Advertisment

വൈക്കം സത്യാഗ്രഹത്തിന്‍റെ ശതാബ്ദി വൈക്കത്തുതന്നെ ആഘോഷിച്ച് കോണ്‍ഗ്രസ് ഓര്‍മ പുതുക്കി; പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള വലിയൊരു നിര നേതാക്കള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വവും നല്‍കി; പക്ഷേ അതിമനോഹരമായൊരു ചരിത്ര സംഭവത്തിന്‍റെ നൂറാം വാര്‍ഷികം പരാതികളും പഴുതുകളുമില്ലാതെ ആഘോഷിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല ! രാഘവനും, മുരളീധരനുമാണ് പരാതിക്കാര്‍; പിന്തുണച്ച് തരൂരുമുണ്ട്‌; 100 വര്‍ഷം മുമ്പത്തെ പാര്‍ട്ടിയുടെ സംഘടനാ മികവ് എവിടെ ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

മനുഷ്യനുമേല്‍ മനുഷ്യന്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു കേരളത്തില്‍. തൊട്ടുകൂടാത്തവനെന്നും തീണ്ടിക്കൂടാത്തവനെന്നും മുദ്രകുത്തി, ജാതിയും നിറവും നോക്കി മനുഷ്യനെ വേര്‍തിരിച്ചുനിര്‍ത്തിയിരുന്ന കാലം. തീണ്ടലും തൊടീലുമൊക്കെ വിശ്വാസവും ആചാരവുമായിരുന്ന ആ കാലഘട്ടത്തില്‍ നിന്ന് കേരള സമൂഹത്തെ മോചിപ്പിച്ചെടുക്കാന്‍ ഒരു വലിയ സമരം തന്നെ വേണ്ടിവന്നു.

വിപുലമായ സന്നാഹങ്ങളോടെ അര്‍പ്പണ ബോധമുള്ള സമര സേനാനികളെ സംഘടിപ്പിച്ച്, ദേശീയ നേതാക്കന്മാരെയും നേതൃത്വത്തിലേയ്ക്കു കൊണ്ടുവന്ന്, അതിസൂക്ഷമമായ വൈദഗ്ദ്ധ്യത്തോടെ സംഘടിപ്പിച്ച ആ സമരമാണ് ഇന്നു കാണുന്ന കേരള സമൂഹത്തിന് അടിസ്ഥാനമിട്ട വൈക്കം സത്യാഗ്രഹം. അതെ. നൂറു വര്‍ഷം പിന്നിടുന്ന വൈക്കം സത്യാഗ്രഹം.


ഈഴവ സമുദായം മുതല്‍ ജാതി ശ്രേണിയില്‍ താഴോട്ടുള്ള സമുദായക്കാര്‍ക്കൊന്നും ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള വഴികളിലൂടെ നടക്കാന്‍ പോലും കഴിയാതിരുന്ന ഒരു കാലമായിരുന്നു അത്. വൈക്കം മഹാദേവ ക്ഷേത്രമായിരുന്നു അതില്‍ പ്രധാനം. ക്ഷേത്രത്തിന്‍റെ നടത്തിപ്പ് ഇണ്ടംതുരുത്തി മനയ്ക്കായിരുന്നു.


വൈക്കം സത്യാഗ്രഹം അതിന്‍റെ മൂര്‍ദ്ധന്ന്യത്തിലെത്തി നില്‍ക്കെ, സത്യാഗ്രഹികളെ കാണാനെത്തിയ മഹാത്മാ ഗാന്ധിയെ ഇണ്ടംതുരുത്തി മനയിലെ ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരി മനയിലേയ്ക്കു ക്ഷണിച്ചു. സെക്രട്ടറി മഹാദേവ് ദേശായി, സി. രാജഗോപാലാചാരി എന്നിവരോടൊപ്പമെത്തിയ ഗാന്ധിജിയെ നമ്പ്യാതിരി മനയ്ക്കുള്ളിലേയ്ക്കു പ്രവേശിപ്പിച്ചില്ല. പുറത്ത് ഒരു പൂമുഖം പ്രത്യേകം നിര്‍മിച്ച് അവിടെയാണ് ഗാന്ധിജിയെ ഇരുത്തി സംഭാഷണം നടത്തിയത്. ഗാന്ധിജി അബ്രാഹ്മണനായതുകൊണ്ട്. അത്രകണ്ട് ക്രൂരമായിരുന്നു സവര്‍ണ ജാതിക്കാര്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ചിരുന്ന ജാതി വിവേചനം.

ഗാന്ധിജിയുടെ വ്യക്തമായ നിര്‍ദേശങ്ങളുടെ തണലിലാണ് വൈക്കം സത്യാഗ്രഹം തുടങ്ങിയത്. അതിനു വഴിയൊരുക്കിയത് ടി.കെ മാധവനും. ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശങ്ങളില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ ടി.കെ മാധവന്‍ എസ്.എന്‍.ഡി.പി യോഗത്തിന്‍റെയും കോണ്‍ഗ്രസിന്‍റെയും നേതാവായി ഉയര്‍ന്നു. ജാതി വിവേചനത്തിന്‍റെ ക്രൂരതകള്‍ നേരിട്ടറിഞ്ഞ അദ്ദേഹം തിരുനല്‍വേലി സന്ദര്‍ശിക്കുകയായിരുന്ന മഹാത്മാ ഗാന്ധിയെ കാണാന്‍ അവിടെയെത്തി. ദീര്‍ഘമായ ഒരു കൂടിക്കാഴ്ചയില്‍ കേരള സമൂഹത്തിലെ പ്രാകൃതമായ രീതികളെപ്പറ്റി ഗാന്ധിജിയോടു സംസാരിച്ചു. ഒരു വലിയ സമരത്തിന്‍റെ തുടക്കം ആ കൂടിക്കാഴ്ചയിലായിരുന്നു. 1921 ല്‍.

ടി.കെ മാധവന്‍ കൂടുതല്‍ കൂടിയാലോചനകളിലേയ്ക്കു നീങ്ങി. കെ.പി കേശവമേനോന്‍, കെ കേളപ്പന്‍, സര്‍ദാര്‍ കെ.എം പണിക്കര്‍ തുടങ്ങിയവര്‍ പിന്തുണയുമായി മുന്നോട്ടു വന്നു.

നായര്‍ സമുദായത്തില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ മന്നത്ത് പത്മനാഭന്‍ ഇറങ്ങിത്തിരിച്ച സമയവുമായിരുന്നു അത്. ആ ശ്രമങ്ങള്‍ ചെന്നെത്തിയത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രൂപീകരണത്തിലാണ്. 1922 -ല്‍ മന്നം തിരുവിതാംകൂര്‍ പ്രജാസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. ടി.കെ മാധവന്‍റെ സമര നീക്കങ്ങള്‍ക്ക് മന്നവും പിന്തുണ നല്‍കി.

1923 -ല്‍ കാക്കിനാഡയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അയിത്തോഛാടനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രമേയം പാസാക്കി. കെ.പി കേശവമേനോന്‍, ടി.കെ മാധവന്‍ എന്നു തുടങ്ങി പ്രമുഖ നേതാക്കള്‍ കേരളത്തെ പ്രതിനിധീകരിച്ചു. കാക്കിനാഡ സമ്മേളന തീരുമാനത്തിന്‍റെ പരീക്ഷണശാലയായി കേരളം.

1924 ജനുവരി 20 -ാം തീയതി എറണാകുളത്ത് കോണ്‍ഗ്രസ് കമ്മിറ്റി ചേര്‍ന്ന് അയിത്തോച്ചാടന പ്രവര്‍ത്തനം നടപ്പിലാക്കാന്‍ തീരുമാനിച്ചു. ആലോചനകള്‍ മുറുകി. ഫെബ്രുവരി 26 -ാം തീയതി കെ.പി കേശവമേനോന്‍റെ നേതൃത്വത്തില്‍ ഒരു സംഘം ബോംബെയിലെത്തി ഗാന്ധിജിയെ കണ്ടു സംസാരിച്ചു. സമരം സംബന്ധിച്ച ആലോചനകളുടെ വിശദാംശങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു.


1924 മാര്‍ച്ച് 30 -ന് വൈക്കം മഹാദേവ ക്ഷേത്രത്തിലെയ്ക്കുള്ള വഴിയില്‍ ഐതിഹാസികമായ ആ സമരം തുടങ്ങി. വൈക്കം സത്യാഗ്രഹം എന്ന പേരില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച സമരം. അവര്‍ണര്‍ക്കു വഴിതടഞ്ഞുകൊണ്ടള്ള നിയമത്തെ ധിക്കരിച്ചുകൊണ്ട് സമരഭടന്മാര്‍ നടന്നു നീങ്ങി. പോലീസ് അവരെ അതിഭീകരമായി മര്‍ദിച്ചു. മര്‍ദനത്തെ വകവയ്ക്കാതെ ദിവസേന കൂടുതല്‍ കൂടുതല്‍ സത്യാഗ്രഹികള്‍ സമരത്തിനെത്തി.


സമരം നീണ്ടു. കെ.പി കേശവമേനോന്‍, ടി.കെ മാധവന്‍, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് തുടങ്ങി പ്രമുഖ സമര നേതാക്കളൊക്കെ അറസ്റ്റിലായി. അന്നത്തെ മദ്രാസ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഇ.വി രാമസ്വാമി നായ്ക്കരെ സമര നേതാക്കള്‍ ക്ഷണിച്ചു. തമിഴ് മക്കള്‍ക്കായി ഒരു ദ്രാവിഡ പ്രസ്ഥാനം രൂപീകരിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം വൈക്കത്തെത്തി. തമിഴ് മക്കള്‍ തന്തൈ പെരിയാര്‍ എന്നു വിളിച്ചാദരിക്കുന്ന രാമസ്വാമി നായ്ക്കര്‍ വൈക്കം സത്യാഗ്രഹത്തിന് പുതിയ ഊര്‍ജം പകര്‍ന്നു. 1924 ഏപ്രിലിലാണ് പെരിയാര്‍ വൈക്കത്തിത്തിയത്. അദ്ദേഹത്തിന്‍റെ തീപ്പൊരി പ്രസംഗങ്ങള്‍ ജനത്തെ ഇളക്കി.

പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഭാര്യ നാഗമ്പാള്‍ വൈക്കത്തെത്തി ഓടിനടന്ന് സ്ത്രീകളെ സംഘടിപ്പിച്ചു സമരത്തിനെത്തിച്ചു. സമരത്തിന്‍റെ ഒരു വലിയ ശക്തികേന്ദ്രമായി മന്നത്ത്‌ പത്മനാഭന്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. 1924 നവംബര്‍ ഒന്നാം തിയതി മന്നത്തിന്‍റെ നേതൃത്വത്തില്‍ വൈക്കത്തുനിന്നു തിരുവനന്തപുരത്തേക്കു നടന്ന സവര്‍ണ ജാഥ വൈക്കം സമരത്തിന് പുതിയ ശക്തി പകര്‍ന്നു. ഈ കാല്‍നട ജാഥയ്ക്കിടെ വര്‍ക്കല ശിവഗിരിയിലെത്തി മന്നം നാരായണ ഗുരുവുമായി സംഭാഷണം നടത്തുകയും ചെയ്തു.

തുടക്കം മുതലേ ശ്രീനാരായണ ഗുരുവിന്‍റെ അനുഗ്രഹവും പിന്തുണയും സത്യാഗ്രഹ സമരത്തിനുണ്ടായിരുന്നു. ശ്രീനാരായണ ഗുരു സന്ദേശം പരുവപ്പെടുത്തിയ കേരള സമൂഹത്തിലാണ് വൈക്കം സത്യാഗ്രഹം പോലൊരു സമരം നടന്നതെന്നതും ശ്രദ്ധേയമാണ്. വൈക്കത്തിനടുത്ത് വെല്ലൂര്‍ മഠം ഗുരുദേവന്‍ സത്യാഗ്രഹികള്‍ക്കു വിട്ടുകൊടുത്തു. ഒരിക്കല്‍ കാല്‍നടയായി സഞ്ചരിച്ച് വൈക്കത്തെത്തിയ ഗുരുദേവന്‍ ഏറെ നേരം സത്യാഗ്രഹികളോടൊപ്പം ചെലവഴിക്കുകയും പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു.

1925 മാര്‍ച്ച് ഒമ്പതാം തീയതി മഹാത്മാ ഗാന്ധി വൈക്കത്തെത്തി. വളരെയേറെ സമയം അദ്ദേഹം അവിടെ ചെലവഴിച്ചു. മടക്കയാത്രയില്‍ ഗാന്ധിജി വര്‍ക്കല ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നു. വളരെ പ്രസിദ്ധമാണ് ഈ കൂടിക്കാഴ്ച.

1924 മാര്‍ച്ച് 30 -നാരംഭിച്ച വൈക്കം സത്യാഗ്രഹം ക്ഷേത്രവഴികളെല്ലാം സര്‍വജനങ്ങള്‍ക്കും തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതോടെ 1925 നവംബര്‍ 23 -ാം തീയതി അവസാനിപ്പിച്ചു.


കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു മഹാസമരത്തിന്‍റെ വളരെ ചുരുങ്ങിയ ഒരു ചിത്രമാണിത്. വൈക്കം സത്യാഗ്രഹത്തിന്‍റെ ശതാബ്ദി വൈക്കത്തുതന്നെ ആഘോഷിച്ച് ഓര്‍മ പുതുക്കുകയും ചെയ്തു കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, സംസ്ഥാനദ്ധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിങ്ങനെ വലിയൊരു നിര നേതാക്കള്‍ നേതൃത്വം നല്‍കി.


പക്ഷെ അതിമനോഹരമായൊരു ചരിത്ര സംഭവത്തിന്‍റെ നൂറാം വാര്‍ഷികം പരാതികളും പഴുതുകളുമില്ലാതെ ആഘോഷിക്കാന്‍ കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ നേതൃത്വത്തിനായില്ല. വേദിയിലുണ്ടായിട്ടും തന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചില്ലെന്നു മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ പരാതിപ്പെട്ടു. ആഘോഷത്തില്‍ തനിക്കു പങ്കുതന്നില്ലെന്നു കോഴിക്കോട് എം.പി എം.കെ രാഘവനും പരാതി. ഇരുവരും ശശി തരൂരിനൊപ്പം നില്‍ക്കുന്നവരാണ്. ഇവരുടെ പരാതിയില്‍ കഴമ്പുണ്ടെന്നു ശശി തരൂരും.

നൂറു വര്‍ഷം മുമ്പ് വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കാന്‍ കെ.പി കേശവമേനോനും ടി.കെ മാധവനും കെ കേളപ്പനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നു. അതിവിപുലമായ സംഘടനാ വൈഭവം പ്രകടിപ്പിച്ച് ചരിത്രത്തിലെ നാഴികക്കല്ലായി ശോഭിക്കുന്ന ഒരു വന്‍ സമരം ആസൂത്രണം ചെയ്തു. കേരളത്തില്‍ പിന്നീടുണ്ടായ എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും വഴികാട്ടിയായത് വൈക്കം സത്യാഗ്രഹം.

അന്നു കോണ്‍ഗ്രസ് ശൈശവാവസ്ഥയിലായിരുന്നു. പിന്നെ ഐക്യ കേരളം രൂപപ്പെട്ടു. 1957 മുതല്‍ ജനകീയ ഭരണം ഇന്നു കോണ്‍ഗ്രസ് എവിടെ ? 100 വര്‍ഷം മുമ്പത്തെ സംഘടനാ മികവ് എവിടെ ?

Advertisment