Advertisment

മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ സംവിധാനങ്ങളില്ലാത്തതാണ് ബ്രഹ്മപുരത്തെ അതിരൂക്ഷമായ പ്രശ്നം; മാലിന്യസംസ്‌കരണത്തിന്‌ നഗരസഭ ഭരണസമിതികള്‍ കൊണ്ടുവന്ന പദ്ധതികളൊന്നും ഫലവത്തായില്ല; പദ്ധതികളിലൂടെ കോടികള്‍ ചോര്‍ന്നെങ്കിലും ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് കുന്നുകള്‍ വളര്‍ന്നുകൊണ്ടേയിരുന്നു ! നഗരസഭയുടെ പണം മാലിന്യത്തിലൂടെ ഒഴുകി ആരുടെയൊക്കെ പോക്കറ്റിലെത്തി എന്ന് ജനങ്ങള്‍ക്കറിയണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

മാലിന്യക്കൂമ്പാരത്തിന്‍റെ ഭീകരതയാണ് എറണാകുളത്തിനടുത്ത് ബ്രഹ്മപുരത്ത് കേരളം കാണുന്നത്. കൊച്ചിക്കാര്‍ അനുഭവിക്കുന്നത്. കൊച്ചി നഗരത്തിന്‍റെയും പരിസരപ്രദേശങ്ങളുടെയും മാലിന്യം മുഴുവന്‍ ഏറ്റുവാങ്ങുന്ന ബ്രഹ്മപുരത്തുണ്ടാകുന്ന തീയും പുകയും വിഷം തുപ്പുകയാണ്. മനുഷ്യജീവന്‍ അപകടത്തിലാക്കുന്ന വിഷം. സര്‍വ ജീവജാലങ്ങള്‍ക്കും ഭീഷണിയാണിത്.

കൊച്ചി നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ബ്രഹ്മപുരത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 110 ഏക്കര്‍ സ്ഥലത്താണ് ഈ മാലിന്യ കൂമ്പാരം. 15 വര്‍ഷമായി ഇത് നഗരത്തിന്‍റെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമാണ്. ദിവസേന എത്തുന്ന ഖര-ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ സംവിധാനങ്ങളില്ലാത്തതാണ് ബ്രഹ്മപുരത്തെ അതിരൂക്ഷമായ പ്രശ്നം.

മാലിന്യം സംസ്കരിക്കാന്‍ വിവിധ നഗരസഭാ ഭരണസമിതികള്‍ പലതരം പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഒന്നും ഫലവത്തായില്ല. മാലിന്യം സംസ്കരിച്ചു വൈദ്യുതിയുണ്ടാക്കാനുള്ള പദ്ധതി വരെ ഇതിലുണ്ടായിരുന്നു.

ഇതിനിടയ്ക്കാണ് ബയോ മൈനിങ്ങിലൂടെ പ്ലാസ്റ്റിക് വേര്‍തിരിച്ച് സംസ്കരിക്കാനുള്ള പദ്ധതി കോര്‍പ്പറേഷന്‍ കൊണ്ടുവന്നത്. ബംഗളൂരു ആസ്ഥാനമാക്കിയുള്ള സോണ്ട ഇന്‍ഫ്രാടെക് എന്ന കമ്പനി ഇതിനു കരാര്‍ ഏറ്റെടുത്തു. 55 കോടി രൂപയ്ക്കായിരുന്നു കരാര്‍.


കരാര്‍ കാലാവധി തീര്‍ന്നെങ്കിലും ഇതുവരെ 30 ശതമാനം മാലിന്യം മാത്രമേ സംസ്കരിച്ചിട്ടുള്ളു. കുന്നുകൂടി കിടക്കുന്ന മാലിന്യത്തില്‍ നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെ ഖരമാലിന്യം നീക്കി ജൈവ മാലിന്യം സംസ്കരിക്കുകയാണ് ഈ പദ്ധതിയുടെ രീതി. പക്ഷെ പ്രതീക്ഷിച്ച വേഗത്തില്‍ ജോലി പുരോഗമിച്ചില്ല. കമ്പനി വരുന്ന ആഗസ്റ്റ് വരെ സമയം ചോദിച്ചിരിക്കുകയാണ്.


സോണ്ടാ ഇന്‍ഫ്രാടെക്കിനെ ചുറ്റിപ്പറ്റി പുതിയ ആരോപണങ്ങളും ഉയര്‍ന്നിരിക്കുന്നു. സി.പി.എം നേതാവും മുന്‍ ഇടതുമുന്നണി കണ്‍വീനറുമായ വൈക്കം വിശ്വന്‍റെ മരുമകനാണ് സോണ്ടാ ഇന്‍ഫ്രാടെക് ഉടമ. കരാറിനെപ്പറ്റി തനിക്കൊന്നും അറിയില്ലായിരുന്നുവെന്ന് വൈക്കം വിശ്വന്‍ ബുധനാഴ്ച മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞുവെങ്കിലും പ്രശ്നം അവിടെയെങ്ങും തീരുന്ന പ്രശ്നമേയില്ല.

മാലിന്യ സംസ്കരണത്തിന് ഉപകരാര്‍ നല്‍കിയതിന്‍റെ പേരിലും ആരോപണമുയര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ജി. വേണുഗോപാലിന്‍റെ മകനാണ് ഉപകരാര്‍ നല്‍കിയിട്ടുള്ളതെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ ബുധനാഴ്ച മുന്നോട്ടു വന്നിട്ടുണ്ട്.

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ലോകരാജ്യങ്ങളിലൊക്കെയും പ്ലാസ്റ്റിക് മാലിന്യം ഒരു വലിയ പ്രശ്നം തന്നെയാണ്. ആധുനിക രാജ്യങ്ങളിലൊക്കെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ആധുനികമായ രീതികളുമുണ്ട്. അതില്‍ റീ സൈക്കിള്‍ ചെയ്യാവുന്നവ വേര്‍തിരിക്കാനും അല്ലാത്തവ ശാസ്ത്രീയമായി സംസ്കരിക്കാനുമുള്ള സാങ്കേതിക വിദ്യയും അവിടങ്ങളിലൊക്കെയുണ്ട്.

ആധുനിക ശാസ്ത്രത്തിന്‍റെ വലിയൊരു കണ്ടുപിടിത്തമാണ് പ്ലാസ്റ്റിക്. വളരെ വിലകുറഞ്ഞ ഈ വസ്തു സാധനങ്ങള്‍ പായ്ക്കു ചെയ്യാന്‍ വളരെ യോജിച്ചതാണ്. മിഠായി മുതല്‍ പഞ്ചസാര, ഉപ്പ്, പരിപ്പ് തുടങ്ങിയ പലവ്യഞ്ജന സാധനങ്ങള്‍ വരെ പ്ലാസ്റ്റിക് കവറുകളിലാണ് ഇന്നു കിട്ടുന്നത്. കേക്കും അലുവയും മധുര പലഹാരങ്ങളുമെല്ലാം പ്ലാസ്റ്റിക് കവറില്‍ സുരക്ഷിതമായി പായ്ക്ക് ചെയ്തു വാങ്ങാം. ഷര്‍ട്ടും സാരിയുമെല്ലാം പ്ലാസ്റ്റിക് കവറിലിട്ടാണു വില്‍ക്കാന്‍ വെച്ചിരിക്കുന്നത്. കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പുണ്ടാക്കാനും പ്ലാസ്റ്റിക് തന്നെ ശരണം.

ഉപയോഗം കഴിഞ്ഞാല്‍ പ്ലാസ്റ്റിക് മനുഷ്യവര്‍ഗത്തിന്‍റെയും സര്‍വ ജീവജാലങ്ങളുടെയും ശത്രുവാകും. ജൈവമാലിന്യം പോലെ മണ്ണിലോ വെള്ളത്തിലോ ലയിച്ചു ചേരുന്ന ഒരു വസ്തുവല്ല പ്ലാസ്റ്റിക്. തീകത്തിച്ചു കളയാമെന്നു വെച്ചാല്‍ അത് വലിയ അപകടമാണു താനും. പ്ലാസ്റ്റിക് കത്തി ഉണ്ടാകുന്ന പുകയില്‍ വലിയ വിഷാംശങ്ങളുണ്ടാകും. സര്‍വ ജീവജാലങ്ങള്‍ക്കും ഇത് അപകടകരമാണ്. പ്ലാസ്റ്റിക് പുക ശ്വസിച്ചാല്‍ കാന്‍സറിനു സാധ്യതകൂടുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. കൊച്ചി നഗരം ഈ വിപത്താണ് ഇപ്പോള്‍ നേരിടുന്നത്.


ബ്രഹ്മപുരത്തെ മാലിന്യ മല അഗ്നിപര്‍വ്വതം പോലെയാണെന്ന് കാലാകാലങ്ങളില്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പക്ഷെ കൊച്ചി നഗരസഭ മാറി മാറി ഭരിച്ച ഭരണകര്‍ത്താക്കള്‍ ഈ മുന്നറിയിപ്പ് ചെവിക്കൊണ്ടില്ല. മാലിന്യ നിര്‍മാര്‍ജനത്തിനായി പലതരം പദ്ധതികള്‍ വന്നു. ഇതിലൂടെ കോടികള്‍ ചോര്‍ന്നു. എങ്കിലും ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് കുന്നുകള്‍ വളര്‍ന്നുകൊണ്ടേയിരുന്നു.


ഇന്ന് മാര്‍ച്ച് എട്ടാം തീയതി ബുധനാഴ്ച, ബ്രഹ്മപുരത്തെ മാലിന്യ കുന്നിനു തീപിടിച്ചിട്ട് ഏഴാം ദിവസം. തീ ഉടനെ അണയ്ക്കുമെന്നു നഗരസഭാ അധികൃതര്‍ പറയുന്നുണ്ടെങ്കിലും മാലിന്യ പ്രശ്നത്തിന് എന്തു പരിഹാരമെന്നു പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. നഗരസഭയുടെ പണം മാലിന്യത്തിലൂടെ ഒഴുകി ആരുടെയൊക്കെ പോക്കറ്റിലെത്തി എന്ന് ജനങ്ങള്‍ക്കറിയണം.

അതെ. മാലിന്യം വിഷമാണ്. മാലിന്യം പണവുമാണ്.

Advertisment