Advertisment

ബിജെപിയുടെ ക്രിസ്ത്യന്‍ പ്രീണന നീക്കങ്ങള്‍ കേരള സമൂഹത്തില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ! കേരള സമൂഹത്തില്‍ ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമുദായത്തെപോലും മുഴുവനായി ഉള്‍ക്കൊള്ളാന്‍ ബിജെപിക്കു കഴിയാത്തതെന്തെന്ന ചോദ്യവും ഉയരുകയാണ്‌; കുറെ ബിഷപ്പുമാരെ സന്ദര്‍ശിച്ചു വര്‍ത്തമാനം പറഞ്ഞാല്‍ കുഞ്ഞാടുകളുടെ വോട്ടെല്ലാം ഇങ്ങു പോരുമെന്നു കരുതരുത്‌-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

കത്തോലിക്കാസഭാ മേലദ്ധ്യക്ഷരുടെ ചുറ്റും വട്ടമിട്ടു നടക്കുകയാണ് ബിജെപി നേതാക്കള്‍. 2024 ലോക്സഭാ തെരഞ്ഞെടുപ്പു തന്നെ ലക്ഷ്യം.

കേരളമാണ് ഇനി ബിജെപി നോട്ടമിടുന്നത്. കേരളം പിടിക്കണമെങ്കില്‍ ക്രിസ്ത്യന്‍ സമുദായം ഒപ്പം കൂടണം. അതിനുള്ള ശ്രമങ്ങളാണ് ബിജെപി നേതൃത്വം നടത്തുന്നത്. ഈ ശ്രമങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നതാകട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ഡല്‍ഹിയില്‍ മോദി തന്നെ, ഈസ്റ്റര്‍ ദിവസം ഡല്‍ഹി ഗോള്‍ഡാക്ഖാനയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചു. പള്ളിയില്‍ ക്രിസ്തു രൂപത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ച മോദി ഗായകസംഘത്തിന്‍റെ ഗാനങ്ങള്‍ കേട്ടിരിക്കുകയും ചെയ്തു. ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് സീറോ മലബാര്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണക്കുളങ്ങര, ഗരുഗ്രാം സീറോ മലങ്കര രൂപതാദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ് തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

കേരളത്തിലും ബിജെപി നേതാക്കള്‍ വിവിധ സഭാ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. പ്രവര്‍ത്തകര്‍ ക്രൈസ്തവ സമുദായാംഗങ്ങളുടെ വീടുകള്‍ കയറി പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ സന്ദേശം കൈമാറി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കലിനെ സന്ദര്‍ശിച്ചു. കൊച്ചിയില്‍ സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. കെ.എസ് രാധാകൃഷ്ണന്‍, സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.


കുറെ കാലമായി ക്രിസ്ത്യന്‍ മത മേലദ്ധ്യക്ഷന്മാരെ സ്വാധീനിക്കാന്‍ ബിജെപി കേന്ദ്രങ്ങള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനു കുറെയൊക്കെ ഫലം കാണുന്നുമുണ്ട്.


ഈയിടെ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. റബര്‍ വില 300 രൂപയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികള്‍ ബിജെപിക്കു വോട്ടു ചെയ്യുമെന്നായിരുന്നു മാര്‍ പാംപ്ലാനിയുടെ പ്രസ്താവന.

ഞായറാഴ്ച മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ഒരഭിമുഖം 'ഇന്ത്യന്‍ എക്‌സ്പ്രസ്‌ ദിനപത്രം' പ്രസിദ്ധീകരിച്ചതും വിവാദമായി. നരേന്ദ്ര മോദി പ്രഗത്ഭനായ പ്രധാനമന്ത്രിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

കേന്ദ്രത്തില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും ഭരണം നടത്തുന്ന ബിജെപിക്ക്, 2024 -ലെ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴും കേരളം മുഖം തിരിച്ചു നില്‍ക്കുന്നതാണ് സഹിക്കാന്‍ കഴിയാതായിരിക്കുന്നത്. ക്രിസ്ത്യന്‍ പ്രദേശങ്ങളായ ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആധിപത്യം നേടാന്‍ കഴിഞ്ഞ ബിജെപിക്ക് കേരളത്തില്‍ ഒരു നേട്ടവുമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ന്യൂനപക്ഷങ്ങളുടെ സാന്നിദ്ധ്യമാണു കാരണമെന്നതില്‍ സംശയമില്ല. മുസ്ലിം - ക്രിസ്ത്യന്‍ സമുദായങ്ങള്‍ കാലങ്ങളായി ബിജെപിയെ ശത്രുസ്ഥാനത്തുതന്നെയാണ് കാണുന്നത്. അതില്‍ ക്രിസ്ത്യന്‍ സമുദായത്തെ സ്വാധീനിക്കാനാണ് ഇപ്പോള്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍. ലൗ ജിഹാദിന്‍റെയും മറ്റും പേരില്‍ ചില ക്രിസ്ത്യന്‍ ബിഷപ്പുമാര്‍ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പ്രസംഗങ്ങള്‍ ബിജെപി ആയുധമാക്കിയിട്ടുമുണ്ട്.


മുസ്ലിം ലീഗ് നേതൃത്വം കാര്യമായ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നടത്തിയെങ്കിലും ചില ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ ഇപ്പോഴും ഈ അകല്‍ച്ച നിലനിര്‍ത്തുന്നുമുണ്ട്.


ബിജെപിയുടെ ക്രിസ്ത്യന്‍ പ്രീണന നീക്കങ്ങള്‍ കേരള സമൂഹത്തില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. സമുദായ പ്രീണനമാണോ രാഷ്ട്രീയ പ്രവര്‍ത്തനം ? ഹിന്ദുത്വ മുദ്രാവാക്യം മുഴക്കി വടക്കേ ഇന്ത്യയില്‍ സ്വാധീനം ചെലുത്തിയ ബിജെപിക്ക് അതേ മുദ്രാവാക്യം കൊണ്ട് കേരളത്തിലെ ഹിന്ദു സമുദായത്തെപ്പോലും മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതെന്തേ ? 1980 കളില്‍ നിലയ്ക്കല്‍ പള്ളിയുടെ പേരില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ വന്‍ പ്രചാരണം നടത്തിയില്ലേ ഹൈന്ദവ സംഘടനകള്‍ ? അന്ന് പത്തനംതിട്ട ജില്ലയില്‍ ഒരു കലാപ സാഹചര്യമല്ലേ ഹിന്ദു മുന്നണിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയത് ?

ക്രിസ്ത്യാനികളെ ശത്രുപക്ഷത്തേക്കൊതുക്കി ഹിന്ദു സമുദായത്തെ മുഴുവന്‍ കുടക്കീഴിലാക്കുകയായിരുന്നില്ലേ ഈ സംഘടനകളുടെ ലക്ഷ്യം ? ഹിന്ദു മുന്നണിയുടെ നേതാവായിരുന്ന കുമ്മനം രാജശേഖരന്‍ നിലയ്ക്കല്‍ പ്രക്ഷോഭത്തിലൂടെയല്ലേ ഹൈന്ദവ രാഷ്ട്രീയത്തിന്‍റെ മുഖ്യധാരാ നേതാവായി ഉയര്‍ന്നത് ? ഘര്‍ വാപ്പസി പോലെ ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത സമരങ്ങള്‍ ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യം വെച്ചായിരുന്നില്ലേ ? അര്‍ത്തുങ്കല്‍ പള്ളി ഒരു ക്ഷേത്രം പൊളിച്ചു പണിതതാണെന്നും ആ പള്ളിയാണ് ഇനി തങ്ങളുടെ ലക്ഷ്യമെന്നും ഒരു പ്രമുഖ ആര്‍എസ്എസ് നേതാവു പ്രസ്താവനയിറക്കിയില്ലേ ?

ഇതൊക്കെയാണെങ്കിലും കേരള സമൂഹത്തില്‍ ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമുദായത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ബിജെപിക്കു കഴിയാത്തതെന്തെന്ന ചോദ്യം ഉയരുകയാണ്. കേരളത്തിന്‍റെ മതേതര സ്വഭാവവും സമുദായ ഐക്യവും നിലനിര്‍ത്തുന്നതില്‍ കേരളത്തിലെ ഹൈന്ദവ സമുദായത്തിന് ഒരു വലിയ പങ്കുണ്ട്. കേരള രാഷ്ട്രീയത്തിനും.

വൈക്കം സത്യാഗ്രഹം മുതല്‍ നിരവധി സമരങ്ങളിലൂടെയാണ് കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും വളര്‍ന്നു വന്നത്. ഈ രണ്ടു പക്ഷവും രണ്ടു ചേരിയായി ഉയര്‍ന്നുനില്‍ക്കുകയാണിവിടെ. ഈ ചേരികള്‍ക്കിടയില്‍ വളരാന്‍ കഴിയണമെങ്കില്‍ ബിജെപി നല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം. കുറെ ബിഷപ്പുമാരെ സന്ദര്‍ശിച്ചു വര്‍ത്തമാനം പറഞ്ഞാല്‍ കുഞ്ഞാടുകളുടെ വോട്ടെല്ലാം ഇങ്ങു പോരുമെന്നു കരുതുന്നത് തികഞ്ഞ മൗഢ്യമാണ്.

Advertisment