Advertisment

വര്‍ഗീയത പറഞ്ഞാല്‍ കേരളം വീഴില്ലെന്നു ബിജെപി നേതൃത്വം നേരത്തേ മനസിലാക്കിയതാണ്; രണ്ടു മുന്നണികള്‍ കൊടുമുടികളായി നില്‍ക്കുന്ന കേരളത്തില്‍ ഒരല്‍പ്പം ഇടം തേടി ബിജെപി നടത്തിയ പെടാപ്പാടുകള്‍ക്കൊന്നും ഇതുവരെ ഫലമൊന്നും കിട്ടിയിട്ടുമില്ല; നയം മാറ്റുകയാണ് ബിജെപി ! ക്രിസ്ത്യന്‍ സമുദായത്തെ കൂട്ടുപിടിക്കാനുള്ള ശ്രമം തന്നെയാണ് ഇതില്‍ പ്രധാനം; മോദിയും ബിഷപ്പുമാരും തമ്മിലുള്ള പുതിയ ബാന്ധവത്തെ കേരളം എങ്ങനെ കാണും ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിക്കഴിഞ്ഞു. വലിയ പ്രചാരണത്തോടെ, ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്ന വലിയ പ്രതീക്ഷകളുടെ പശ്ചാത്തലത്തില്‍. രാഷ്ട്രീയം പറയാനാണ് നരേന്ദ്ര മോദിയുടെ വരവ്. ലക്ഷ്യം കേരളം പിടിക്കുക എന്നതും. മെത്രാന്മാരോട് മോദി പറഞ്ഞതെന്ത് ?

കേരളത്തിലെ നേതാക്കള്‍ കിണഞ്ഞു പിടിച്ചിട്ടും ഇവിടുത്തെ ജനങ്ങള്‍ ഇതുവരെ ബിജെപിയുടെ വഴിയേ തിരിഞ്ഞിട്ടില്ല. ലോക്സഭയിലേയ്ക്ക് ഒരു പ്രതിനിധിയെപ്പോലും തെരഞ്ഞെടുക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടില്ല. ആകെകൂടി കേരള നിയമസഭയിലേയ്ക്ക് ഒ. രാജഗോപാല്‍ നേടിയ വിജയം മാത്രമുണ്ട് ഇതുവരെയുള്ള പാര്‍ലമെന്‍ററി ചരിത്രമായി കുറിച്ചു വെയ്ക്കാന്‍.


ഇനി 2024 ആണു മുന്നില്‍. കേരളം പിടിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു. ക്രിസ്ത്യന്‍ സമൂഹത്തെ കൂട്ടുപിടിക്കുക എന്ന തന്ത്രമാണ് പ്രധാനമന്ത്രി പയറ്റുന്നത്. കേന്ദ്രമന്ത്രിയും പാര്‍ട്ടിയുടെ കേരള പ്രഭാരിയുമായി പ്രകാശ് ജാവദേക്കര്‍ അതിനുള്ള പിന്നാമ്പുറ സാഹചര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.


തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ആദ്യം തന്നെ സമ്മതവുമായി മുമ്പിലെത്തിയത്. റബറിനു തറവില 300 രൂപയാക്കാമെങ്കില്‍ കേരളത്തില്‍ നിന്ന് ഒരു ലോക്സഭാംഗത്തെയെങ്കിലും തരാമെന്നു പറഞ്ഞ് മാര്‍ പാംപ്ലാനി കേരളത്തെയാകെ ഞെട്ടിച്ചുകളഞ്ഞു. തന്നെ സന്ദര്‍ശിക്കാനെത്തിയ ബിജെപി കണ്ണൂര്‍ ജില്ലാ നേതാക്കളുമായി അദ്ദേഹം രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടയ്ക്ക് സംസ്ഥാനത്തെ പ്രമുഖ ബിഷപ്പുമാര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നു. സിറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സഭാ മേലദ്ധ്യക്ഷന്മാരാണ് ഉത്സാഹത്തോടെ പ്രധാനമന്ത്രിയുടെ മുമ്പിലെത്തിയിരിക്കുന്നത്.

യുവാക്കളെ പങ്കെടുപ്പിച്ച് ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടി തന്നെയായിരുന്നു നരേന്ദ്രമോദിയുടെ ഏറ്റവും പ്രധാന ചടങ്ങ്. നാടിന്‍റെ നാനാഭാഗത്തുനിന്നും യുവാക്കള്‍ പ്രധാനമന്ത്രിയെ കേള്‍ക്കാന്‍ കൊച്ചിയിലെത്തി. കൊച്ചിയിലെ നാവികസേനാ വിമാനത്താവളം മുതല്‍ തേവര എസ്എച്ച് കോളജ് വരെ ആഘോഷമായ റോഡ്ഷോയും പ്രധാനമന്ത്രി നടത്തി.


കേരളത്തില്‍ പുതിയൊരു പ്രതിഛായാ നിര്‍മിതിക്കു തുടക്കം കുറിച്ചിരിക്കുകയാണ് മോദി. അതു തുടങ്ങിവെക്കുന്നതാകത്തെ 'യുവം' പരിപാടിയിലൂടെയും. എല്ലാറ്റിനും മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ കെ. ആന്‍റണിയെ നേരത്തെതന്നെ ബിജെപി സ്വന്തമാക്കുകയും ചെയ്തിരുന്നു.


സ്വാതന്ത്ര്യം കിട്ടിയതുമുതല്‍ കേന്ദ്ര ഭരണം കുത്തകയാക്കി വെച്ചിരുന്ന കോണ്‍ഗ്രസിനെ അട്ടിമറിച്ചാണ് 2014 -ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായത്. അതിലേയ്ക്കുള്ള വഴി തുറന്നത് രഥയാത്രയിലൂടെയും വര്‍ഗീയ പ്രസംഗങ്ങളിലൂടെയും കലാപങ്ങളിലൂടെയുമായിരുന്നു. 2019 -ല്‍ നരേന്ദ്രമോദി ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ കോണ്‍ഗ്രസ് പിന്നെയും പിന്നോക്കം പോയി. കേരളത്തില്‍ നിന്നു യുഡിഎഫ് നേടിയ 19 സീറ്റിന്‍റെ ബലമായിരുന്നു അപ്പോഴും കോണ്‍ഗ്രസിന്‍റെ ശക്തി. ആ കേരളത്തെയാണ് ഇന്നു മോദി ലക്ഷ്യം വെച്ചിരിക്കുന്നത്.

വര്‍ഗീയത പറഞ്ഞാല്‍ കേരളം വീഴില്ലെന്നു ബിജെപി നേതൃത്വം നേരത്തേ മനസിലാക്കിയതാണ്. രണ്ടു മുന്നണികള്‍ കൊടുമുടികളായി നില്‍ക്കുന്ന കേരളത്തില്‍ ഒരല്‍പ്പം ഇടം തേടി ബിജെപി നടത്തിയ പെടാപ്പാടുകള്‍ക്കൊന്നും ഇതുവരെ ഫലമൊന്നും കിട്ടിയിട്ടുമില്ല. പ്രതീക്ഷിച്ചതു പോലെ ഹിന്ദുക്കളുടെ പിന്തുണയും കിട്ടിയില്ല.

നയം മാറ്റുകയാണ് ബിജെപി. ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍ സമുദായത്തെ കൂട്ടുപിടിക്കാനുള്ള ശ്രമം തന്നെയാണ് ഇതില്‍ പ്രധാനം. വടക്കേ ഇന്ത്യയില്‍ ഹിന്ദു സംഘടനകള്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയും പുരോഹിതര്‍ക്കു നേരെയും കന്യാസ്ത്രീകള്‍ക്കു നേരെയും നടത്തിയ അക്രമങ്ങളുടെ ചോരപുരണ്ട കഥകളൊക്കെ മറക്കാന്‍ ശ്രമിക്കുകയാണ് ബിജെപി നേതാക്കള്‍.

കേരളത്തില്‍ ഒരു കലാപത്തിന്‍റെ വക്കോളമെത്തിയ നിലയ്ക്കല്‍ സമരത്തിന്‍റെ ചരിത്രവവം ബിജെപി കാര്‍പ്പറ്റിനടയിലേയ്ക്കു തള്ളി വെയ്ക്കുന്നു. ചില മെത്രാന്മാരും ഇതൊക്കെ സമ്മതിക്കാന്‍ തുടങ്ങിയിരിക്കുന്നു. റബര്‍ വില കൂട്ടണ്ടേ, രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയോടു സംസാരിക്കേണ്ടേ എന്നു തുടങ്ങിയ ചോദ്യങ്ങള്‍ ഇതേ മെത്രാന്‍മാര്‍ സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തുന്നു.

മെത്രാന്മാരോടെ എന്തു രാഷ്ട്രീയമാണ് പ്രധാനമന്ത്രി പറഞ്ഞത് ? എന്തു വാഗ്ദാനമാണ് നല്‍കിയത് ? ക്രിസ്ത്യാനികളോട് സംഘപരിവാര്‍ കഴിഞ്ഞകാലത്തു കാട്ടിയിട്ടുള്ള ഭീകരതകളൊക്കെ കൊച്ചി താജ് മലബാര്‍ ഹോട്ടലിലെ ഒരു കപ്പ് ചായയില്‍ അലിഞ്ഞുപോകാനുള്ളതേയുള്ളോ ? പ്രധാനമന്ത്രിയുടെ മധുരമുള്ള രാഷ്ട്രീയം കേട്ട് രോമാഞ്ചമണിഞ്ഞു മടങ്ങുകയായിരുന്നോ മെത്രാന്മാര്‍ ?

കേരളം കാത്തിരിക്കുന്നു. നരേന്ദ്ര മോദിയും ബിഷപ്പുമാരും തമ്മിലുള്ള പുതിയ ബാന്ധവത്തെ കേരളം എങ്ങനെ കാണും ?

Advertisment