Advertisment

മുഹമ്മദ് റിയാസ് എന്ന പേരുച്ചരിക്കാന്‍ അതൊരു മുസ്ലിം പേരാണെന്ന് ഓര്‍മിപ്പിക്കാന്‍, പല്ലുകടിച്ചുപിടിച്ച് ഉറച്ച ശബ്ദത്തില്‍ പറയാന്‍ കെ. സുരേന്ദ്രന്‍ പാടുപെടുമ്പോള്‍ അതു കേരളത്തിന്‍റെ രാഷ്ട്രീയ, സാമൂഹ്യ സംസ്കാരമാണോ എന്ന് സ്വയം പരിശോധിക്കണം; ബിജെപിയുടെ നേതാക്കള്‍ ഈ നാടിന്‍റെ രാഷ്ട്രീയ സംസ്കാരവും പൈതൃകവുമാണ് ആദ്യം പഠിക്കേണ്ടത് ! മന്ത്രി മുഹമ്മദ് റിയാസിന് എന്താണു കുഴപ്പം ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ പേരു പറയുമ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ ശബ്ദം കടുക്കും. മുഹമ്മദ് റിയാസ് എന്ന പേര് ഉച്ചരിക്കുന്നത് ഉയര്‍ന്ന ശബ്ദത്തില്‍, ഉറച്ച വാക്കുകളില്‍. അതൊരു മുസ്ലിം പേരാണ്, ശത്രു പക്ഷത്തു നിര്‍ത്തേണ്ട പേരാണ് എന്നു സൂചിപ്പിക്കുകയാണ് സുരേന്ദ്രന്‍.

എന്നിട്ടാണ് റിയാസ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആളാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു വയ്ക്കുന്നത്. പിഎഫ്ഐയെ സിപിഎമ്മുമായി ബന്ധിപ്പിക്കുന്ന ഘടകം മന്ത്രി റിയാസ് ആണെന്ന് വിശദീകരിക്കുകയാണ് സുരേന്ദ്രന്‍.

വളരെ കൃത്യമായാണ് സുരേന്ദ്രന്‍റെ നീക്കം. ആദ്യം ഒരാളെ 'മുസ്ലിം' എന്നു മുദ്രകുത്തുക. മുസ്ലിം ആണോ, അയാള്‍ തീവ്രവാദിയും രോജ്യദ്രോഹിയുമാണെന്നു പറയാതെ പറഞ്ഞു വയ്ക്കുക. എന്നിട്ട് അയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഏജന്‍റാണെന്നു വരുത്തിത്തീര്‍ക്കുക.

നിരോധിത സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് വ്യക്തമായി അറിയാവുന്ന നേതാവുതന്നെയാണ് കെ. സുരേന്ദ്രന്‍. അടുത്ത കാലത്താണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചതും കേരളത്തിലും രാജ്യത്തിന്‍റെ തന്നെ വിവിധ ഭാഗങ്ങളിലും നിന്ന് നിരവധി പിഎഫ്ഐ നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തതും.

തൊടുപുഴ ന്യൂമാന്‍സ് കോളജിലെ മലയാളം പ്രൊഫസര്‍ ടി.ജെ ജോസഫിന്‍റെ കൈ വെട്ടി മാറ്റിയ കേസില്‍ പിഎഫ്ഐ പ്രതിക്കൂട്ടിലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഈ സംഘടനയെ നിരോധിച്ചപ്പോള്‍ കേരളത്തിന്‍റെ പൊതു സമൂഹത്തില്‍ ഒരു പ്രതിഷേധവും ഉയര്‍ന്നില്ല എന്നതു ശ്രദ്ധേയമാണ്. പ്രൊഫസര്‍ ജോസഫിന്‍റെ കൈ വെട്ടി നീക്കിയത് 2010 -ലായിരുന്നു.


കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിനെ സംസ്ഥാനത്തെ ഭരണ മുന്നണിയുമായി ബന്ധപ്പെടുത്തുന്ന കണ്ണിയാണ് മന്ത്രി മുഹമ്മദ് റിയാസ് എന്ന് കെ. സുരേന്ദ്രന്‍ പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ് ?


ഡിവൈഎഫ്ഐയുടെ ഏറ്റവും താഴത്തെ യൂണിറ്റിന്‍റെ സെക്രട്ടറിസ്ഥാനത്തു തുടങ്ങി, ജില്ലാ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും വിവിധ സ്ഥാനങ്ങള്‍ വഹിച്ച് സംഘടനയുടെ ദേശീയ പ്രസിഡന്‍റ് ആയ നേതാവാണ് പി.എ മുഹമ്മദ് റിയാസ്. വിദ്യാര്‍ത്ഥി-യുവജന സംഘടനകളിലും സിപിഎമ്മിലും നല്ല പരിചയം നേടിയ ശേഷമാണ് റിയാസ് എംഎല്‍എ ആയതും മന്ത്രിയായതും. തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്‍റെ ജോലി നിര്‍വഹിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്ന നേതാവ്.

ബിജെപി നേതാക്കള്‍ ഉയര്‍പ്പു ഞായറാഴ്ച ക്രിസ്ത്യന്‍ ബിഷപ്പുമാരെ സന്ദര്‍ശിച്ചതും കേരള രാഷ്ട്രീയത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന്‍റെ പിന്തുണ തേടാന്‍ ശ്രമം തുടങ്ങിയതും കേരളത്തില്‍ സംസാര വിഷയമായപ്പോള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെക്കുറിച്ചും ഗോള്‍വല്‍ക്കറുടെ വിചാരധാരയെക്കുറിച്ചും പ്രസ്താവന നടത്തിയതാണ് മുഹമ്മദ് റിയാസിനെതിരെ തിരിയാന്‍ സുരേന്ദ്രനെ പ്രേരിപ്പിച്ചത്.

മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകളും ക്രിസ്ത്യാനികളുമാണ് ഇന്ത്യയുടെ ശത്രുക്കള്‍ എന്നാണ് ഗോള്‍വല്‍ക്കര്‍ 'വിചാര ധാര'യില്‍ പറഞ്ഞിരിക്കുന്നതെന്ന് റിയാസ് ചൂണ്ടിക്കാട്ടി. ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്ന് ആര്‍എസ്എസ് സര്‍ സംഘ ചാലക് മോഹന്‍ ഭാഗവത് സംഘടനയുടെ മുഖപത്രമായ 'ഓര്‍ഗനൈസറി'ല്‍ എഴുതിയ കാര്യവും റിയാസ് എടുത്തുകാട്ടി. 2023 -ല്‍ത്തന്നെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

കേരള സമൂഹത്തില്‍ പൊതുവായി തികഞ്ഞ മതേതര ചിന്തയും ജനാധിപത്യ വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. അനേകമനേകം സാമൂഹ്യ പരിഷ്കാരങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച നാടുമാണിത്. അതുകൊണ്ടുതന്നെയാണല്ലോ, അതിതീവ്ര ഹിന്ദുത്വം പറഞ്ഞിട്ടും കേരളത്തിലെ ഹിന്ദുസമുദായത്തെപ്പോലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ബിജപിക്കു കഴിയാതെ പോയത്. അതുകൊണ്ടാണല്ലോ, ക്രിസ്ത്യന്‍ സമുദായത്തെ കൂടി കൂട്ടുപിടിച്ചാല്‍ മാത്രമേ അധികാര രാഷ്ട്രീയം കൈപ്പിടിയിലൊതുങ്ങുകയുള്ളുവെന്ന് ബിജെപി നേതാക്കള്‍ ചിന്തിച്ചു തുടങ്ങിയത് ?


മുഹമ്മദ് റിയാസ് എന്ന പേരുച്ചരിക്കാന്‍ അതൊരു മുസ്ലിം പേരാണെന്ന് ഓര്‍മിപ്പിക്കാന്‍, പല്ലുകടിച്ചുപിടിച്ച് ഉറച്ച ശബ്ദത്തില്‍ പറയാന്‍ കെ. സുരേന്ദ്രന്‍ പാടുപെടുമ്പോള്‍ അതു കേരളത്തിന്‍റെ രാഷ്ട്രീയ, സാമൂഹ്യ സംസ്കാരമാണോ എന്ന് സ്വയം പരിശോധിക്കുകയാണു വേണ്ടത്.


കേരളത്തില്‍ പരസ്പരം നോക്കി നില്‍ക്കുന്ന രണ്ടു മുന്നണികളിലായി ധാരാളം രാഷ്ട്രീയ കക്ഷികളുണ്ട്. കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നേതൃത്വത്തിലുള്ള ഈ രണ്ടു മുന്നണികളുടെയും ഇടയ്ക്ക് ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന ബിജെപിയുടെ നേതാക്കള്‍ ഈ നാടിന്‍റെ രാഷ്ട്രീയ സംസ്കാരവും പൈതൃകവുമാണ് ആദ്യം പഠിക്കേണ്ടത്.

Advertisment