Advertisment

മുസ്ലിം ലീഗ് 75 -ാം വാര്‍ഷികം ആഘോഷിച്ചിട്ട് ദിവസങ്ങളേ ആയുള്ളു, സംഘടനാ തെരഞ്ഞെടുപ്പും കൃത്യമായിത്തന്നെ നടക്കുന്നു; സി.പി.എമ്മിന്‍റെ ജനകീയ പ്രതിരോധ യാത്ര വലിയൊരു സംഘടനാ പ്രവര്‍ത്തനം തന്നെയാണ്; ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം എന്തെന്ന് കോണ്‍ഗ്രസ് നേതൃത്വം എന്നേ മറന്നുപോയിരിക്കുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധയാത്ര പത്തനംതിട്ട ജില്ല പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ അടിപിടി മുറുകുകയാണ്. കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ ഏഴ് എം.പിമാര്‍ എ.ഐ.സി.സിയുടെ സംഘടനാ ചമുതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനു പരാതി നല്‍കിയിരിക്കുന്നു.

കെ.പി.സി.സി നേതൃത്വം ഏകപക്ഷീയമായാണു സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് പരക്കെയുള്ള പരാതി. പക്ഷെ കോണ്‍ഗ്രസില്‍ മുമ്പു പ്രബലമായിരുന്ന എ - ഐ ഗ്രൂപ്പുകള്‍ ഇന്നു നിലവിലില്ല. സമ്മര്‍ദ ഗ്രൂപ്പുകള്‍ സജീവമല്ലാത്തതിനാല്‍ നേതൃത്വത്തിന് സ്വന്തം ഇഷ്ടപ്രകാരം സംഘടനാ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നു. കെ.പി.സി.സിയുടെ പുന:സംഘടനയും ഇങ്ങനെ ഏകപക്ഷീയമായാണു നടത്തുന്നതെന്നാണ് എം.പിമാരുടെ പരാതി.


ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനം രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘടനാ ബലമാണ്. സംഘടനയ്ക്കു കരുത്തു വേണമെങ്കില്‍ സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം. സംഘടനാ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം കൃത്യമായ ഇടവേളകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണ്.


സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മികവു തെളിയിക്കുന്ന പ്രഗത്ഭരായ നേതാക്കള്‍ നേതൃസ്ഥാനങ്ങളിലെത്തും. സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ അതു കഴിയൂ. ഗ്രൂപ്പുകളുടെ വാഴ്ചക്കാലത്ത് ഗ്രൂപ്പ് മാനേജര്‍മാരിലൂടെയായിരുന്നു നേതാക്കള്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തിയിരുന്നത്. എ - ഐ ഗ്രൂപ്പുകള്‍ ദുര്‍ബലമായതോടെ സംസ്ഥാന നേതൃത്വത്തിന്‍റെ കൈയിലായി അധികാരം മുഴുവന്‍.

സംസ്ഥാന നേതൃത്വം തന്നെയാണ് പാര്‍ട്ടി പുന:സംഘടന നടത്തുക. നേതൃത്വത്തോട് അടുത്തുനില്‍ക്കുന്നവര്‍ക്കു മാത്രമേ സ്ഥാനമാനങ്ങള്‍ കിട്ടുകയുള്ളു എന്നതാണു സ്ഥിതി. ഇതുതന്നെയാണ് എം.കെ രാഘവനും കെ. മുരളീധരനും ചൂണ്ടിക്കാട്ടിയത്.

കോഴിക്കോട്ട് ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് എം.കെ രാഘവന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന പി. ശങ്കരന്‍റെ അനുസ്മരണ സമ്മേളനമായിരുന്നു ചടങ്ങ്. ഉപയോഗിച്ചുകഴിഞ്ഞാലുടന്‍ വലിച്ചെറിയുന്ന സംസ്കാരമാണിപ്പോള്‍ കോണ്‍ഗ്രസിലെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. മുതിര്‍ന്ന പല നേതാക്കള്‍ക്കും അടുത്ത കാലത്തു കോണ്‍ഗ്രസ് വിട്ടു പോകേണ്ടിവന്ന സാഹചര്യം ഓര്‍മിപ്പിക്കുകയായിരുന്നു അദ്ദേഹം.

"പാര്‍ട്ടിയില്‍ വിമര്‍ശനമോ അഭിപ്രായ വ്യത്യാസമോ പ്രകടിപ്പിക്കാന്‍ വയ്യാത്ത അവസ്ഥ വന്നിരിക്കുന്നു. പുതിയ സ്ഥാനം വേണമെങ്കിലോ കൈയിലുള്ള സ്ഥാനം നിലനിര്‍ത്തണമെങ്കിലോ ഒന്നും മിണ്ടാതിരുന്നുകൊള്ളണമെന്നായിരിക്കുന്നു സ്ഥിതി," എം.കെ രാഘവന്‍ തുറന്നടിച്ചു. അണികളല്ല, നേതൃത്വമാണ് കോണ്‍ഗ്രസിനെ ക്ഷയിപ്പിക്കുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു.


ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കാര്യങ്ങള്‍ വിശദീകരിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉടന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ കോഴിക്കോട്ടു ഡി.സി.സി പ്രസിഡന്‍റിനു കത്തു നല്‍കി. ഡി.സി.സി പ്രസിഡന്‍റ് ഉടന്‍ തന്നെ മുകളിലേയ്ക്കു റിപ്പോര്‍ട്ടയച്ചു. രാഘവനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടായിരുന്നു റിപ്പോര്‍ട്ട്.


കെ.പി.സി.സി നേതൃത്വത്തിന്‍റെ നീക്കം കണ്ട് കെ. മുരളീധരന്‍ ശക്തമായി പ്രതികരിച്ചു. പാര്‍ട്ടിയില്‍ ആര്‍ക്കും അഭിപ്രായം പറയാനാവാത്ത സ്ഥിതിയാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഉടനെ വന്നു, മുരളീധരനും നേതൃത്വത്തിന്‍റെ നോട്ടീസ്. മുരളീധരന്‍ തെല്ലും കൂസിയില്ല. തനിക്കിനി ലോക്സഭയിലോ നിയമസഭയിലോ മത്സരിക്കാന്‍ സീറ്റൊന്നും വേണ്ടെന്നായി അദ്ദേഹം.

കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തിട്ടൂരത്തിനു പുല്ലുവില കല്‍പ്പിച്ചുകൊണ്ടായിരുന്നു മുരളീധരന്‍റെ തീരുമാനം. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കളൊക്കെയും ബി.ജെ.പിയിലേയ്ക്കു ചേക്കേറുമ്പോഴാണ് സംസ്ഥാന നേതൃത്വം പ്രമുഖ പാര്‍ട്ടി നേതാക്കളുടെ നേര്‍ക്ക് അധികാരത്തിന്‍റെ മുഷ്ക്ക് പ്രകടിപ്പിക്കുന്നത്. എം.കെ രാഘവനും കെ. മുരളീധരനും അത് ഒരു കൂസലുമില്ലാതെ തള്ളിക്കളയുകയായിരുന്നു.

അടുത്ത കുറെ കാലങ്ങളായി പത്തോളം ഡി.സി.സി പ്രസിഡന്‍റുമാരാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി രണ്ടു കൈയ്യും നീട്ടി അവരെയെല്ലാം സ്വാഗതം ചെയ്തു. സ്ഥാനമാനങ്ങളും നല്‍കി. ഈ പട്ടികയില്‍ ഏറ്റവും അവസാനത്തേതാണ് മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി. ആന്ധ്രയുടെ പ്രബലനായ കോണ്‍ഗ്രസ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡി ഒരപകടത്തില്‍ മരണമടഞ്ഞ ശേഷം മകന്‍ ജഗ് മോഹന്‍ റെഡ്ഡി അമ്മയെയും കൂട്ടി ഡല്‍ഹിയില്‍ ചെന്ന് സോണിയാ ഗാന്ധിയെ കാണാന്‍ ശ്രമിച്ചതാണ്. സോണിയ കൂടിക്കാഴ്ചയ്ക്കുപോലും തയ്യാറായില്ല.


വൈ.എസ്.ആറിന്‍റെ പിന്‍ഗാമിയായി രാഷ്ട്രീയത്തില്‍ വരാന്‍ ജഗ് മോഹന്‍ റെഡ്ഡി ശ്രമിച്ചെങ്കിലും ഹൈക്കമാന്‍റ് സമ്മതിച്ചില്ല. നേതൃത്വം ഇടപെട്ട് കിരണ്‍ കുമാര്‍ റെഡ്ഡിയെ ആന്ധ്രാ മുഖ്യമന്ത്രിയാക്കി. സംസ്ഥാനത്തെ അവസാന മുഖ്യമന്ത്രിയായിരുന്നു കിരണ്‍ കുമാര്‍ റെഡ്ഡി.


വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വൈ.എസ്.ആര്‍ പാര്‍ട്ടിയുണ്ടാക്കി ജഗ് മോഹന്‍ റെഡ്ഡി ആന്ധ്രാ പ്രദേശ് രാഷ്ട്രീയം പിടിച്ചെടുത്തു. ഇന്ന് ജഗ് മോഹനാണ് ആന്ധ്രാ മുഖ്യമന്ത്രി. കോണ്‍ഗ്രസ് ഒന്നുമല്ലാതായി. കേരളത്തില്‍ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ചെന്നൈയിലെ രാജാജി നഗറില്‍ 75 -ാം വാര്‍ഷികം ആഘോഷിച്ചിട്ട് ദിവസങ്ങളേ ആയുള്ളു. സംഘടനാ തെരഞ്ഞെടുപ്പും കൃത്യമായിത്തന്നെ നടക്കുന്നു. സി.പി.എമ്മിന്‍റെ ജനകീയ പ്രതിരോധ യാത്ര വലിയൊരു സംഘടനാ പ്രവര്‍ത്തനം തന്നെയാണ്.

ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം എന്തെന്ന് കോണ്‍ഗ്രസ് നേതൃത്വം എന്നേ മറന്നുപോയിരിക്കുന്നു. സംഘടനാ തെരഞ്ഞെടുപ്പു നടന്നിട്ട് ദശകങ്ങളേറെയായി.

Advertisment