ് കെജ്‌രിവാളും ലക്ഷ്യം വെയ്ക്കുന്നത്. പശ്ചിമ ബംഗാളിലെ സഗാര്‍ദിഗി സീറ്റിലേയ്ക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത് മമതാ ബാനര്‍ജിയെ ഞെട്ടിച്ചുകളഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബൈരോണ്‍ ബിശ്വാസ് ജയിച്ചത് 22,986 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്. സി.പി.എം പിന്തുണയോടെയാണ് ഇവിടെ കോണ്‍ഗ്രസ് ജയിച്ചത്. നിയമസഭയില്‍ ഒറ്റ സീറ്റ് പോലുമില്ലായിരുന്ന കോണ്‍ഗ്രസ് ഈ നിയമസഭയില്‍ ആദ്യമായി ഒരംഗത്തെ സഭയിലയയ്ക്കുകയാണ്. രോഷംപൂണ്ട മമതാ ബാനര്‍ജി 2024 -ല്‍ മൂന്നാം മൂന്നണി രൂപീകരിച്ചു മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു.

2024 അടുക്കുമ്പോഴേയ്ക്ക് പ്രതിപക്ഷ രാഷ്ട്രീയം വീണ്ടും കലങ്ങുകയാണോ ? ഏഴുദിവസം സി.ബി.ഐ കസ്റ്റഡിയിലായിരുന്ന സിസോദിയയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു തിരികെ വിട്ടിരിക്കുന്നു. ഇനി ജാമ്യാപേക്ഷ. സിസോദിയയ്ക്കു ജാമ്യം കിട്ടാന്‍ നോക്കിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.

ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോഴും ഡല്‍ഹിയില്‍ വലിയ പ്രസക്തിയുണ്ട്. ജനങ്ങളില്‍ വലിയ പ്രതീക്ഷയും. ആപ്പിന്‍റെ ശക്തി അതുതന്നെ.

Advertisment