Advertisment

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ ഐക്യ നീക്കങ്ങളോടു സഹകരിക്കാതെ പിന്തിരിഞ്ഞു നിന്ന മമത ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തി; കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ സി.പി.എമ്മും മുമ്പില്‍ത്തന്നെയുണ്ട്‌ ! രാഹുലിനെതിരായ നടപടി പ്രതിപക്ഷ കക്ഷികളില്‍ പുതിയൊരു ഐക്യത്തിനു സാധ്യത വളര്‍ത്തി; ഈ കൂട്ടായ്മ നിലനിര്‍ത്തുക എന്ന വലിയ വെല്ലുവിളി കോണ്‍ഗ്രസ് ഏറ്റെടുക്കണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി ശിക്ഷിച്ചതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. കോടതി വിധിയുടെ പിന്നാലേ തിടുക്കപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റ് സ്വീകരിച്ച നടപടിയുടെ പേരില്‍ 18 പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു.

ഇതുവരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ ഐക്യ നീക്കങ്ങളോടു സഹകരിക്കാതെ പിന്തിരിഞ്ഞു നില്‍ക്കുകയായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തെലങ്കാനാ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമെല്ലാം കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററും മുമ്പില്‍ത്തന്നെയുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് അവര്‍ ആഹ്വാനം നല്‍കുകയും ചെയ്തു.

പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കാന്‍ അപകീര്‍ത്തിക്കേസുകള്‍ ഉപയോഗിക്കുന്ന ബി.ജെ.പി നീക്കത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കുനേരെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതിനു പുറമെയാണ് ഈ നീക്കം. ഏകാധിപത്യപരമായ ഇത്തരം കടന്നാക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കാനും യെച്ചൂരി പ്രതിപക്ഷ കക്ഷികളെ ആഹ്വാനം ചെയ്തു.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെയും നേതാക്കളെയും വേട്ടയാടുന്നതിനെതിരെയും പ്രതിപക്ഷ ഐക്യനിര രൂപംകൊള്ളുന്നുണ്ട്. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ സി.ബി.ഐ, എന്‍ഫോഴ്സ്മെന്‍റ് ഡയക്ടറേറ്റ് (ഇ.ഡി) എന്നീ ഏജന്‍സികളെ കേന്ദ്രം അനാവശ്യമായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് രാജ്യത്തെ 14 കക്ഷികള്‍ സുപ്രീം കോടതിയില്‍ സംയുക്ത ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഈ ഏജന്‍സികളുടെ അന്വേഷണം നടക്കുമ്പോള്‍ അറസ്റ്റ്, റിമാന്‍റ്, ജാമ്യം എന്നിവയില്‍ മാര്‍ഗരേഖ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി ഉണ്ടാക്കാന്‍ പാടുപെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ആം ആത്മി പാര്‍ട്ടി, ബി.ആര്‍.എസ് എന്നീ കക്ഷികളും കോണ്‍ഗ്രസ് നേതൃത്വം നല്‍കി സുപ്രീം കോടതിയില്‍ നല്‍കുന്ന കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.


ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട് തെലങ്കാനാ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകള്‍ കെ. കവിതയെ ഇ.ഡി രണ്ടു ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തു കഴിഞ്ഞു. ഇനി ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്ന് ഇ.ഡി സൂചന നല്‍കിയിട്ടുണ്ട്.

മദ്യനയം മാറ്റിയ ഡല്‍ഹി സര്‍ക്കാരിന്‍റെ നടപടിയേപ്പറ്റി ഇ.ഡി നടത്തുന്ന അന്വേഷണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാളിന്‍റെ അടുത്ത സഹചാരിയും ഡല്‍ഹി മന്ത്രിസഭയിലെ കരുത്തനുമായിരുന്ന മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയിലെടുത്തിട്ട് ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. സിസോദിയ ഇപ്പോഴും തീഹാര്‍ ജെയിലില്‍ത്തന്നെ കഴിയുന്നു.

ആം ആത്മി പാര്‍ട്ടിയുടെ മദ്യനയത്തില്‍ അഴിമതിയുണ്ടെന്നു കണ്ട് ഇ.ഡി അന്വേഷണത്തിനിറങ്ങിയപ്പോള്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് അതിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇ.ഡി കണ്ടെത്തിയ അഴിമതിയില്‍ കഴമ്പുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വാദം. മന്ത്രി സിസോദിയയെ അറസ്റ്റ് ചെയ്തപ്പോഴും കോണ്‍ഗ്രസ് മിണ്ടിയില്ല.


ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആധിപത്യം തകര്‍ത്താണ് ആം ആത്മി പാര്‍ട്ടി അധികാരത്തില്‍ വന്നത്. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും ആം ആത്മി പാര്‍ട്ടി കോണ്‍ഗ്രസിനെ തകര്‍ത്ത് അധികാരത്തിലെത്തി. ഇതൊന്നും കോണ്‍ഗ്രസിനു മറക്കാനും പൊറുക്കാനും കഴിഞ്ഞിട്ടില്ല.


പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് സി.പി.എമ്മിനെ പരാജയപ്പെടുത്തിയാണ്. അവിടെ പിടിച്ചു നില്‍ക്കാന്‍ സി.പി.എം നിത്യശത്രുവായിരുന്ന കോണ്‍ഗ്രസുമായി ചങ്ങാത്തം കൂടിയിരിക്കുന്നു. ത്രിപുര, മേഘാലയ തുടങ്ങിയ സംസ്ഥാന നിയമസഭകളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിനോടൊപ്പം പശ്ചിമ ബംഗാളില്‍ ഒരു നിയമസഭാ സീറ്റിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് സി.പി.എം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത് മമതാ ബാനര്‍ജിയെയും ചൊടിപ്പിച്ചിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും 1957 മുതലേ ബദ്ധ ശത്രുക്കളാണ്.

ഭാരത് ജോഡോ യാത്രയുടെ വിജയ ലഹരിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ബി.ജെ.പിയ്ക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഒരു വിശാല ഐക്യനിര കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്തുവെങ്കിലും അതു നടക്കാതെ പോയത് ഇങ്ങനെയുള്ള ചെറിയ കാരണങ്ങള്‍ കൊണ്ടാണ്. മമതാ ബാനര്‍ജി, ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്, മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, തെലങ്കാനാ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തുടങ്ങിയവരൊക്കെ കോണ്‍ഗ്രസിനോടു മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു.

അപകീര്‍ത്തി കേസിലെ ഒരു കോടതി വിധിയുടെ പേരില്‍ രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് തിടുക്കപ്പെട്ട് അയോഗ്യനാക്കിയ നടപടി പ്രതിപക്ഷ കക്ഷികളില്‍ പുതിയൊരു ഐക്യത്തിനു സാധ്യത വളര്‍ത്തിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയ്ക്കെതിരെ പ്രതിഷേധിക്കാനും അന്വേഷണ ഏജന്‍സികളെക്കൊണ്ട് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും പ്രതിപക്ഷ കക്ഷികളൊക്കെയും ഒറ്റക്കെട്ടായിരിക്കുന്നു. ഈ കൂട്ടായ്മ നിലനിര്‍ത്തുക എന്ന വലിയ വെല്ലുവിളി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നു മാത്രം.

കോണ്‍ഗ്രസിന്‍റെ സമാര്‍ത്ഥ്യം കൊണ്ടല്ല ഈ ഐക്യം രൂപപ്പെട്ടത് എന്നുമോര്‍ക്കണം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്‍റെ നടപടിതന്നെ ഈ ഐക്യത്തിനു വഴിയുണ്ടാക്കിയത്.

Advertisment