Advertisment

നെഹ്റു ചത്ത കുതിരയെന്നു വിശേഷിപ്പിച്ച മുസ്ലിം ലീഗ് ഇന്നു ഐക്യജനാധിപത്യ മുന്നണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയാണ്; അധികാരമില്ലാതെ തുടര്‍ച്ചയായ 10 വര്‍ഷക്കാലം ലീഗിനെ തളര്‍ത്തുമെന്ന് നേതാക്കള്‍ക്കു നന്നായറിയാം; എങ്കിലും കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുക എന്ന നിലപാടില്‍ നിന്നു ലീഗ് മാറി ചിന്തിക്കാനുള്ള സാദ്ധ്യത തീരെയില്ല ! യു.ഡി.എഫ് തന്നെയാണ് എക്കാലവും ലീഗിന്‍റെ ഉറച്ച തട്ടകം; ഒരു ചെറിയ ഇടവേളയൊഴിച്ചാല്‍ ലീഗ് യു.ഡി.എഫില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു; മുസ്ലിം ലീഗ് പിന്നിട്ട 75 വര്‍ഷം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

മുസ്ലിം ലീഗ് ചത്ത കുതിരയാണെന്നാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി കോഴിക്കോട്ട് ഒരു വലിയ രാഷ്ട്രീയ പ്രസംഗത്തില്‍ ആക്ഷേപിച്ചത്. അത് കാഴ്ചബംഗ്ലാവില്‍ സൂക്ഷിക്കേണ്ട ചരിത്ര വസ്തുവാണെന്നും നെഹ്റു അന്നു പറഞ്ഞു. 1955 -ല്‍.

ലീഗിന്‍റെ ഉശിരന്‍ നേതാവായി വളര്‍ന്നു വരികയായിരുന്ന സി.എച്ച് മുഹമ്മദ് കോയ ഗംഭീരന്‍ മറുപടിയുമായി ജവഹര്‍ലാല്‍ നെഹ്റുവിനെ നേരിട്ടു. "മുസ്ലിം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണ്. അതിന്‍റെ ഗര്‍ജനം ഈ ഉപഭൂഖണ്ഡത്തില്‍ മുഴങ്ങാന്‍ പോകുന്നതേയുള്ളു" - സി.എച്ചിന്‍റെ വാക്കുകള്‍.

ജവഹര്‍ലാല്‍ നെഹ്റു ചത്ത കുതിരയെന്നു വിശേഷിപ്പിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഇന്നു കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയാണ്. കേരളത്തില്‍ വിവിധ ജനാധിപത്യ-മതേതര പാര്‍ട്ടികളോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു രാഷട്രീയ കക്ഷി. ന്യൂനപക്ഷ മുസ്ലിം സമുദായത്തിനുവേണ്ടി നിലനില്‍ക്കുമ്പോഴും അതിനപ്പുറത്ത് ജനാധിപത്യ-മതേതര സ്വഭാവം വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടി.


1948 മാര്‍ച്ച് പത്താം തീയതി ചെന്നൈയിലെ രാജാജി ഹാളില്‍ മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം ചേര്‍ന്നത് സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിം ലീഗ് എന്തായിരിക്കണമെന്ന് ആലോചിക്കാനായിരുന്നു. ഇന്ത്യ വിഭജിച്ച് മുസ്ലിങ്ങള്‍ക്കുവേണ്ടി പാക്കിസ്ഥാന്‍ രൂപീകരിച്ചെങ്കിലും ഇന്ത്യയില്‍ ധാരാളം മുസ്ലിങ്ങള്‍ ഉണ്ടായിരുന്നു. മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുമുണ്ടായിരുന്നു.


ഇന്ത്യയിലെ മുസ്ലിങ്ങളെ അണിനിരത്തി മുസ്ലിം ലീഗിന് പുതിയൊരു സംഘടനാ രൂപം ഉണ്ടാക്കാനാണ് 75 വര്‍ഷം മുമ്പു ചേര്‍ന്ന യോഗം തീരുമാനിച്ചത്. ഇന്ത്യയിലെ മറ്റു സമുദായങ്ങള്‍ക്കൊപ്പം നിന്ന് ഇന്ത്യയെന്ന രാജ്യത്തിന്‍റെ ഐക്യവും കെട്ടുറപ്പും നിലനിര്‍ത്താന്‍ തന്നെയായിരുന്നു ആ തീരുമാനം. 75 വര്‍ഷം പിന്നിടുന്ന മുസ്ലിം ലീഗിന്‍റെ ഇന്നത്തെ നേതൃത്വം ചെന്നൈയില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലാണ്. പാര്‍ട്ടിക്ക് പുതിയ പരിപാടികളും കര്‍മ്മ വഴികളും ആലോചിക്കാന്‍.

75 വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഇന്നു കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടിയായി ചുരുങ്ങിയെന്നതാണു സത്യം. തമിഴ്‌നാട്ടിൽ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ കോണ്‍ഗ്രസിനൊപ്പം ഘടകകക്ഷിയാണ് ലീഗ്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ പ്രബലമായ ന്യൂനപക്ഷ സമുദായമാണ് മുസ്ലിം സമുദായം. പക്ഷെ ഇന്ന് അവിടെയെങ്ങും മുസ്ലിം ലീഗിന് സാന്നിദ്ധ്യം പോലുമില്ല.

കേരളത്തിലാവട്ടെ, മുസ്ലിം ലീഗ് ഉള്‍പ്പെടുന്ന യു.ഡി.എഫ് രണ്ടാം തവണയും പ്രതിപക്ഷത്താണ്. എപ്പോഴും അധികാരത്തിന്‍റെ ശീതള ഛായയില്‍ കഴിയാനാണ് മുസ്ലിം ലീഗിനിഷ്ടം. അധികാരമില്ലാതെ തുടര്‍ച്ചയായ പത്തു വര്‍ഷക്കാലം ലീഗിനെ തളര്‍ത്തുമെന്ന് നേതാക്കള്‍ക്കു നന്നായറിയാം. എങ്കിലും കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുക എന്ന നിലപാടില്‍ നിന്നു ലീഗ് മാറി ചിന്തിക്കാനുള്ള സാദ്ധ്യത തീരെയില്ല. യു.ഡി.എഫ് തന്നെയാണ് എക്കാലവും ലീഗിന്‍റെ ഉറച്ച തട്ടകം.

ഐക്യ കേരളത്തിന്‍റെ രൂപീകരണകാലത്തുതന്നെ മുസ്ലിം ലീഗും രൂപമെടുക്കുകയും സംഘടനാ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തതാണ്. 1956 നവംബര്‍ 18 -ന് എറണാകുളത്തു ചേര്‍ന്ന വമ്പിച്ച സമ്മേളനത്തിലാണ് കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മിറ്റിയും നിലവില്‍ വന്നത്. ബാഫക്കി തങ്ങള്‍ പ്രസിഡന്‍റായും സീതി സാഹിബ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ സര്‍വ ജനങ്ങള്‍ക്കും വേണ്ടി മാത്രമല്ല, രാജ്യത്തിന്‍റെ തന്നെ മുഴുവന്‍ സമ്പല്‍സമൃദ്ധിക്കുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ യോഗം ജനങ്ങളെ ആഹ്വാനം ചെയ്തു.


പക്ഷെ ലീഗ് നേതൃത്വത്തിന്‍റെ ഈ വിശാല കാഴ്ചപ്പാട് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നില്ല. ഐക്യ കേരളത്തിന്‍റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പു നടന്ന സമയത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മുസ്ലിം ലീഗ് ശ്രമിച്ചതാണ്. അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധനായി വളര്‍ന്നു വരികയായിരുന്ന ഫാദര്‍ ജോസഫ് വടക്കന്‍ കോണ്‍ഗ്രസിനൊറ്റയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്താനാവില്ലെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.


മുസ്ലിം ലീഗ്, പി.എസ്.പി എന്നീ കക്ഷികളെകൂട്ടി ഒരു മുന്നണിയുണ്ടാക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്താനുള്ള ഏക വഴിയെന്നും ഫാദര്‍ വടക്കന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ ഉപദേശിച്ചു. ലീഗിന്‍റെ നിര്‍ദേശവും വടക്കനച്ചന്‍റെ ഉപദേശവും കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞു. 1957 -ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയതും ഇ.എം.എസ് മ്പൂതിരിപ്പാട് മുഖ്യമന്ത്രിയായതും ചരിത്രം.

1959 -ലെ വിമോചന സമരത്തില്‍ മുസ്ലിം ലീഗും പങ്കെടുത്തു. 1960 -ല്‍ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ലീഗിനെയും പി.എസ്.പിയെയും കൂട്ടി മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസിനു വിവേകമുദിച്ചു. മുന്നണി വിജയിച്ചു. പി.എസ്.പി നേതാവു പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. പക്ഷേ ലീഗിനു മന്ത്രിസ്ഥാനം കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.

ആവസാനം കെ.എം. സീതിസാഹിബിനു സ്പീക്കര്‍ സ്ഥാനം കൊടുക്കാന്‍ തീരുമാനമായി. അതും സീതിസാഹിബ് ലീഗിലെ അംഗത്വം ഒഴിയണമെന്ന നിബന്ധനയോടെ. വലിയ വിട്ടുവീഴ്ച ചെയ്തുകൊണ്ടുതന്നെ ലീഗ് നേതൃത്വം ഇതംഗീകരിച്ചു.

സീതി സാഹിബും അദ്ദേഹത്തിന്‍റെ നിര്യാണത്തെ തുടര്‍ന്ന് സി.എച്ച് മുഹമ്മദ് കോയയും നിയമസഭാ സ്പീക്കര്‍ സ്ഥാനമേറ്റെങ്കിലും കോണ്‍ഗ്രസിനെതിരായ രോഷം ലീഗ് നേതൃത്വത്തില്‍ വളരുകയായിരുന്നു.

ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന ജനവികാരത്തില്‍ മുസ്ലിം ലീഗും പങ്കു ചേര്‍ന്നു. 1966 മെയ് 30 -ാം തീയതി ചെന്നൈയിലെ മരയ്ക്കാര്‍ ലബ്ബ സ്ട്രീറ്റിലെ ലീഗ് മാന്‍ഷനില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ഇന്ത്യയില്‍ കോണ്‍ഗ്രസിതര ബദല്‍ സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. കേരളത്തിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും യോഗം തീരുമാനിച്ചു.

ഈ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇ.എം.എസ് നമ്പൂതിരിപ്പാടും അഴീക്കോടന്‍ രാഘവനും ഉള്‍പ്പെട്ട സി.പി.എം നേതൃസംഘം കോഴിക്കോട്ട് ലീഗ് നേതാവ് ബി.വി അബ്ദുള്ളക്കോയ സാഹിബിന്‍റെ വസതിയില്‍ ചര്‍ച്ചയ്ക്കെത്തിയത്. 1966 ആഗസ്ത് മാസത്തില്‍ ഒരു വൈകുന്നേരമായിരുന്നു നിര്‍ണായകമായ ഈ യോഗം. അന്ന് രാത്രി വിശാലമായ ഒരു മീന്‍ ബിരിയാണിയും കഴിച്ച് പല കാര്യങ്ങളിലും യോജിപ്പുണ്ടാക്കി ഇരു കക്ഷികളും.


ലീഗിനെ കൂടെ കൂട്ടി ഒരു സപ്തകക്ഷി മുന്നണി ഉണ്ടാക്കുക എന്ന ഇ.എം.എസിന്‍റെ പദ്ധതി അന്ന് പൂവണിയുകയായിരുന്നു. 1967 ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വം കൊടുത്ത മുന്നണി അധികാരത്തില്‍ വന്നു. ഇ.എം.എസ് വീണ്ടും മുഖ്യമന്ത്രി. സി.എച്ച് മുഹമ്മദ് കോയയും എം.പി.എം അഹമ്മദ് കുരിക്കളും മന്ത്രിമാര്‍. അങ്ങനെ ലീഗിന് ആദ്യമായി അധികാരത്തില്‍ പങ്കാളിത്തം.


1969 ല്‍ ചരിത്രം പിന്നെയും തിരിഞ്ഞു മറിഞ്ഞു. 1967 ല്‍ വെറും ഒമ്പത് അംഗങ്ങളിലേയ്ക്ക് ഒതുങ്ങിപ്പോയ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ നേതാവ് കെ. കരുണാകരന്‍ ഏറെ അദ്ധ്വാനിച്ച് പുതിയൊരു മുന്നണി കെട്ടിപ്പടുത്തു. ഭരണപക്ഷത്തുനിന്ന് സി.പി.ഐയെയും മുസ്ലിം ലീഗിനെയുമൊക്കെ കരുണാകരന്‍ കൂടെ കൂട്ടി. പിന്നെ കേരള രാഷ്ട്രീയത്തില്‍ കെ. കരുണാകരന്‍ എന്ന ലീഡറുടെ വരവായിരുന്നു. ഒപ്പം സി.എച്ച് മുഹമ്മദ് കോയയുടെയും മുസ്ലിം ലീഗിന്‍റെയും. ഒരു ചെറിയ ഇടവേളയൊഴിച്ചാല്‍ ലീഗ് ഐക്യ ജനാധിപത്യ മുന്നണിയില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു.

ന്യൂനപക്ഷ സമുദായ കക്ഷികള്‍ക്ക് ഏറ്റവും നല്ല കൂട്ട് ജനാധിപത്യ-മതേതര കക്ഷികളുമായുള്ള കൂട്ടുകെട്ടാണെന്ന് മുസ്ലിം ലീഗ് നമ്മെ പഠിപ്പിക്കുന്നു

Advertisment