Advertisment

നിയമസഭ ഉന്നതമായ ചര്‍ച്ചകളുടെയും വാദപ്രതിവാദങ്ങളുടെയും സഭയാവുകയാണു വേണ്ടത്; അവിടെ അധിക്ഷേപങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും സ്ഥാനമില്ല; ഭരണപക്ഷവും പ്രതിപക്ഷവും ഓര്‍ക്കേണ്ട കാര്യമാണിത്; രണ്ടു പക്ഷവും ജാഗ്രതയോടെയല്ല കാര്യങ്ങളെ സമീപിച്ചതെന്നു വ്യക്തം ! രൂക്ഷമായ പല പ്രശ്നങ്ങളും സഭയില്‍ കൊണ്ടുവരാനുള്ള അവസരം പ്രതിപക്ഷം പാഴാക്കി; സഭ സമാധാനത്തോടെ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരിന്‍റെ ആവശ്യമാണെന്ന കാര്യം ഭരണകര്‍ത്താക്കളും മറന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും അവസാനം അടിച്ചു പിരിഞ്ഞു. മാര്‍ച്ച് 30 വരെ കാര്യപരിപാടി നിശ്ചയിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ബിസിനസെല്ലാം ഒറ്റയടിക്കു തീര്‍ത്തതായി പ്രഖ്യാപിച്ച് സ്പീക്കര്‍ നിയമസഭാ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

നിയമസഭയുടെ ഈ സമ്മേളനം തുടക്കം മുതലേ ഏറ്റുമുട്ടലുകളിലൂടെയാണു മുന്നോട്ടു പോയത്. ബജറ്റ് നിര്‍ദേശങ്ങളിലെ അധിക നികുതി, സ്വര്‍ണക്കടത്തു കേസിലെ പുതിയ ആരോപണങ്ങള്‍, ബ്രഹ്മപുരത്തെ തീപിടിത്തം, സ്ത്രീകള്‍ക്കു നേരെയുള്ള അക്രമണം എന്നിങ്ങനെ പ്രതിപക്ഷത്തിന്‍റെ പക്കല്‍ അക്രമണത്തിനുള്ള ആയുധങ്ങള്‍ ഏറെയായിരുന്നു. പക്ഷെ അങ്ങനെ തുറന്നൊരു അക്രമണ പരമ്പരയുമായി മുന്നോട്ടു പോകാന്‍ പ്രതിപക്ഷത്തെ അനുവദിക്കരുതെന്ന വാശിയിലായിരുന്നു ഭരണപക്ഷം. ഫലം ഇരുപക്ഷവും തമ്മില്‍ നടന്ന തുടര്‍ച്ചയായ ഏറ്റുമുട്ടലും.

സര്‍ക്കാരിനെ അക്രമിക്കാന്‍ ഏതു പ്രതിപക്ഷവും എപ്പോഴും ആശ്രയിക്കുന്നത് അടിയന്തര പ്രമേയം എന്ന മാര്‍ഗമാണ്. സഭാ സമ്മേളനം നടക്കുന്ന സമയത്തു നടക്കുന്ന പ്രധാന സംഭവങ്ങളെപ്പറ്റിയാണ് പ്രതിപക്ഷത്തിന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കാനാവുക. തികച്ചും അടിയന്തര പ്രാധാന്യമുള്ള വിഷയമായതുകൊണ്ട് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്നായിരിക്കും പ്രതിപക്ഷത്തിന്‍റെ ആവശ്യം.

നിയമസഭാ ചട്ടങ്ങളിലെ 50 -ാം വകുപ്പു പ്രകാരമുള്ള ഇത്തരം പ്രമേയങ്ങള്‍ കേരള നിയമസഭയില്‍ പതിവാണ്. പ്രമേയത്തിലെ വിഷയത്തിന്‍റെ അടിയന്തര സ്വഭാവവും ഗൗരവവും പ്രത്യേകതയുമെല്ലാം കണക്കിലെടുത്താണ് പ്രമേയത്തിന് അനുമതി വേണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്.


അതതു ദിവസം രാവിലെയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കുക. ഉടന്‍ തന്നെ സര്‍ക്കാരിന്‍റെ ബന്ധപ്പെട്ട വകുപ്പും മന്ത്രിയും അതു പഠിച്ച് തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. പ്രമേയം അനുവദിക്കണമോ വേണ്ടയോ എന്ന് സ്പീക്കറെ അറിയിക്കും. സ്പീക്കറാണ് സഭയില്‍ തീരുമാനം പറയുന്നത്.


അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചാലും അതില്‍ പ്രതഷേധിച്ച് പ്രസംഗിക്കാനും ഇറങ്ങിപ്പോക്കു നടത്താനും പ്രതിപക്ഷത്തിന് അവസരമുണ്ട്. പ്രതിപക്ഷ നേതാവിനും ഘടകകക്ഷി നേതാക്കള്‍ക്കും പ്രസംഗിക്കാം. കക്ഷികളൊന്നൊന്നായി ഇറങ്ങിപ്പോക്കും നടത്താം. ഇതാണ് അടിയന്തര പ്രമേയത്തിന്‍റെ രാഷ്ട്രീയ പ്രസക്തി.

ബ്രഹ്മപുരം വിഷയം, ലൈഫ് പദ്ധതിയിലെ പുതിയ സംഭവ വികാസങ്ങള്‍ എന്നു തുടങ്ങി ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്തിനടുത്ത് ചെങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞ് നാലു യുവാക്കള്‍ മര്‍ദിച്ചവശയാക്കിയതു വരെയുള്ള വിഷയങ്ങള്‍ പ്രതിപകഷം അടിയന്തരപ്രമേയമായി അവതരിപ്പിച്ചു. സ്പീക്കര്‍ ഒന്നിനും അനുമതി നല്‍കിയില്ല. ഇതാണ് പ്രതിപക്ഷത്തെ ഏറെ രോഷം കൊള്ളിച്ചത്.

സ്പീക്കറുടെ അധ്യക്ഷതയില്‍ ഇരു പക്ഷത്തെയും അനുരഞ്ജന ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും ഒത്തുതീര്‍പ്പുണ്ടായില്ല. പഴയതുപോലെ ഏതു കാര്യത്തിനും അടിയന്തര പ്രമേയം കൊണ്ടുവരാനാകില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചറിയിച്ചു. അടിയന്തര പ്രമേയം പ്രതിപക്ഷത്തിന്‍റെ അവകാശമാണെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉറപ്പിച്ചു പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ കവര്‍ന്നുകൊണ്ട് സമാധാനത്തോടെ സഭ നടത്താമെന്നു കരുതേണ്ടെന്ന് സതീശന്‍ മുഖ്യമന്ത്രിക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. പിറ്റേന്നു ചേര്‍ന്ന നിയമസഭാ സമ്മേളനവും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അലസി.


സമാധാനം കൊണ്ടുവരാനുള്ള ശ്രമമൊന്നും ഭരണപക്ഷവും നടത്തിയില്ല. ഒരു ഘട്ടത്തില്‍ വി.ഡി സതീശനും പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസും തമ്മില്‍ പരസ്പരം വ്യക്തിപരമായ അധിക്ഷേപവും നടത്തി. സഭയിലെ ഏറ്റുമുട്ടലിന്‍റെ തുടര്‍ച്ച പുറത്തേയ്ക്കും വ്യാപിച്ചു.


ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച അഞ്ചു നിയമസഭാംഗങ്ങള്‍ നടുത്തളത്തില്‍ സത്യാഗ്രഹമിരിക്കാന്‍ തീരുമാനിച്ച കാര്യം പ്രതിപക്ഷ നേതാവ് സഭയില്‍ പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ അടിയന്തര നടപടികളിലേയ്ക്കു കടന്നത്. ധന ബില്ലും ധനവിനിയോഗ ബില്ലും ഈ സമ്മേളനത്തില്‍ പാസാക്കേണ്ട മറ്റു നിയമങ്ങളുമെല്ലാം ചര്‍ച്ചയൊന്നുമില്ലാതെ പാസാക്കുന്നതായി പ്രഖ്യാപിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സഭാ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ രണ്ടു പക്ഷവും ജാഗ്രതയോടെയല്ല കാര്യങ്ങളെ സമീപിച്ചതെന്നു വ്യക്തം. രൂക്ഷമായ പല പ്രശ്നങ്ങളും സഭയില്‍ കൊണ്ടുവരാനുള്ള അവസരമാണ് പ്രതിപക്ഷം പാഴാക്കിയത്. സഭ സമാധാനത്തോടെ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരിന്‍റെ ആവശ്യമാണെന്ന കാര്യം ഭരണകര്‍ത്താക്കളും മറന്നു. സഭയിലെ ഏറ്റുമുട്ടലിലൂടെ ആരും ഒന്നും നേടുന്നില്ലെന്ന കാര്യമാണ് രണ്ടു കൂട്ടരും മറന്നു പോയത്.

നിയമസഭ ഉന്നതമായ ചര്‍ച്ചകളുടെയും വാദപ്രതിവാദങ്ങളുടെയും സഭയാവുകയാണു വേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ സഭയില്‍ കൊണ്ടുവരാനുള്ള അവകാശം ജനപ്രതിനിധികള്‍ക്കുണ്ട്. ജനാധിപത്യ പരീക്ഷണങ്ങളുടെ ഉത്തമമായ വേദിയാണ് കേരള നിയമസഭ. ആ വേദിയില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഭീഷണികള്‍ക്കും തെല്ലും സ്ഥാനമില്ല. ഭരണപക്ഷവും പ്രതിപക്ഷവും ഓര്‍ക്കേണ്ട കാര്യമാണിത്.

Advertisment