Advertisment

കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയും അതിവേഗ ട്രെയിന്‍ കൊണ്ടുവന്ന് പുതിയൊരങ്കം കുറിക്കുകയാണു കേരളത്തില്‍; 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പു കണ്ടുകൊണ്ടാണ് തിടുക്കപ്പെട്ട് വന്ദേഭാരത് ട്രെയിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതെന്നത് ഇതിനു പിന്നിലെ രാഷ്ട്രീയം ! വന്ദേഭാരത് ട്രെയിനിന്‍റെ രാഷ്ട്രീയമാണ് ഇവിടെ പ്രസക്തം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

രാജ്യത്തെ ഏറ്റവും ആധുനികമായ ട്രെയിന്‍, വന്ദേഭാരത് , ഇതാ കേരളത്തിലെത്തിയിരിക്കുന്നു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വരുന്നുണ്ട്. വന്ദേഭാരത് ട്രെയിന്‍ ഈ മാസം 25 -ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഉല്‍ഘാടനം ചെയ്യും.

ബിജെപി സംഘടിപ്പിക്കുന്ന യുവം എന്ന യുവാക്കളുടെ സംഗമം കൊച്ചിയില്‍ ഉല്‍ഘാടനം ചെയ്ത ശേഷം തിരുവനന്തപുരത്തെത്തി പിറ്റേന്ന് വന്ദേഭാരതം ട്രെയിന്‍ ഉല്‍ഘാടനം ചെയ്യാനാണ് പ്രധാന മന്ത്രിയുടെ പരിപാടി.

വന്ദേഭാരത് ട്രെയിനിന്‍റെ രാഷ്ട്രീയമാണ് ഇവിടെ പ്രസക്തം. അതിവേഗ തീവണ്ടിപ്പാതയായ കെ-റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമം നടത്തിയതും അതിനെതിരെ കോണ്‍ഗ്രസ് അതിരൂക്ഷമായ സമരം അഴിച്ചുവിട്ടതും ഒരു രാഷ്ട്രീയ ഏറ്റുമുട്ടല്‍ തന്നെയായിരുന്നു.

കേരളത്തിന്‍റെ അതിവേഗ വികസനത്തിന് കാസര്‍കോട്ടു മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗ തീവണ്ടിപ്പാത അത്യാവശ്യം തന്നെയാണ് എന്നതായിരുന്നു സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദം. പ്രതിപക്ഷം വികസന വിരോധികളാണെന്ന ആക്ഷേപവും ഭരണപക്ഷം ഉന്നയിച്ചു.


ഇത്രയധികം പണം മുടക്കി കെ-റെയില്‍ പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന വാദമാണു കോണ്‍ഗ്രസ് ഉയര്‍ത്തിയത്. പദ്ധതിക്കു സ്ഥലം നഷ്ടമാകുന്നവര്‍ സംഘടിച്ചു സമരത്തിനിറങ്ങിയതോടെ കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തിനു പെട്ടെന്നുതന്നെ തീപിടിച്ചു.


സംസ്ഥാനത്തിന്‍റെ പലഭാഗത്തും സമരം തുടങ്ങി. സ്ഥലമെടുക്കാന്‍ അധികൃതര്‍ കുറ്റിനാട്ടിയതോടെ പ്രതിഷേധക്കാരുടെ എണ്ണം കൂടി. കോണ്‍ഗ്രസ് നേതാക്കള്‍ ഓരോത്തിടത്തും പ്രതിഷേധക്കാര്‍ക്കു പിന്തുണയുമായി എത്തി. സമരം കനത്തു. പലയിടത്തും ലാത്തിചാര്‍ജും അറസ്റ്റും നടന്നു. ഉദ്യോഗസ്ഥരെ തടഞ്ഞ സ്ത്രീകളുള്‍പ്പെടെയുള്ള സമരക്കാര്‍ക്കു നേരേ പോലീസ് ബലം പ്രയോഗിച്ചു.

അടുത്ത കാലത്ത് കോണ്‍ഗ്രസ് നടത്തി വിജയിച്ച വലിയൊരു സമരമായിരുന്നു കെ-റെയില്‍ സമരം. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച കെ-റെയില്‍ പദ്ധതിയെ റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചെന്നും ഇല്ലെന്നും കേട്ടു. അവസാനം പദ്ധതിക്കു കേന്ദ്രം അനുമതി നല്‍കില്ലെന്നു വ്യക്തമായതോടെ കെ-റെയില്‍ പദ്ധതിയുടെ ജീവന്‍ പോയതുപോലെയായി.

സമരത്തില്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്നപ്പോള്‍ ബിജെപി പൊതുവെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. കേരളമങ്ങോളമിങ്ങോളം സമര രംഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണമായും ആധിപത്യം പുലര്‍ത്തി.

ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയും അതിവേഗ ട്രെയിന്‍ കൊണ്ടുവന്ന് പുതിയൊരങ്കം കുറിക്കുകയാണു കേരളത്തില്‍. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയുള്ള ട്രെയിനാണ് വന്ദേഭാരത്. നിലവിലുള്ള റെയില്‍പ്പാതവഴി അങ്ങനെയൊരു മികച്ച ട്രെയിന്‍ ഓടാനുള്ളപ്പോള്‍ എന്തിനു കെ-റെയില്‍ എന്നതാണ് ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യം. ചോദ്യത്തില്‍ കാമ്പുണ്ടുതാനും.

ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ ഉത്സാഹം. പക്ഷെ, കേരളത്തിലെ റെയില്‍പ്പാതകളില്‍ ഒരിടത്തുപോലും വന്ദേഭാരത് ട്രെയിന് അതിനു നിശ്ചയിച്ചിട്ടുള്ള പരമാവധി വേഗതയില്‍ ഓടാന്‍ കഴിയില്ല. കേരളത്തിലെ റെയില്‍പ്പാതകളുടെ വളവുകള്‍ തന്നെയാണു കാരണം. ഇവിടുത്തെ തീവണ്ടിപ്പാതകളുടെ ശേഷി പരമാവധി ഉപയോഗിക്കുന്ന വിധത്തില്‍ ട്രെയിനുകള്‍ ഓടുന്നുണ്ടെന്നതും ഒരു കാരണം തന്നെ.


വളവുകള്‍ നിവര്‍ത്തി ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ വന്ദേഭാരത് പോലെയുള്ള ആധുനിക അതിവേഗ ട്രെയിനുകള്‍ക്ക് പരമാവധി വേഗത്തില്‍ പോകാനാകൂ. അതത്ര എളുപ്പമുള്ള കാര്യമല്ലതന്നെ. എങ്കിലും കെ-റെയിലിനു വേണ്ടിവരുന്ന പണം ചെലവാകില്ല എന്നൊരു മെച്ചമുണ്ട്. വന്ദേഭാരതിനുവേണ്ടി കേരളത്തിലെ റെയില്‍ പാളങ്ങള്‍ പുതുക്കിപ്പണിയാനുള്ള ജോലികള്‍ ഇനിയും തുടങ്ങിയിട്ടില്ല.


പ്രധാനമന്ത്രി 25 -ാം തീയതി വന്ദേഭാരത് ട്രെയിന്‍ ഉല്‍ഘാടനം ചെയ്താല്‍ പിന്നെ തിരുവനന്തപുരം - കണ്ണൂര്‍ റൂട്ടില്‍ അതു സ്ഥിരമായി ഓടി തുടങ്ങും. കേരളത്തിന് രണ്ടാമതൊരു ട്രെയിന്‍ കൂടി വരുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ട്. കേരളത്തിന്‍റെ യാത്രാദുരിതത്തിന് ഒരു പരിധിവരെ സഹായകമാകും ഇത് എന്ന കാര്യത്തില്‍ സംശയമില്ല.

2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പു കണ്ടുകൊണ്ടാണ് തിടുക്കപ്പെട്ട് വന്ദേഭാരത് ട്രെയിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതെന്നത് ഇതിനു പിന്നിലെ രാഷ്ട്രീയം. അപ്പോള്‍ കേരളം നീണ്ടകാലമായി ചോദിച്ചുകൊണ്ടിരുന്ന ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ കാര്യമോ ?

പാതയിരട്ടിപ്പിക്കല്‍, ശബരി റെയില്‍പ്പാത എന്നിങ്ങനെ വിവിധ വികസന പ്രവര്‍ത്തനങ്ങളോ ? കേരളത്തില്‍ നിന്നു വിദേശ രാജ്യങ്ങളിലേയ്ക്കുള്ള യാത്രയ്ക്ക് വിമാന കമ്പനികള്‍ വന്‍ തുകയാണ് മലയാളികളുടെ കൈയില്‍ നിന്ന് ഈടാക്കിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രധാനമന്ത്രിയെ അറിയിച്ചു.

ഫെഡറല്‍ സംവിധാനത്തില്‍ പല കാര്യങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ആശ്രയിക്കേണ്ടിവരിക സ്വാഭാവികം. റെയില്‍വേ പൂര്‍ണമായും കേന്ദ്ര നിയന്ത്രണത്തിലുമാണ്. അതിവേഗ ട്രെയിന്‍ കേരളത്തിന് അവകാശപ്പെട്ടതുമാണ്.

Advertisment