Advertisment

മധുവിന്‍റെ അമ്മയും സഹോദരിയും പ്രതീക്ഷച്ചത്ര വലിയ ശിക്ഷ പ്രതികള്‍ക്കു കിട്ടിയില്ലെങ്കിലും പ്രധാന പ്രതികള്‍ക്ക് ഏഴു വര്‍ഷം ശിക്ഷയും പിഴയും വിധിക്കാന്‍ കോടതിക്കു കഴിഞ്ഞതു കേരള സമൂഹത്തിന്‍റെ തന്നെ വലിയ വിജയമാണ്; മധുവിന്‍റെ അമ്മ മല്ലിയുടെയും സഹോദരി സരസുവിന്‍റെയും നിരന്തര പോരാട്ടത്തിന്‍റെ ഫലം തന്നെയാണ് ഈ വിധി ! ഒപ്പം കേരള സമൂഹത്തിന്‍റെയും മാധ്യമ ലോകത്തിന്‍റെയും ജാഗ്രതയും-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

കേരള ചരിത്രത്തിലെ ഒരു വലിയ വിപ്ലവമെന്നു കണക്കാക്കപ്പെടുന്ന വൈക്കം സത്യാഗ്രഹം നടന്നതിന്‍റെ ശതാബ്ദിയാഘോഷങ്ങള്‍ തുടങ്ങി ഒരാഴ്ച തികയും മുമ്പാണ് അട്ടപ്പാടി മധു വധക്കേസിന്‍റെ വിധി വന്നത്. 16 പ്രതികളുള്ള കേസില്‍ രണ്ടു പേരെ കോടതി വെറുതെ വിട്ടു. 13 പേര്‍ക്ക് ഏഴു വര്‍ഷം വീതം തടവു ശിക്ഷ വിധിച്ചു. കൂടാതെ പിഴയും.

2018 ഫെബ്രുവരി 22 -നാണ് കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത്. പലതരം എതിര്‍പ്പുകളിലും അട്ടിമറി നീക്കങ്ങളിലും തട്ടിയും മുട്ടിയും കേസ് ഇഴഞ്ഞിഴഞ്ഞാണു നീങ്ങിയത്. അവസാനം മധു എന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും നീതികിട്ടിയെന്നു പറയാം. മധുവിന്‍റെ കുടുംബത്തിന് പൂര്‍ണ തൃപ്തിയായില്ലെങ്കില്‍ പോലും.


നൂറു വര്‍ഷം മുമ്പ് അവര്‍ണര്‍ക്കെതിരെ സവര്‍ണര്‍ കാണിച്ചിരുന്ന ക്രൂരതകളേക്കാള്‍ ഭീകരമായ മര്‍ദന മുറകളാണ് 2018 -ല്‍ അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസി സമുദായക്കാരനായ മധുവിനു നേരേ നാട്ടുകാര്‍ പ്രയോഗിച്ചത്.


മോഷ്ടാവ് എന്നു വിളിച്ചാക്ഷേപിച്ച് നാട്ടുകാര്‍ മധുവിനെ കാട്ടിനുള്ളില്‍നിന്നു പിടികൂടുകയായിരുന്നു. കാട്ടില്‍ നിന്നു തന്നെ മധുവിനെ അവര്‍ മര്‍ദിച്ചു തുടങ്ങി. നാട്ടില്‍ മുക്കാലി എന്ന പ്രദേശത്തു കൊണ്ടുവന്നു. മധുവിന്‍റെ ഉടുമുണ്ട് അഴിച്ചെടുത്ത് ഇരു കൈകളും ശരീരത്തോടു ചേര്‍ത്തു വച്ചുകെട്ടി. കൈകളും കൂട്ടിക്കെട്ടി. മാനസിക വെല്ലുവിളി നേരിട്ടിരുന്ന, ദാരിദ്ര്യത്തില്‍ വളര്‍ന്ന ആ യുവാവിനെ ഭീകരമായി മര്‍ദിക്കുകയും ചവിട്ടുകയും തൊഴിക്കുകയും ചെയ്തു നാട്ടുകാര്‍.

അവര്‍തന്നെ മൊബൈലില്‍ ഇതെല്ലാം വീഡിയോ ആയി ചിത്രീകരിക്കുകയും ചെയ്തു. ആരോ ഒരു അരിച്ചാക്കും മധുവിന്‍റെ തോളില്‍ വച്ചുകൊടുത്തു. ഇതാ കള്ളന്‍ വരുന്നു എന്നട്ടഹസിച്ചുകൊണ്ട് ജനങ്ങള്‍ ഒപ്പം കൂടി. പ്രാണവേദനയും അപമാനവും സഹിച്ച് ആ പാവം അവരുടെ അടിയും തൊഴിയും ഏറ്റുവാങ്ങി മുക്കാലി ജംങ്ങ്ഷന്‍ വരെ നടന്നു.

മണിക്കൂറുകള്‍ നീണ്ട മര്‍ദനമായിരുന്നു അത്. അവസാനം വിവരമറിഞ്ഞ് പോലീസെത്തി മധുവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി. അവിടെ മധു മരണമടഞ്ഞു.

ആദിവാസി യുവാവായ മധു കേരളം പോലൊരു സംസ്ഥാനത്ത് ആള്‍ക്കുട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വലിയ വാര്‍ത്തയായി. മാധ്യമങ്ങളും കേരളത്തിലെ പൊതു സമൂഹവും മധുവിന്‍റെ പക്ഷം ചേര്‍ന്നു. അക്രമികള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ 16 പ്രതികള്‍ അറസ്റ്റിലായി. കേസ് നേരാംവണ്ണം നടത്താന്‍ ഹൈക്കോടതി തന്നെ മുന്നോട്ടുവരികയും ചെയ്തു.

പക്ഷെ കേസ് ഇഴയാന്‍ തുടങ്ങി. 2019 ആഗസ്റ്റില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. പിന്നെയും വിചാരണ വൈകി. 2022 ജനുവരിയില്‍ വിചാരണ തുടങ്ങാനിരിക്കെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞു. ഫെബ്രുവരിയില്‍ അഡ‍്വ. സി. രാജേന്ദ്രനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. വിചാരണ ആറു മാസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ 2022 ഏപ്രില്‍ 28നു വിചാരണ തുടങ്ങി. പക്ഷെ സാക്ഷികള്‍ പലരും കൂറുമാറി. ഇതു പ്രോസിക്യുട്ടറുടെ പിഴവുമൂലമാണെന്നുകാട്ടി മധുവിന്‍റെ അമ്മ മല്ലി പരാതി നല്‍കി. പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റണമെന്നായിരുന്നു ആവശ്യം. വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. അഡ്വ. രാജേഷ് എം. മേനോനെ പുതിയ പബ്ലിക്ക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയോഗിച്ചതോടെ വിചാരണ വീണ്ടും തുടങ്ങി.


ഇന്നിപ്പോള്‍ ഈ കേസിലെ 14 പ്രതികളും അഴിക്കുള്ളിലായി. മധുവിന്‍റെ അമ്മ മല്ലിയുടെയും സഹോദരി സരസുവിന്‍റെയും നിരന്തര പോരാട്ടത്തിന്‍റെ ഫലം തന്നെയാണ് ഈ വിധി. ഒപ്പം കേരള സമൂഹത്തിന്‍റെയും മാധ്യമ ലോകത്തിന്‍റെയും ജാഗ്രതയും.


ആദ്യഘട്ടത്തില്‍ പോലീസ് എടുത്ത നടപടികള്‍ തന്നെയാണ് കേസ് ഇത്രമേല്‍ ശക്തമാകാന്‍ കാരണം. പ്രതികള്‍ തന്നെ എടുത്ത വീഡിയോയും ചിത്രങ്ങളും അവര്‍ക്കെതിരായ തെളിവുകളായി മാറുകയും ചെയ്തു. വിധിയില്‍ നിരാശ രേഖപ്പെടുത്തിയതോടൊപ്പം തന്നെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോനെയും പോലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും അഭിനന്ദിക്കാനും മല്ലിയും സരസുവും തയ്യാറായി.

മധുവിനോട് സമൂഹം കാണിച്ചത് പൊറുക്കാനാവാത്ത കുറ്റം തന്നെയാണ്. അതിലെ പ്രതികള്‍ക്ക് ഉചിതമായ ശിക്ഷ കിട്ടുകയും വേണം. പല ഘട്ടത്തിലും വഴിതെറ്റിപ്പോയ ഈ കേസിന്‍റെ വിചാരണ അഞ്ചു വര്‍ഷമാണ് വൈകിയത്. എങ്കിലും അവസാനം വിചാരണ നടന്നു. മധുവിന്‍റെ അമ്മയും സഹോദരിയും പ്രതീക്ഷിച്ചത്ര വലിയ ശിക്ഷ പ്രതികള്‍ക്കു കിട്ടിയില്ലെങ്കിലും പ്രധാന പ്രതികള്‍ക്ക് ഏഴു വര്‍ഷം ശിക്ഷയും പിഴയും വിധിക്കാന്‍ കോടതിക്കു കഴിഞ്ഞതു കേരള സമൂഹത്തിന്‍റെ തന്നെ വലിയ വിജയമാണ്. മല്ലികയുടെയും സരസുവിന്‍റെയും കൂടി വിജയമാണ്.

Advertisment