Advertisment

കേരളാ കോണ്‍ഗ്രസില്‍ നിന്ന് ജോണി നെല്ലൂരും വിക്ടര്‍ ടി തോമസും, കോണ്‍ഗ്രസില്‍ നിന്ന് ബാബു ജോര്‍ജ്; ക്രൈസ്തവ സമുദായക്കാരായ മൂന്നു പേര്‍ അടുത്തടുത്ത ദിവസങ്ങളില്‍ അവരുടെ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ചിരിക്കുന്നു; പുതിയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പി പക്ഷത്തേക്ക് നീങ്ങാനാണ് കണക്കുകൂട്ടലെന്ന് സംസാരം ! ഇവര്‍ക്ക്‌ കേരളത്തിലെ എത്ര ക്രിസ്ത്യാനികളെ ബിജെപി പക്ഷത്തേക്കാകര്‍ഷിക്കാനാകും ? ഗോവയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമല്ല കേരളം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

മുന്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ ജോണി നെല്ലൂര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചു. യുഡിഎഫ് സെക്രട്ടറി സ്ഥാനവും അതോടൊപ്പം ഒഴിഞ്ഞു. പുതിയൊരു പാര്‍ട്ടി ഉണ്ടാക്കാനുള്ള പുറപ്പാടിലാണ് ജോണി നെല്ലൂര്‍.

പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു രാജി വച്ചു. പാര്‍ട്ടി പുന:സംഘടനയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നേതൃത്വം ബാബു ജോര്‍ജിനെ സസ്പെന്‍റ് ചെയ്തിരിക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്ന വിക്ടര്‍ ടി തോമസ് കഴിഞ്ഞയാഴ്ച പാര്‍ട്ടി അംഗത്വവും നേതൃപദവിയും ഒഴിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി.


കേരളാ കോണ്‍ഗ്രസില്‍ നിന്ന് ജോണി നെല്ലൂര്‍, വിക്ടര്‍ ടി തോമസ് എന്നിവര്‍. കോണ്‍ഗ്രസില്‍ നിന്ന് ബാബു ജോര്‍ജ്. ക്രൈസ്തവ സമുദായക്കാരായ മൂന്നു പേര്‍ അടുത്തടുത്ത ദിവസങ്ങളില്‍ അവരുടെ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ചിരിക്കുന്നു. മൂന്നു പേരുടെയും ലക്ഷ്യം ബിജെപി തന്നെയാണെന്നാണു സൂചന.


ഉയര്‍പ്പു ദിവസം ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ ചില കത്തോലിക്കാ ബിഷപ്പുമാരെ സന്ദര്‍ശിക്കുകയും ക്രിസ്ത്യാനികളെ ഉള്‍ക്കൊള്ളാന്‍ ബിജെപി തയ്യാറാണെന്ന സൂചനകള്‍ നല്‍കുകയും ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മൂന്നു പ്രമുഖരുടെ രാജി എന്നതു ശ്രദ്ധേയമാണ്. മൂവരുടെയും രാജി കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമൊന്നുമുണ്ടാക്കിയില്ലെങ്കിലും അതു പല സൂചനകളും നല്‍കുന്നുണ്ടെന്നതാണ് പ്രധാനം.

തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു മുന്‍ ജില്ലാ പ്രസിഡന്‍റാണ് രാജിവെച്ച മൂവരില്‍ ഒരാള്‍. പത്തനംതിട്ട ജില്ലയിലെ ചുറുചുറുക്കുള്ള നേതാക്കളില്‍ ഒരാള്‍ - ബാബു ജോര്‍ജ്. എക്കാലത്തും കോണ്‍ഗ്രസിന്‍റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിലെ ആന്‍റണി പക്ഷത്തിന്‍റെ ഉറച്ച കോട്ടയായിരുന്നു പത്തനംതിട്ട ജില്ല. പക്ഷെ കുറെ കാലമായി ഇടത്തേയ്ക്ക് ചരിഞ്ഞുനില്‍ക്കുകയാണു ജില്ല. ജില്ലയില്‍ ആകെയുള്ള അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും ഇടതു പക്ഷത്താണ് ഇന്ന്.

കോണ്‍ഗ്രസിന്‍റെ ജില്ലയിലെ അപചയത്തിനു കാരണം മുതിര്‍ന്ന നേതാക്കള്‍ തന്നെ. അറുപതുകളുടെ അവസാനം ഉമ്മന്‍ ചാണ്ടി, വിഎം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎം ഹസന്‍ തുടങ്ങിയ നേതാക്കളോടൊപ്പം കെഎസ്‌യുവിലൂടെ കോണ്‍ഗ്രസിലെത്തിയ പീലിപ്പോസ് തോമസ് ഡിസിസി പ്രസിഡന്‍റായി ദീര്‍ഘകാലം കോണ്‍ഗ്രസിന്‍റെ കോട്ട കാത്തു. തുടര്‍ച്ചയായ അവഗണനയെ തുടര്‍ന്ന് പീലിപ്പോസ് തോമസ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തി.

സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവുമായ പീലിപ്പോസിന്‍റെ ഉത്സാഹത്തിലാണ് തുടക്കം മുതലേ കോണ്‍ഗ്രസ് നിയന്ത്രണത്തിലായിരുന്ന തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ ഭരണം കഴിഞ്ഞ വര്‍ഷം സിപിഎം നിയന്ത്രണത്തിലായത്. കോണ്‍ഗ്രസ് അനുഭാവികള്‍ ഭരിച്ചിരുന്ന ബാങ്കിന്‍റെ പ്രസിഡന്‍റ് ഇന്ന് സിപിഎം നേതാവും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജേക്കബ് ജോര്‍ജാണ്.


മുന്‍ ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജിനും പാര്‍ട്ടിയില്‍ അവഗണനയാണു കിട്ടിയത്. ഗ്രൂപ്പു വഴക്കും ഉള്‍പ്പോരുമെല്ലാം പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിനെ ശിഥിലമാക്കി. സംഘടന ദുര്‍ബലമായി. അതിന്‍റെ ഭാഗമായിത്തന്നെയാണ് ബാബു ജോര്‍ജും കോണ്‍ഗ്രസ് വിടുന്നത്.


കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ രണ്ടാമനായിരുന്ന ജോണി നെല്ലൂരിനും വളരാന്‍ വഴികിട്ടാതായതു തന്നെയാണു പ്രശ്നമായത്. ടിഎം ജേക്കബിന്‍റെ നിര്യാണത്തോടെ അദ്ദേഹത്തിന്‍റെ മകന്‍ അനൂപ് ജേക്കബിനു വേണ്ടി വഴിമാറി കൊടുക്കേണ്ടിവന്നു ജോണി നെല്ലൂരിന്. പിന്നെ പിജെ ജോസഫിനോടൊപ്പം കൂടി. അവിടെ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാനും യുഡിഎഫ് സെക്രട്ടറിയുമായി. പക്ഷേ അതിനപ്പുറമെന്തെങ്കിലും കിട്ടുമെന്ന് ഉറപ്പോ പ്രതീക്ഷയോ ഇല്ലാതെ നിരാശയിലായ ജോണി നെല്ലൂരും പുതിയ വഴി തേടുകയാണ്.

കേരളാ കോണ്‍ഗ്രസിന്‍റെ ചരിത്രം തന്നെ പിളര്‍പ്പിന്‍റെയും കൂടിച്ചേരലിന്‍റേതുമാണ്. പ്രഗത്ഭരായ നേതാക്കള്‍ പാര്‍ട്ടി പിളര്‍ന്ന് സ്വന്തം പേരില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി. 1964 -ല്‍ കേരള കോണ്‍ഗ്രസ് രൂപമെടുത്ത സമയത്ത് കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്ന കെഎം മാണി 1965 -ലെ തെരഞ്ഞെടുപ്പു കാലത്ത് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതും പാലായില്‍ മത്സരിച്ചു ജയിച്ചതും പിന്നീട് കേരള കോണ്‍ഗ്രസിന്‍റെ അനിഷേധ്യ നേതാവായതും ചരിത്രം.

പിന്നെ മാണിയെ വെല്ലുവിളിച്ച് ആര്‍ ബാലകൃഷ്ണപിള്ളയുടെ മുന്നേറ്റം. അതിനുശേഷം പിജെ ജോസഫ്. അതുകഴിഞ്ഞ് ടിഎം ജേക്കബ്. പിടി ചാക്കോയുടെ മകന്‍ പിസി തോമസും സ്വന്തം കേരളാ കോണ്‍ഗ്രസുണ്ടാക്കി. ഇനി ജോണി നെല്ലൂരിന്‍റെ ഊഴം. സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപി പക്ഷത്തേക്കു നീങ്ങാനാണ് ജോണിയുടെ കണക്കുകൂട്ടലെന്നു സംസാരം. കൂടെ വിക്ടര്‍ ടി തോമസും കണ്ടേക്കും.

പക്ഷേ ചോദ്യം ഇതല്ല. ജോണി നെല്ലൂരിന്‍റെയും ബാബു ജോര്‍ജിന്‍റെയും വിക്ടര്‍ ടി തോമസിന്‍റെയും മുഖങ്ങള്‍ക്ക് കേരളത്തിലെ എത്ര ക്രിസ്ത്യാനികളെ ബിജെപി പക്ഷത്തേക്കാകര്‍ഷിക്കാനാകും ? കുറെ ബിഷപ്പുമാരും കുറെ രാഷ്ട്രീയ നേതാക്കളും വിചാരിച്ചാല്‍ കേരളത്തിലെ ക്രിസ്ത്യാനികളെ മുഴുവന്‍ ബിജെപിക്കാരാക്കി മാറ്റാന്‍ കഴിയുമോ ?

ഗോവയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കണ്ടില്ലേ എന്നു ബിജെപി നേതാക്കള്‍ ചോദിക്കുന്നുണ്ട്. ഗോവയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമല്ല കേരളമെന്നതു തന്നെ മറുപടി. കേരളം കേരളമാണ്.

ജോണി നെല്ലൂരിനും ബാബു ജോര്‍ജിനും വിക്ടര്‍ ടി തോമസിനും ഇതു നന്നായറിയാം. ബിജെപി വല വിടര്‍ത്തി വീശുകയാണ്.

Advertisment