Advertisment

ഭാരത് ജോഡോ യാത്രയിലൂടെ വന്‍ രാഷ്ട്രീയ മുന്നേറ്റം നടത്തിയ രാഹുല്‍ ഗാന്ധിയെ ബി.ജെ.പി ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു; പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ ബി.ജെ.പി നേതൃത്വം അസ്വസ്ഥരാണ് ! പലയിടത്തായി 30-ലേറെ കേസുകളാണ് രാഹുലിനെതിരെ നല്‍കിയിരിക്കുന്നത്; എങ്ങനെയും അദ്ദേഹത്തെ വരിഞ്ഞു മുറുക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചുറ്റി വരിയുകയാണ് ബി.ജെ.പി സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ ലണ്ടനില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ ലോക്സഭാ സമ്മേളനം തുടര്‍ച്ചയായി സ്തംഭിപ്പിക്കുകയാണ് ഭരണപക്ഷം. ഇപ്പോഴിതാ 2019 -ല്‍ നടത്തിയ ഒരു തെരഞ്ഞെടുപ്പു പ്രസംഗത്തിലെ പരാമര്‍ശത്തിന്‍റെ പേരില്‍ ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദി നല്‍കിയ കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നു. കോടതി വിധിയും ബി.ജെ.പി രാഹുല്‍ ഗാന്ധിക്കെതിരായ ആയുധമാക്കുകയാണ്.

രാജ്യത്തെ എല്ലാ വലിയ കള്ളന്മാരും മോദി എന്നു പേരുള്ളവരാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരായി നല്‍കിയ മാനനഷ്ട കേസിലാണ് സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തടവുശിക്ഷ വിധിച്ചത്. നീരവ് മോദി, ലളിത് മോദി തുടങ്ങിയ പേരുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇനിയും നരേന്ദ്രമോദിയെ തെരഞ്ഞെടുത്താല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 2019 -ലെ പൊതു തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയ്ക്ക് കര്‍ണാടകയിലെ കോളാറില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.


മോദി സമുദായത്തെ മുഴുവന്‍ ആക്ഷേപിക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ പൂര്‍ണേഷ് മോദി കോടതിയില്‍ പറഞ്ഞു. ഗുജറാത്തിലെ മുന്‍ മന്ത്രിയും മുന്‍ എം.പിയുമാണ് ബി.ജെ.പി നേതാവായ പൂര്‍ണേഷ് മോദി.


കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെ ഐതിഹാസികമായ പദയാത്ര നടത്തി രാഷ്ട്രീയമായി ഒരു വലിയ മുന്നേറ്റം നടത്തിയ രാഹുല്‍ ഗാന്ധിയെ ബി.ജെ.പി ഭയക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹത്തിനെതിരെ പല കോണുകളില്‍ നിന്നു വരുന്ന അക്രമണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കുറെ ദിവസം മുമ്പാണ് ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ സംബന്ധിച്ച് വിശദമായ തെളിവുകളെടുക്കാനെന്ന പേരില്‍ ഡ‍ല്‍ഹി പൊലീസിലെ ഒരു വലിയ സംഘം രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതി വളഞ്ഞത്.

ലണ്ടനില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം രാജ്യത്തിന് അപമാനമുണ്ടാക്കിയെന്ന് ബി.ജെ.പി ആരോപിക്കുന്നു. കുറെ ദിവസമായി ലോക്സഭയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ അക്രമണമാണു നടക്കുന്നത്. ലണ്ടനില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ മാപ്പു പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നു.

2024 -ലെ തെരഞ്ഞെടുപ്പില്‍ ഒരു വട്ടം കൂടി പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദി കച്ചകെട്ടി ഒരുങ്ങുമ്പോഴാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രമാകുന്നത്. യാത്രയുടെ അവസാനത്തോടെ ബി.ജെ.പിയ്ക്കെതിരെ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കത്തിനും കോണ്‍ഗ്രസ് തുടക്കം കുറിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒരൊറ്റ മുന്നണി മാത്രമേ ഉണ്ടാകൂ എന്ന പ്രമേയം കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം വലിയ പ്രാധാന്യത്തോടെ പാസാക്കുകയും ചെയ്തു.


ഭരണപക്ഷത്തിനെതിരെ ബി.ജെ.പി വിരുദ്ധ കക്ഷികളെയൊക്കെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കമാണ് ബി.ജെ.പി നേതൃത്വത്തില്‍ അസ്വസ്ഥത ഉണ്ടാക്കിയിരിക്കുന്നത്.


സംയുക്ത പ്രതിപക്ഷനിരയുണ്ടായാല്‍ 2024 -ലെ തെരഞ്ഞെടുപ്പ് അനുകൂലമാകില്ലെന്നു തന്നെയാണ് ബി.ജെ.പിയിലെ ബുദ്ധികേന്ദ്രങ്ങളുടെയും ആശങ്ക. അതിനു പരിഹാരം തേടുകയാണ് നേതൃത്വം. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നിരന്തരം കലഹിച്ചുകൊണ്ടിരുന്ന ഗവര്‍ണറെ മാറ്റി പകരം മലയാളിയായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സി.വി. ആനന്ദബോസിനെ ഗവര്‍ണറായി നിയമിച്ച കാര്യം തന്നെ ഉത്തമോദാഹരണം. മുഖ്യമന്ത്രിയുമായി ഒത്തുപോവുക എന്ന നിര്‍ദ്ദേശമാണ് പുതിയ ഗവര്‍ണര്‍ക്കു ലഭിച്ചിരിക്കുന്നത്. അതിനു ഫലവും പെട്ടെന്നു തന്നെ കണ്ടു.

കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ നിരയ്ക്കു മുന്‍കൈ എടുക്കുകയാണ് മമതാ ബാനര്‍ജി ഇപ്പോള്‍. കൂട്ടിന് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമൊക്കെയുണ്ട്. ബി.ജെ.പിയ്ക്ക് ഇതു മാത്രം മതി. ആ പണി മമതാ ബാനര്‍ജി ചെയ്തുകൊള്ളും.

ഇതിനിടയ്ക്ക് തിളങ്ങിവരുന്ന രാഹുല്‍ ഗാന്ധിയെയും ഒതുക്കണം. പലേടത്തായി 30 -ലേറെ കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരുമൊക്കെ കൊടുത്തിരിക്കുന്നത്. എങ്ങനെയും രാഹുല്‍ ഗാന്ധിയെ വരിഞ്ഞു മുറുക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം. 2024 തന്നെ ലക്ഷ്യം.

Advertisment