Advertisment

നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം മലയാളികള്‍ക്കു മുന്നില്‍ തുറന്നു വെച്ചത് മോദി എന്ന നേതാവിനെ മാത്രം; താരപദവിയുടെ വര്‍ണപ്പകിട്ടില്‍ നിറഞ്ഞുനിന്ന മോദി ! അതൊരു തന്ത്രമാണ്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

മോദിയാണു താരം. മോദി മാത്രം. ക്യാമറകള്‍ക്കു മുന്നില്‍, ജനക്കൂട്ടത്തിനു നടുവില്‍, റോഡ് ഷോയില്‍, വേദികളില്‍ - എല്ലായിടത്തും മോദി മാത്രം. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം മലയാളികള്‍ക്കു മുന്നില്‍ തുറന്നു വെച്ചത് മോദി എന്ന നേതാവിനെ മാത്രം. താരപദവിയുടെ വര്‍ണപ്പകിട്ടില്‍ നിറഞ്ഞുനിന്ന മോദി.

അതൊരു തന്ത്രമാണ്. ഒരു രാഷ്ട്രീയ തന്ത്രം. കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്നും കനത്ത സുരക്ഷാ വലയത്തില്‍ പുറത്തേയ്ക്കു കടന്ന മോദിയുടെ വാഹനം ഇരുവശത്തും കാത്തുനിന്ന ജനാവലിക്കിടയിലേയ്ക്കു കടന്നപ്പോള്‍ത്തന്നെ അദ്ദേഹം പുറത്തേക്കിറങ്ങി. നടുറോഡിലൂടെയായി നടത്തമായി പിന്നെ. ഇരുവശത്തും കാത്തുനിന്ന ജനക്കൂട്ടം പുഷ്പവൃഷ്ടി നടത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. മഞ്ഞ പുഷ്പങ്ങള്‍ കൊണ്ട് റോഡ് നിറഞ്ഞു. നടുറോഡിലൂടെ ഇരുവശത്തുമുള്ള ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത് മെല്ലെ മെല്ലെ മോദി നടന്നു. അതെ. മോദി മാത്രം, ഒറ്റയ്ക്ക്.


ചിത്രത്തില്‍ മോദി മാത്രമേയുള്ളു. മറ്റാര്‍ക്കും അവിടെ സ്ഥാനമില്ല. നടു റോഡിലൂടെ ഒറ്റയ്ക്ക് കൈവീശി ജനങ്ങളെ അഭിവാദ്യം ചെയ്തു നടന്നു നീങ്ങുന്ന നരേന്ദ്ര മോദി ഒരു വലിയ സന്ദേശം നല്‍കുകയാണ്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും തലപ്പത്ത് താന്‍ മാത്രമേയുള്ളൂവെന്ന വലിയ സന്ദേശം.


സംസ്ഥാന നേതാക്കള്‍ പഠിച്ച തന്ത്രങ്ങളൊക്കെ പയറ്റി നോക്കിയിട്ടും കേരളം പിടിക്കാന്‍ കഴിയാത്തിടത്താണ് നരേന്ദ്ര മോദി ഒറ്റയ്ക്ക് പൊരുതാനിറങ്ങിയിരിക്കുന്നത്. അതിനു കളമൊരുക്കാന്‍ ആദ്യമെ പാര്‍ട്ടി പ്രഭാരിയായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറെ അയച്ചു. ക്രിസ്ത്യാനികളെ കൂട്ടാതെ കേരളത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയില്ലെന്നു കണ്ട ജാവദേക്കര്‍ ആ വഴിക്കു നീക്കം തുടങ്ങി. ചില ക്രിസ്ത്യന്‍ മത മേലദ്ധ്യന്മാര്‍ ബിജെപിയുമായി സംസാരിക്കാന്‍ തയ്യാറായി. അവസാനം നരേന്ദ്ര മോദി വന്നപ്പോള്‍ കൂടിക്കാഴ്ച. പ്രമുഖ ബിഷപ്പുമാരൊക്കെ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ കൊച്ചിയിലെ ടാജ് മലബാര്‍ ഹോട്ടലിലെത്തി; മാര്‍ത്തോമാ സഭാ നേതൃത്വം മാത്രം വിട്ടുനിന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കൊട്ടിഘോഷിച്ച മാതിരി ഈ കൂടിക്കാഴ്ച അത്രവലിയ സംഭവമൊന്നുമായില്ലെന്നതാണു സത്യം. ബിഷപ്പുമാരില്‍ ചിലര്‍ നേരത്തേ തയ്യാറാക്കിയിരുന്ന കുറിപ്പുകള്‍ പ്രധാനമന്ത്രിക്കു നല്‍കി. ബിഷപ്പുമാരും പ്രധാനമന്ത്രിയും തമ്മില്‍ വേണ്ടത്ര ചര്‍ച്ചയോ സംവാദമോ ഉണ്ടായതുമില്ല.

വികസന പ്രവര്‍ത്തനങ്ങളും വാഗ്ദാനങ്ങളും കൊണ്ടു പൊതിഞ്ഞ രാഷ്ട്രീയം തന്നെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യം. സംസ്ഥാന നേതാക്കളെയും കടന്ന് മോദി നേരിട്ടു കേരള രാഷ്ട്രീയത്തിന്‍റെ കളരിയിലിറങ്ങിയെന്നതു വ്യത്യാസം. അതും ശരിക്കുമൊരു മോദി സ്റ്റൈലില്‍.


എപ്പോഴും എല്ലായിടത്തും മോദി തന്നെ താരമാവുകയായിരുന്നു. രാഷ്ട്രീയമായി പറഞ്ഞാല്‍ അതൊരു തന്ത്രം തന്നെയാണ്. ഒരു മാര്‍ക്കറ്റിംങ്ങ് തന്ത്രം. മോദിയെ മാര്‍ക്കറ്റ് ചെയ്യുക എന്ന തന്ത്രം. റോഡരികില്‍ നിന്ന ജനക്കൂട്ടത്തിനു നടുവിലൂടെ അവരെ കൈവീശി അഭിവാദ്യം ചെയ്ത് മെല്ലെ ഒറ്റയ്ക്കു നടന്നു നീങ്ങുന്ന മോദി തന്നെയാണ് ബിജെപിയുടെ താരവും ചിഹ്നവും. അവിടെ മോദിക്കു മാത്രമേ സ്ഥാനമുള്ളു. ഗുജറാത്തിലും നാഗാലാന്‍റിലും യുപിയിലുമെല്ലാം പരീക്ഷിച്ച തന്ത്രം.


ആ തന്ത്രമാണ് ബിജെപി കേരളത്തിലും പയറ്റാന്‍ തുടങ്ങുന്നത്. മോദിയിലൂടെ കേരളം പിടിക്കുക എന്ന തന്ത്രം. പുതിയ അതിവേഗ ട്രെയിന്‍ 'വന്ദേഭാരതു'മായി മോദി തന്നെ തിരുവനന്തപുരത്തെത്തുന്നു. പുതിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു. തിരുവനന്തപുരം, വര്‍ക്കല, കോഴിക്കോട് എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ ആധുനീകരിക്കാനുള്ള പണികള്‍ ഉല്‍ഘാടനം ചെയ്യുന്നു. സംസ്ഥാനത്തെ റെയില്‍വേ സൗകര്യങ്ങളുടെ വികസനത്തിനു അനുവദിച്ചത് 3100 കോടി രൂപ.

കൊച്ചി വാട്ടര്‍ മെട്രോ, തിരുവനന്തപുരത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികളുടെ ഉല്‍ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ പുതിയൊരു ഫെഡറല്‍ സഹകരണമാണു വേണ്ടതെന്ന് പ്രധാനമന്ത്രി തന്നെ പറയുകയും ചെയ്തു. കേരളത്തിന്‍റെ വളര്‍ച്ചയെ തുറന്നു പ്രശംസിക്കാനും പുകഴ്ത്താനും ശ്രദ്ധിക്കുകയും ചെയ്തു പ്രധാന മന്ത്രി.

എല്ലാറ്റിനും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം തന്നെ. അതെ. കേരളം പിടിക്കുക എന്നതു തന്നെ ലക്ഷ്യം. അതിനു മോദി മാത്രം വിചാരിച്ചാല്‍ മതിയോ ? കുറെ ബിഷപ്പുമാരെ സ്വാധീനിച്ചു കൂടെ നിര്‍ത്തിയാല്‍ മുഴുവന്‍ ക്രിസ്ത്യാനികളുടെയും വോട്ട് ബിജെപിയുടെ പെട്ടിയില്‍ വീഴുമോ ?

ബിജെപിയുടെ ലക്ഷ്യം തിരിച്ചറിഞ്ഞാണ് ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും യുഡിഎഫ് സെക്രട്ടറി സ്ഥാനവും ഉപേക്ഷിച്ചു പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചത്. പാര്‍ട്ടി രൂപീകരിക്കാന്‍ തുടങ്ങിയപ്പോള്‍ പഴയ നേതാവു വി.വി അഗസ്റ്റിന്‍ വന്നു പ്രസിഡന്‍റുമായി. പാര്‍ട്ടി പ്രഖ്യാപനം ഒരു പത്രസമ്മേളനത്തില്‍ ഒതുക്കി. ബിജെപിയെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയായിരിക്കുമെന്നു ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടിയതുമില്ല.

മോദി ഒറ്റയ്ക്ക് പിടിച്ചാല്‍ വീഴാനും മാത്രം ദുര്‍ബലമല്ല ഒരു നൂറ്റാണ്ടിലേറെ പൈതൃകമുള്ള കേരളത്തിന്‍റെ രാഷ്ട്രീയവും അതിന്‍റെ പൈതൃകവും.

Advertisment