Advertisment

നിയമസഭയിലുണ്ടായ സംഭവവികാസങ്ങള്‍ കൈവിട്ടു പോകാന്‍ ഇരു വിഭാഗത്തെയും അംഗങ്ങള്‍ അനുവദിക്കരുതായിരുന്നു; പ്രതിപക്ഷത്തിന് സഭാ നടപടികളില്‍ ആവശ്യമായ ഇടം നല്‍കാന്‍ സ്പീക്കര്‍ക്കു കഴിയണം; നിയമസഭ തുറന്ന ചര്‍ച്ചകളുടെയും വിമര്‍ശനങ്ങളുടെയും വേദിയാകണം; പ്രതിപക്ഷത്തിന് സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം നല്‍കുക തന്നെ വേണം; അവര്‍ സംസാരിക്കട്ടെ-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്വന്തം പാരമ്പര്യം കൊണ്ടും രീതികള്‍ കൊണ്ടും പരീക്ഷണങ്ങള്‍ കൊണ്ടും മറ്റു സംസ്ഥാനങ്ങള്‍ക്കും ഇന്ത്യന്‍ പാര്‍ലമെന്‍റിനുതന്നെയും മാതൃകയാണ് കേരള നിയമസഭ. ചില സംസ്ഥാന രാഷ്ട്രീയത്തില്‍ കാണുന്നതുപോലെ കൂറുമാറ്റമോ കുതിരക്കച്ചവടമോ നടക്കാത്ത സംസ്ഥാനം കൂടിയാണു കേരളം. നിയമസഭയുടെ നിയമ നിര്‍മാണ പ്രക്രിയയ്ക്ക് കൂടുതല്‍ മാനം നല്‍കുന്ന സബ്ജക്ട് കമ്മിറ്റികള്‍ ആദ്യം പരീക്ഷിച്ചത് കേരള നിയമസഭയാണ്. ലോക്സഭയ്ക്കു പോലും അതു മാതൃകയായി.

തുടര്‍ച്ചയായി രണ്ടാം ദിവസവും അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിഷേധിച്ചതിന്‍റെ പേരില്‍ പ്രതിപക്ഷം ബുധനാഴ്ച സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത് വലിയ സംഘര്‍ഷം അഴിച്ചുവിട്ടു. തിരുവനന്തപുരം നഗരത്തിനടുത്ത് ചെങ്കോട്ടുകോണത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ചില യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചതിനെക്കുറിച്ച് ഉമാ തോമസ് ആയിരുന്നു അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നത്.

കൊച്ചി നഗരസഭയില്‍ യു.ഡി.എഫ് അംഗങ്ങളെ പോലീസ് മര്‍ദിച്ചതു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ചൊവ്വാഴ്ച അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനും സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സമാന്തര സഭാ സമ്മേളനം നടത്തി പ്രതിഷേധിച്ചു.


"സ്പീക്കര്‍ നീതിപാലിക്കുക" എന്നെഴുതിയ ബാനര്‍ പിടിച്ചു അംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. ബാനര്‍ സ്പീക്കറുടെ മുഖം മറച്ചത് അദ്ദേഹത്തെ അസ്വസ്ഥനാക്കി ബാനര്‍ പിടിച്ചു മുന്നില്‍ നിന്ന അംഗങ്ങളെ സ്പീക്കര്‍ ആക്ഷേപിച്ചു. ഷാഫി പറമ്പില്‍ അടുത്ത തവണ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും സ്പീക്കര്‍ ഷംസീര്‍ പറഞ്ഞ‌ു.


ബ്രഹ്മപുരം വിഷയത്തില്‍ പ്രസ്താവന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. പ്രതിപക്ഷ നേതാവു വി.ഡി സതീശന്‍റെ മുറിയില്‍ നേതാക്കള്‍ യോഗം ചേര്‍ന്ന ശേഷം അംഗങ്ങള്‍ സ്പീക്കറുടെ ഓഫീസിനു മുന്നിലേക്കു പ്രകടനമായി നീങ്ങുകയായിരുന്നു. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച് അംഗങ്ങള്‍ കുത്തിയിരുന്നതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിരോധിക്കാനെത്തി. സഭ പിരിഞ്ഞ് സ്പീക്കര്‍ പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിനു വഴിയൊരുക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ചു. പ്രതിപക്ഷാംഗങ്ങള്‍ തിരിച്ചും ബലം പ്രയോഗിച്ചു. പെട്ടെന്ന് സംഘര്‍ഷം രൂക്ഷമായി.

കാര്യങ്ങള്‍ ഈ രീതിയില്‍ കൈവിട്ടു പോകാന്‍ ഇരു വിഭാഗത്തെയും അംഗങ്ങള്‍ അനുവദിക്കരുതായിരുന്നു. വ്യാഴാഴ്ച കാലത്ത് സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന യോഗവും പരാജയപ്പെട്ടു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറയാനുള്ളതു തുറന്നു പറഞ്ഞെങ്കിലും ഇരു കൂട്ടരും സ്വന്തം നിലപാടില്‍ ഉറച്ചു നിന്നതോടെ യോഗം അലസിപ്പിരിയുകയായിരുന്നു.

പഴയതുപോലെ എന്തിനും ഏതിനും അടിയന്തിര പ്രമേയം അനുവദിക്കാനാവില്ലെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നു മുഖ്യമന്ത്രി അറിയിച്ചു. ഓരോ വിഷയവും സര്‍ക്കാര്‍ ആലോചിച്ചു തീരുമാനിക്കുമെന്നും ഓരോ വിഷയത്തിന്‍റെയും സാഹചര്യവും ഗൗരവവും പരിശോധിച്ചാണ് അതു തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. അടിയന്തര പ്രമേയം പ്രതിപക്ഷത്തിന്‍റെ അവകാശമാണെന്നും അതു നിഷേധിച്ചാല്‍ സഭാ സാധാരണപോലെ നടക്കുമെന്നു മുഖ്യമന്ത്രി കരുതേണ്ടെന്നും പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു. ചര്‍ച്ച വിപരീത ദിശകളിലേയ്ക്കു നീങ്ങിയതോടെ സമാധാനത്തോടെ സഭ മുന്നോട്ടു കൊണ്ടുപോകാന്‍ സ്പീക്കര്‍ നടത്തിയ ശ്രമങ്ങളെല്ലാം അലസി.


സഭാ നടത്തിപ്പില്‍ സര്‍ക്കാരിന്‍റെ നിലപാട് നടപ്പിലാക്കാന്‍ സ്പീക്കര്‍ ബാധ്യസ്ഥനാണ്. അത്ര സമയം പ്രതിപക്ഷത്തിന് സഭാ നടപടികളില്‍ ആവശ്യമായ ഇടം നല്‍കാനും സ്പീക്കര്‍ക്കു കഴിയണം. എങ്കില്‍ മാത്രമേ ആദരണിയനായ സ്പീക്കര്‍ എന്ന വിളിക്ക് ആ പദവിയിലിരിക്കുന്ന ആള്‍ അര്‍ഹത നേടൂ.


നിയമസഭയില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം അഴിച്ചുവിട്ട പ്രതിഷേധ പ്രകടനവും സംഘര്‍ഷവും സ്പീക്കര്‍ സ്വീകരിച്ച നിലപാടിനെതിരെയായിരുന്നു. അതാവട്ടെ, സര്‍ക്കാരിന്‍റെ തീരുമാനപ്രകാരവും. മുമ്പ് ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നപ്പോള്‍ അടിയന്തര പ്രമേയങ്ങള്‍ ഇഷ്ടം പോലെ അവതരിപ്പിച്ചിരുന്ന കാര്യം കഴിഞ്ഞ പത്തു വര്‍ഷക്കാലം സഭയിലിരുന്നു താന്‍ കണ്ടിട്ടുണ്ടെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ സ്പീക്കറായിരുന്ന വി.എം സുധീരന്‍ (1985 - 87) എപ്പോഴും ഭരണപക്ഷ - പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നു. സഭാ നടപടികളുടെ ഭാഗമായി രാവിലെ തന്നെ നടക്കുന്ന ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനും ഉപക്ഷേപത്തിനുമുള്ള സമയം ഉദാരമാക്കുകയാണ് അദ്ദേഹം ചെയ്തത്.

ഓരോ അംഗത്തിന്‍റെയും നാട്ടില്‍ നടക്കുന്ന ചെറുതും വലുതുമായ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനാകുമെന്ന നില വന്നതോടെ അംഗങ്ങള്‍ക്കുത്സാഹമായി. ഇതൊക്കെയും ദിനപത്രങ്ങള്‍ അതത് എഡിഷനുകളില്‍ ചേര്‍ക്കുകയും പതിവാക്കി. സഭയില്‍ അംഗങ്ങളുടെ സമ്മര്‍ദം കുറയ്ക്കാന്‍ ഈ നടപടി സഹായിക്കുന്നുവെന്നാണ് അന്നു സ്പീക്കര്‍ വി.എം സുധീരന്‍ പറഞ്ഞത്. സര്‍ക്കാരിന് ഇതിനോടു യോജിപ്പുണ്ടായിരുന്നില്ലെങ്കിലും.

മുഖ്യമന്ത്രി കെ. കരുണാകരനെ പ്രതിരോധത്തിലാക്കുന്ന പല നടപടികളും സ്പീക്കര്‍ വി.എം സുധീരന്‍ അക്കാലത്തു സ്വീകരിച്ചിരുന്നു. ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ നിയമ നിര്‍മാണത്തിനു പകരം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനെതിരെ സ്പീക്കര്‍ സുധീരന്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചിരുന്നു. ഓര്‍ഡിനന്‍സ് രാജ് അനുവദിക്കാനാവില്ലെന്നും നിയമം സഭയില്‍ പാസാക്കുകയാണു വേണ്ടതെന്നും പറഞ്ഞ് അദ്ദേഹം പുറപ്പെടുവീച്ച റുളിങ്ങ് മുഖ്യമന്ത്രി കരുണാകരനെ നേരിട്ട് ആക്രമിക്കുന്ന രീതിയില്‍ത്തന്നെയായിരുന്നു. സി.പി.എം ഭരണത്തിലിരിക്കുമ്പോള്‍ സ്പീക്കറാകുന്ന ഒരാള്‍ക്കും ഇതതരം നടപടികളെക്കുറിച്ചു ചിന്തിക്കാന്‍ പോലുമാകില്ല എന്നതു വേറെ കാര്യം.

എങ്കിലും ഒരു വസ്തുതയുണ്ട്. സഭയില്‍ സംഘര്‍ഷം കുറയ്ക്കേണ്ടത് സര്‍ക്കാരിനു വേണ്ട നടപടികള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യം തന്നെയാണ്. നിയമസഭ തുറന്ന ചര്‍ച്ചകളുടെയും വിമര്‍ശനങ്ങളുടെയും വേദിയാകണം. പ്രതിപക്ഷത്തിന് സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം നല്‍കുക തന്നെ വേണം. അതു സ്പീക്കറുടെ ചുമതലയുമാണ്. സ്പീക്കറെ ആ ചുമതലയില്‍ നിന്നു തടയരുത്. പ്രതിപക്ഷം സംസാരിക്കട്ടെ.

Advertisment