Advertisment

നിലയ്ക്കല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ ക്രിസ്ത്യാനികളെ അധിക്ഷേപിച്ച് കെ.പി. ശശികല നടത്തിയ പ്രസംഗം അടുത്തകാലത്തും വൈറലായിരുന്നു; കടുത്ത ന്യൂനപക്ഷവിരോധം തന്നെയാണ് ശശികല ടീച്ചറിന്‍റെ പ്രസംഗങ്ങള്‍ക്ക് അടിസ്ഥാനം ! ബിജെപി നേതാക്കള്‍ ഇപ്പോള്‍ അരമനകള്‍ സന്ദര്‍ശിച്ച് ക്രിസ്ത്യന്‍ ബിഷപ്പുമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; കെ.പി ശശികല ഇനി എന്തു പ്രസംഗിക്കും ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

1983 -ലെ നിലയ്ക്കല്‍ സംഘര്‍ഷത്തെക്കുറിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി ശശികലയുടെ പ്രസിദ്ധമായ ഒരു പ്രസംഗ വീഡിയോ അടുത്തകാലത്ത് വൈറലായി പരന്നിരുന്നു. അതില്‍ ചില ഭാഗങ്ങള്‍ ഇങ്ങനെ: "1950 -ല്‍ ശബരിമല ക്ഷേത്രം കത്തി. കത്തിയതല്ല, കത്തിച്ചതാണ്. ക്രിസ്ത്യന്‍ മതമൗലികവാദികളാണു ക്ഷേത്രം കത്തിച്ചത്. അന്ന് ഹിന്ദു മിണ്ടാതിരുന്നു. എന്നാല്‍ 1983 -ല്‍ ശബരിമല പൂങ്കാവനത്തില്‍ ചിലര്‍ കുരിശു നാട്ടിയപ്പോള്‍ ഹിന്ദു സംഘടിച്ചു. അന്ന് ശരണമയ്യപ്പാ എന്നു വിളിച്ച് സര്‍വമാന ഹിന്ദുവും രംഗത്തെത്തിയപ്പോള്‍ ആ കുരിശ് അവിടെനിന്ന് പിഴുത് നാഴികകള്‍ക്കപ്പുറത്ത് ആങ്ങമൂഴിയിലേയ്ക്കു വലിച്ചെറിയാന്‍ കഴിഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം ഹിന്ദു സമുദായത്തിനു നല്‍കിയ സംഘടിത ബലം കൊണ്ടാണ് അതു സംഭവിച്ചത്."

തിരുവല്ലയിലാണ് ശശികല ടീച്ചര്‍ തീ കത്തുന്ന ഈ പ്രസംഗം നടത്തിയത്. നക്കിക്കൊല്ലുന്ന മതം മാറ്റക്കാരായ ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ മതം മാറ്റുകയാണെന്നും ആരോപിച്ചു ടീച്ചര്‍. തിരുവല്ല, കുറിയന്നൂര്‍, ചെറുകോല്‍പ്പുഴ, റാന്നി തുടങ്ങി പത്തനംതിട്ട ജില്ലയിലെ പല പ്രദേശങ്ങളിലും ഹൈന്ദവ സമ്മേളനങ്ങളില്‍ കെ.പി ശശികലയുടെ പ്രസംഗം പതിവാണ്. ക്രിസ്ത്യാനികളെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസംഗം എപ്പോഴും തീപാറുന്നതുതന്നെ. കടുത്ത ന്യൂനപക്ഷവിരോധം തന്നെയാണ് ശശികല ടീച്ചറിന്‍റെ പ്രസംഗങ്ങള്‍ക്ക് അടിസ്ഥാനം.

ക്രിസ്ത്യാനികള്‍ക്കും ക്രിസ്ത്യന്‍ സംഭകള്‍ക്കുമെതിരെ തീതുപ്പുന്ന പ്രസംഗങ്ങള്‍.

നിലയ്ക്കല്‍ സംഭവം തികഞ്ഞ അഭിമാനത്തോടെയാണ് എപ്പോഴും ശശികല ടീച്ചര്‍ അവതരിപ്പിക്കുക. കേരളത്തില്‍ ആര്‍എസ്എസ് ശക്തി പ്രാപിച്ചതിനു ശേഷം നടന്ന ഒരു പ്രധാന സംഭവമായിട്ടാണ് ശശികല നിലയ്ക്കല്‍ സമരത്തെ ചിത്രീകരിക്കുന്നത്. അതായത് ക്രിസ്ത്യാനികള്‍ക്കെതിരെ ഹിന്ദുക്കള്‍ നേടിയ വലിയൊരു വിജയമായിട്ടുതന്നെ.


ശബരിമല പൂങ്കാവനത്തില്‍ സ്ഥാപിച്ച കുരിശ് ഹിന്ദുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ക്രിസ്ത്യാനികള്‍ക്ക് നാഴികകള്‍ക്കകലെയുള്ള ആങ്ങമൂഴിയിലേയ്ക്കു പിഴുതെറിയേണ്ടിവന്നുവെന്ന് ശശികലയുടെ ഭാഷ്യം.


ശശികലയുടെ പ്രസംഗത്തില്‍ കഴമ്പുണ്ടെന്നതാണു സത്യം. കേരളത്തില്‍ സംഘപരിവാര്‍ ശക്തികളുടെ മുന്നേറ്റത്തില്‍ നിലയ്ക്കല്‍ സമരം ഒരു വലിയ നാഴികക്കല്ലായിരുന്നു. 1983 -ല്‍ ഹിന്ദു മുന്നണി എന്ന സംഘടന നേതൃത്വം നല്‍കിയ ആ സമരം ഒരു വര്‍ഗീയ സമരം തന്നെയായിരുന്നു. ക്രിസ്ത്യന്‍ സമുദായത്തെയും പുരോഹിതന്മാരെയുമെല്ലാം അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസംഗങ്ങളുമായി ഹിന്ദു മുന്നണി നേതാക്കള്‍ മുന്നേറി. പിന്നീട് ബിജെപി നേതാവായി ഉയര്‍ന്ന കുമ്മനം രാജശേഖരനായിരുന്നു സമര നായകന്‍.

പത്തനംതിട്ട ജില്ലയിലും സമീപ പ്രദേശങ്ങളിലുമൊക്കെയും സംഘര്‍ഷം വളര്‍ന്നു. ക്രിസ്ത്യന്‍ സമുദായക്കാരുടെ വീട്ടുമതിലിന്മേല്‍ ഹിന്ദു മുന്നണിയുടെ മുദ്രാവാക്യങ്ങളും ഭീഷണികളും പ്രത്യക്ഷപ്പെട്ടു. റാന്നി, കോഴഞ്ചേരി, പത്തനംതിട്ട, വടശേരിക്കര എന്നിങ്ങനെ നിലയ്ക്കലിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലൊക്കെയും സംഘര്‍ഷം വ്യാപിച്ചു.  കുമ്മനം രാജശേഖരന്‍ അവിടെത്തന്നെ താമസിച്ച് ഹിന്ദുമുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

കെ.കരുണാകരനായിരുന്നു അന്നു മുഖ്യമന്ത്രി. സംഘര്‍ഷത്തിന് അയവു വരുത്താന്‍ മുഖ്യമന്ത്രി പല ശ്രമങ്ങളും നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പോലീസ് നിതാന്ത ജാഗ്രതയുമായി നിന്നു. അവസാനം ഇരു വിഭാഗങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് സംഘര്‍ഷത്തിന് അയവുവന്നു.

ക്രിസ്തു ശിഷ്യനായ സെന്‍റ് തോമസ് കേരളം സന്ദര്‍ശിച്ച എ.ഡി 54 -ല്‍ നിര്‍മ്മിച്ച ഏഴര പള്ളികളിലൊന്നാണ് നിലയ്ക്കല്‍ ഉണ്ടായിരുന്നത് എന്നതാണു വിശ്വാസം. നിലയ്ക്കലി‍ല്‍ മണ്ണു മൂടിക്കിടന്ന ഒരു കുരിശ് കണ്ടെത്തിയതോടെയാണ് ചില ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ ഇവിടെ പള്ളി പണിയാനൊരുങ്ങിയത്.


ഹിന്ദു മുന്നണിയുമായി നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പുണ്ടായതിനേതുടര്‍ന്ന് അവിടെ നിര്‍മിക്കാനാലോചിച്ച പള്ളി ആങ്ങമൂഴിയിലേയ്ക്കു മാറ്റാമെന്ന് ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ സമ്മതിക്കുകയായിരുന്നു. അങ്ങനെ ആങ്ങമൂഴിയില്‍ പള്ളി സ്ഥാപിച്ചു. വിവിധ സഭകള്‍ യോജിച്ചാണ് പള്ളി നിര്‍മിച്ചത്. എക്യുമെനിക്കല്‍ പള്ളി എന്നാണ് ഇതറിയപ്പെടുന്നത്.


ഹിന്ദു ഉണര്‍ന്നതുകൊണ്ടും ആര്‍എസ്എസ് ശക്തിപ്രാപിച്ചതുകൊണ്ടുമാണ് ക്രിസ്ത്യാനികള്‍ മുട്ടുമടക്കിയതെന്ന് ശശികല ടീച്ചര്‍ വീറോടെ പ്രസംഗിക്കുന്നു.

നിലയ്ക്കല്‍ സമരത്തിന്‍റെ ഫലം പിറ്റേ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാണുകയും ചെയ്തു. തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ മത്സരിച്ച ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥി കേരളവര്‍മ രാജാ മൂന്നാം സ്ഥാനത്തേക്കൊതുങ്ങിയെങ്കിലും അത് വളരെ തിളക്കമുള്ള മൂന്നാം സ്ഥാനമായിരുന്നു.

മുഖ്യമന്ത്രി കെ. കരുണാകരന്‍ നടത്തിയ നാടാര്‍ സമുദായ പരീക്ഷണത്തിന്‍റെ വിജയം കുറിച്ച തെരഞ്ഞെടുപ്പായിരുന്നു 1984 -ല്‍ തിരുവനന്തപുരം ലോക്സഭാ സീറ്റിലേയ്ക്കു നടന്ന തെര‍‍ഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ. ചാള്‍സ് ആണു വിജയിച്ചത് - 2,39,791 വോട്ട്. ഇടതുമുന്നണിയിലെ എ. നീലലോഹിതദാസന്‍ നാടാര്‍ 1,86,353 വോട്ടുമായി രണ്ടാം സ്ഥാനത്തും ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥി കേരളവര്‍മ രാജാ 1,10,449 വോട്ടുമായി മൂന്നാം സ്ഥാനത്തുമെത്തി. ചാള്‍സിന് 43 ശതമാനവും നീലലോഹിതദാസന്‍ നാടാര്‍ക്ക് 33.41 ശതമാനവും വോട്ടു കിട്ടിയപ്പോള്‍ കേരളവര്‍മ രാജാ നേടിയത് 19.80 ശതമാനം വോട്ട്.

തിരുവനന്തപുരത്ത് ഹിന്ദു മുന്നണി 19.80 ശതമാനം വോട്ടു നേടി മൂന്നാം സ്ഥാനത്തെത്തിയത് സിപിഎം നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാടിനെ അസ്വസ്ഥനാക്കി. ഹൈന്ദവ ശക്തികള്‍ കേരളത്തില്‍ പിടിമുറുക്കുകയാണോ എന്നദ്ദേഹം ശങ്കിച്ചു. അതിനു കാരണം ന്യൂനപക്ഷ വര്‍ഗീയതയാണെന്ന് ഇഎംഎസ് കണക്കുകൂട്ടി.

അന്ന് ഇടതുമുന്നണിയില്‍ അഖിലേന്ത്യാ മുസ്ലിം ലീഗ് കക്ഷിയായിരുന്നു. ശരിയത് വിവാദത്തിലും മറ്റും പിടിച്ച് ഇഎംഎസ് അഖിലേന്ത്യാ ലീഗിനെതിരെ സമ്മര്‍ദം മുറുക്കി. മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് എന്നിങ്ങനെയുള്ള കക്ഷികളെ കൂടെകൂട്ടി ഇടതുപക്ഷത്തിന്‍റെ അടിത്തറ വികസിപ്പിക്കുകയാണു വേണ്ടതെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ പ്രമുഖനായിരുന്ന എം.വി രാഘവന്‍ ആവശ്യപ്പെട്ടു.

എംവിആറിന്‍റെ ഈ ആവശ്യം 'ബദല്‍ രേഖ'യായി എറണാകുളത്തു ചേര്‍ന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുകയും വലിയ വിവാദമാകുകയും ചെയ്തത് ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ചരിത്രം. 1985 -ല്‍ എംവിആറിനെ സിപിഎം പുറത്താക്കുകയും ചെയ്തു.

ബിജെപി നേതാക്കള്‍ ഇതാ അരമനകള്‍ സന്ദര്‍ശിച്ച് ക്രിസ്ത്യന്‍ ബിഷപ്പുമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. കെ.പി ശശികല ഇനി എന്തു പ്രസംഗിക്കും ?

Advertisment